ഇടുക്കിയിൽ കെട്ടിടനിർമാണത്തിനു റവന്യു വകുപ്പിന്റെ നിയന്ത്രണം
ഇടുക്കിയിൽ കെട്ടിടനിർമാണത്തിനു റവന്യു വകുപ്പിന്റെ നിയന്ത്രണം
Saturday, October 1, 2016 12:48 PM IST
തൊടുപുഴ: കസ്തൂരിരംഗൻ, ഗാഡ്ഗിൽ റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിൽ ഭീതിയോടെ കഴിയുന്ന കർഷകജനതയ്ക്കു പ്രഹരമായി റവന്യൂ വകുപ്പ് രംഗത്ത്. ഹൈറേഞ്ചിൽ മൂന്നാർ മേഖലയിലെ ഏഴ് വില്ലേജുകളിൽ കെട്ടിട നിർമാണ നിയന്ത്രണം ഏർപ്പെടുത്തി.

ഇനിമുതൽ ഈ മേഖലയിൽ പഞ്ചായത്തുകൾ ബിൽഡിംഗ് പെർമിറ്റ് നൽകേണ്ടെന്നു ജില്ലാ കളക്ടർ ഉത്തരവിറക്കി. പഞ്ചായത്തിനു ബിൽഡിംഗ് പെർമിറ്റ് നൽകി വന്നിരുന്ന സ്‌ഥാനത്തു ഇനി മുതൽ വീടിനു സബ് കളക്ടറുടെ അനുവാദവും വലിയ കെട്ടിടങ്ങൾക്കു ജില്ലാ കളക്ടറുടെ അനുമതിയും ആവശ്യമാണ്. കെഡിഎച്ച് വില്ലേജ്, ആനവിരട്ടി, ആനവിലാസം, ബൈസൻവാലി, ചിന്നക്കനാൽ, വെള്ളത്തൂവൽ, ശാന്തൻപാറ വില്ലേജുകളിലാണ് നിയന്ത്രണം.

ഈ നിയമം കർശനമായി നടപ്പാക്കാൻ തിരുമാനിച്ചതായി റവന്യൂ ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. നിലവിൽ 102 അപേക്ഷകൾ ഇവിടെ കെട്ടിക്കിടപ്പുണ്ട്.

2010 ലെ ഹൈക്കോടതി വിധിയുടെ മറവിലാണ് ഇത്തരമൊരു നീക്കം. മൂന്നാറിലും പരിസരപ്രദേശങ്ങളിലും കെട്ടിടനിർമാണത്തിനു റവന്യൂവകുപ്പിന്റെ കൂടി അനുവാദം വേണമെന്ന വിധിയാണു പത്തു പഞ്ചായത്തുകളിലേക്കു നിയമം വ്യാപിപ്പിക്കാൻ റവന്യൂവകുപ്പിനെ പ്രേരിപ്പിക്കുന്നത്. കെഡിഎച്ച് വില്ലേജ് കൂടാതെ പള്ളിവാസൽ, വെള്ളത്തൂവൽ, ചിന്നക്കനാൽ, ബൈസൻവാലി, മറയൂർ, കാന്തല്ലൂർ, വട്ടവട, ശാന്തൻപാറ, ദേവികുളം, മാങ്കുളം എന്നീ പഞ്ചായത്തുകളിലും ഈ നിയമം ബാധകമാണ്.

പട്ടയമില്ലെങ്കിൽ ഒരു വീടിനും അനുവാദം ലഭിക്കില്ല. ഷെഡ് വയ്ക്കണമെങ്കിൽ പോലും പട്ടയം ഉണ്ടായിരിക്കണമെന്നാണു നിയമം. മൂന്നാർ മുതൽ മാങ്കുളം വരെയുള്ള 11 പഞ്ചായത്തുകളിൽ ഭൂരിപക്ഷം പ്രദേശവും പട്ടയമില്ലാത്തതാണ്. സാധാരണ കർഷകർക്കു വീടു വയ്ക്കണമെങ്കിൽ റവന്യൂവകുപ്പിന്റെ അനുവാദം ലഭിക്കാൻ സാധ്യത തീരെയില്ലാതായി. കോടതി വിധിയുടെ മറവിലാണ് മലയോര മേഖലയിൽ റവന്യൂവകുപ്പും വനംവകുപ്പും കർഷകരെ വേട്ടയാടുന്നത്.


ഇടുക്കി ജില്ലയിലെ കർഷകർക്കു പട്ടയം ലഭിച്ച ഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിനു തടസങ്ങളുണ്ട്. ഇതു സംബന്ധിച്ച് നിയമസഭയിൽ വനംമന്ത്രി മറുപടി നൽകിയിട്ടുണ്ട്. 1986 ലെ വൃക്ഷ സംരക്ഷണ നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരമാണ് മരം മുറിക്കരുതെന്ന വിജ്‌ഞാപനം ഇറക്കിയിരിക്കുന്നത്. ഇവിടങ്ങളിൽ ജീവനും സ്വത്തിനും ഭീഷണിയായിട്ടുള്ളതോ വീണു കിടക്കുന്നതോ കേടു വന്നതോ ഉണങ്ങിയതോ ആണെന്ന കാരണത്താലല്ലാതെ മരങ്ങൾ മുറിക്കാൻ പാടില്ല. ഇത്തരത്തിൽ മരം മുറിക്കാൻ വനംവകുപ്പ് ഉദ്യോഗസ്‌ഥന്റെ അനുമതി ആവശ്യമാണ്.

ഇതു കൂടാതെ 2005 ലെ കേരള വനേതര പ്രദേശങ്ങളിലെ വൃക്ഷം വളർത്തൽ പ്രോത്സാഹന നിയമത്തിലെ സെക്ഷൻ 6(3) പ്രകാരം ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിലെ കണ്ണൻദേവൻ ഹിൽസ്, കാന്തല്ലൂർ, മാങ്കുളം, മന്നാങ്കണ്ടം, മറയൂർ, പള്ളിവാസൽ എന്നീ വില്ലേജുകളും തൊടുപുഴ താലൂക്കിലെ അറക്കുളം, ഇടുക്കി വില്ലേജുകളും വിജ്‌ഞാപനം ചെയ്തിട്ടുണ്ട്. ഇതിനിടയിൽ മലയോര കർഷകരുടെ മേൽ ഭീതിയായി വനംവകുപ്പിന്റെ കുടിയിറക്ക് നടപടികളും നിലനിൽക്കുകയാണ്. ഹൈറേഞ്ച് സംരക്ഷണസമിതിയും മറ്റു കർഷക സംഘടനകളും രാഷ്ട്രീയപാർട്ടികളും കർഷകർക്ക് അനുകൂലമായി രംഗത്ത് വന്നതോടെ ഇടുക്കി ജില്ലയിൽ നോട്ടീസ് വിതരണം നിർത്തി വച്ചിരിക്കുകയാണ്. എങ്കിലേ നിയമസഭാസമ്മേളനത്തിനുശേഷം നോട്ടീസ് വിതരണം ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്കു കടക്കൂ എന്നാണു സൂചന.കേരളത്തിലാകെ 7900 ഹെക്ടർ ഭൂമിയാണു വനംവകുപ്പ് നോട്ടീസ് നൽകി പിടിച്ചെടുക്കാൻ ഒരുങ്ങുന്നത്. ഇതിൽ ഭൂരിപക്ഷവും ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലാണ്. ഇടുക്കി ജില്ലയിൽ മാത്രം 1450 ഹെക്ടർ ഇങ്ങനെ പിടിച്ചെടുക്കാൻ നീക്കം.

ജോൺസൺ വേങ്ങത്തടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.