ലഹരിക്കായി വേദനസംഹാരികൾ
ലഹരിക്കായി വേദനസംഹാരികൾ
Saturday, October 1, 2016 12:33 PM IST
ലഹരി തകർത്ത പ്രതീക്ഷകൾ / ജോൺസൺ വേങ്ങത്തടം–2

രണ്ടാഴ്ച മുമ്പു തൊടുപുഴയിലെ ഒരു മെഡിക്കൽ സ്റ്റോറിൽ രണ്ട് അന്യസംസ്‌ഥാന തൊഴിലാളികളെത്തി ല്യൂപ്പിഡെസിക് മരുന്ന് ആവശ്യപ്പെട്ടു. കാൻസർ രോഗികൾക്കു വേദനസംഹാരിയായി നൽകുന്നതാണത്. മെഡിക്കൽ സ്റ്റോർ ഉടമയ്ക്കു സംശയമായി. അതുകൊണ്ട് കൊടുത്തില്ല. അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ള ചോദ്യത്തിനു മുമ്പിൽ അവർക്കു പിടിച്ചുനിൽക്കാനായില്ല. ലഹരിക്കായി കുത്തിവയ്ക്കാനാണെന്നു പറയേണ്ടി വന്നു.

ഇതുപോലെ ചുമയിൽ നിന്ന് ആശ്വാസം കൊടുക്കുന്ന കോറക്സ് സിറപ്പ് പതിവായി കഴിക്കുന്നവരുണ്ട്. ഇത് അമിതമായി ഉപയോഗിച്ചാൽ തലച്ചോറിനു പോലും കേടു സംഭവിക്കുമെന്ന കാര്യം പലർക്കും അറിയില്ല. ഈ മരുന്ന് അമേരിക്കയിൽനിരോധിച്ചതാണ്. വേദനസംഹാരികൾ മിക്കതും ചെറിയൊരു ശതമാനം ആളുകളിലെങ്കിലും ഹൃദയാഘാതമോ ഹൃദയത്തകരാറുമൂലമുള്ള മരണമോ ഉണ്ടാക്കാൻ പോന്നതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഛർദി ഒഴിവാക്കാൻ ‘സെനർഗൻ’ മരുന്നും മയക്കുമരുന്നായി ഉപയോഗിക്കുന്നുണ്ട്. കാൻസർ രോഗികൾക്ക് മാത്രമായി ഡോക്ടർമാർ കുറിച്ചുനൽകുന്ന ഗുളികയാണ് മോർഫിൻ. ഇവയുടെ ദുരുപയോഗം ഇപ്പോൾ കൂടുതലാണ്. മനോരോഗങ്ങൾക്കുള്ള ചില മരുന്നുകളും (നൈട്രാസിപാം, അൽപ്രാസോളം പോലുള്ളവ) ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഇവയുടെ അമിത ഉപയോഗം ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയും ഹൃദയ സ്തംഭനത്തിനിടയാക്കുകയും ചെയ്യുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു. ഇത്തരം മരുന്നുകൾ ഏറെയാണ്. കോറക്സ് സിറപ്പ്, വേദന സംഹാരികളായ നൈട്രിസിപാം, കാംപോസ്, ലിത്തിയം, നൈട്രിസ്ക്ടാൻ, ബ്രൂഫെനോർഫിൻ, ഡയസിപ്പാം, ടൈഡിജിസിക്, നൈട്രോവെറ്റ്, നൈട്രോസാൻ മരുന്നുകളാണ് ലഹരിയുടെ പേരിൽ വിറ്റഴിക്കപ്പെടുന്നത്.

കെമിക്കൽ അഡിക്ഷൻ

രൂക്ഷഗന്ധത്തോടുള്ള അടങ്ങാത്ത ആഗ്രഹത്തെ കെമിക്കൽ അഡിക്ഷൻ എന്നു പറയുന്നു. ശ്വസിക്കുന്ന രൂക്ഷഗന്ധം വളരെ വേഗം തലച്ചോറിലെത്തിച്ചേരുകയും തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായാണ് ‘കിക്ക്’ ഉണ്ടാകുന്നത്. കെമിക്കൽ അഡിക്ഷൻ ശരീരത്തിൽ മാരകമായ പാർശ്വഫലമുണ്ടാക്കുന്നതാണെന്ന് അറിയാതെയാണ് വിദ്യാർഥികൾ സ്‌ഥിരമായി ഇത് ഉപയോഗിക്കുന്നത്. വൃക്ക, കരൾ എന്നീ അവയവങ്ങളെ നേരിട്ട് ഈ ലഹരി ഗുളികകൾ ബാധിക്കും. എല്ല് പൊടിയാനും ഇടയാക്കും. അതിശക്‌തമായ രാസഘടകമാണ് വൈറ്റ് മാർക്കർ പോലുള്ള വസ്തുക്കളിൽ അടങ്ങിയിരിക്കുന്നത്. വളരെ കുറഞ്ഞ അളവിൽ പോലും ഈ രാസഘടകം തലച്ചോറിലെത്തിയാൽ കടുത്ത ക്ഷീണവും ഉന്മേഷക്കുറവും അനുഭവപ്പെടും. കടുത്ത മാനസിക പ്രശ്നങ്ങളിലേക്ക് ഈ ലഹരി ഉപയോഗം കുട്ടികളെ എത്തിക്കുന്നു. കറക്ഷൻ ഫ്ളൂയിഡ് അമിതമായി ശ്വസിക്കുന്നതുമൂലം ഹൃദയമിടിപ്പ് വർധിക്കാനോ ഹൃദയസ്പന്ദനം താളം തെറ്റാനോ സാധ്യതയുണ്ട്. ഇതു ചിലപ്പോൾ മരണകാരണവുമായേക്കാം. മെഡിക്കൽ പ്രിസ്ക്രിപ്ഷൻ നൽകി മാത്രം നൽകേണ്ട മരുന്നുകൾ യാതൊരു നിബന്ധനയും പാലിക്കാതെ ചില മെഡിക്കൽ സ്റ്റോറുകളും വിൽക്കാൻ തയാറാകുമ്പോൾ സംഭവിക്കുന്നതു മറ്റൊരു ദുരന്തമാണ്. രോഗികളെ വേദനയറിയാതെ മയക്കിക്കിടത്താൻ ഉപയോഗിക്കുന്ന പല മരുന്നുകളും ലഹരിക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നു. അന്യസംസ്‌ഥാനതൊഴിലാളികളിൽ ഭൂരിപക്ഷവും മെഡിക്കൽ സ്റ്റോറുകളിൽ നിന്നും രോഗികളുടെപേരു പറഞ്ഞു മരുന്നു വാങ്ങുന്നുണ്ട്.


ജോജോ ആൻഡ് സെറ്റ് മുതൽ പോച്ചെ വരെ

മയക്കുമരുന്ന് പല പേരിലും കോഡിലുമാണ് അറിയപ്പെടുന്നത്. ജോജോ ആൻഡ് സെറ്റ്’, ‘ജോയിന്റ്’, ‘മരിജു’, ‘ഇല’, ‘സ്റ്റഫ്’, ‘സാധനം’ കണ്ണട, ചൂൽ, മരുന്ന്, പൊടി, ആംപ്, പോച്ചെ എന്നൊക്കെയുള്ള കോഡുഭാഷകൾ കുട്ടികളുടെ ഇടയിൽ സാധാരണയാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. സമപ്രായക്കാരുടെ പ്രേരണ, ബോറടി മാറ്റാൻ, വിഷാദം മാറ്റാൻ, വീട്ടിലെ പ്രശ്നങ്ങൾ മറക്കാൻ, ക്ഷീണം മാറ്റാൻ, അധികമായി ലഭിക്കുന്ന പോക്കറ്റ് മണി ധൂർത്തടിക്കുന്നവർ... എന്നിങ്ങനെ ലഹരിവസ്തുക്കളിലേക്ക് ശ്രദ്ധ മാറാൻ കാരണങ്ങൾ നിരവധിയാണ്. തുടക്കത്തിലേ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ വലിയ ബുദ്ധിമുട്ടില്ലാതെ ഈ ആപത്കരമായ ദുശീലത്തിൽ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കാൻ സാധിക്കും.

ആൺകുട്ടികൾ മാത്രമല്ല, നമ്മുടെ പെൺകുട്ടികളും ഒട്ടും സുരക്ഷിതരല്ല. ഒരു എൻജിനിയറിംഗ് കോളജിലെ വിദ്യാർഥിനിയായിരുന്നു റാണി. കോളജിലും ഹോസ്റ്റലിലും കലാ സാംസ്കാരിക വേദിയിലുമൊക്കെ അവൾ ‘റാണി’ തന്നെയായിരുന്നു. മാതാപിതാക്കൾ കുവൈറ്റിൽ ഉയർന്ന ഉദ്യോഗസ്‌ഥർ. ഇഷ്‌ടംപോലെ പണം. കൂട്ടുകാരോടൊത്തുള്ള ഉല്ലാസ വേളകൾ. കൗമാരത്തിന്റെ കൗതുകത്തിൽ നിയന്ത്രണങ്ങളില്ലാതെ വളർന്ന റാണി മയക്കുമരുന്നിന്റെ താഴ്വരയിൽ ചെന്നുപെട്ടത് യാദൃച്ഛികമായിട്ടായിരുന്നു. ക്രമേണ അത് ജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒരു ശീലമായി മാറി. മയക്കുമരുന്നിനടിമപ്പെട്ട് സ്വബോധം നഷ്‌ടപ്പെട്ട തരത്തിൽ പെരുമാറാൻ തുടങ്ങിയതോടെ അധികൃതർ അവളെ ഹോസ്റ്റലിൽനിന്നു പുറത്താക്കി. സ്‌ഥിതിഗതികളറിഞ്ഞ് സ്വന്തക്കാരും ബന്ധുക്കളും അവളെ കയ്യൊഴിഞ്ഞു .

ഗേൾസ് ഹോസ്റ്റലുകളിൽ ഫോൺ വഴി ഓർഡർ എടുത്തു ലഹരി എത്തിക്കുന്ന സംഘങ്ങളുണ്ട്. 2030 രൂപ കൂടുതൽ കൊടുത്താൽ സാധനം ഹോസ്റ്റലിനുള്ളിൽ കിട്ടുമെന്നാണ് കൗൺസിലിംഗിനെത്തിയ ചില പെൺകുട്ടികൾ ഡോക്ടറോട് പറഞ്ഞത്. സോഷ്യൽ മീഡിയകളും ഇതിനു കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള ഗ്രൂപ്പിൽ പെട്ടാൽ അവർ ചെയ്യുന്നതെല്ലാം ഹീറോയിസമാണെന്നും ചെയ്യാതിരുന്നാൽ മോശക്കാരാകുമെന്നും തെറ്റിദ്ധരിക്കപ്പെടുമത്രേ.

(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.