തീവ്രവാദ–മാവോയിസ്റ്റ് ഭീഷണി: സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിന്റെ പ്രവർത്തനം നിലച്ചു
Saturday, October 1, 2016 12:33 PM IST
കണ്ണൂർ: തീവ്രവാദ–മാവോയിസ്റ്റ് ഭീഷണിക്കെതിരേ സംസ്‌ഥാനത്ത് ആഭ്യന്തര വിഭാഗം രൂപീകരിച്ച ഇന്റേണൽ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിന്റെ പ്രവർത്തനം നിലച്ചു. ഇതോടെ സംസ്‌ഥാനത്തെ മാവോയിസ്റ്റ് ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണവും നിലച്ചു.

2010ൽ വി.എസ് അച്യുതാനന്ദന്റെ ഭരണകാലയളവിലായിരുന്നു ഇന്റേണൽ സെക്യൂരിറ്റി ഇൻവസ്റ്റിഗേഷൻ ബ്രാഞ്ച് രൂപീകരിച്ചത്. എസ്പിയുടെ മേൽ നോട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റേഞ്ചുകളായിട്ടായിരുന്നു പ്രവർത്തനം. ഓരോ റേഞ്ചിലും ഡിവൈഎസ്പിമാർക്കായിരുന്നു ചുമതല. എന്നാൽ, ഡിവൈഎസ്പിമാരെ സ്‌ഥലം മാറ്റുകയും പുതിയവരെ നിയമിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇവയുടെ പ്രവർത്തനം പൂർണമായും നിലയ്ക്കുകയായിരുന്നു.

മാവോയിസ്റ്റ് ആക്രമണങ്ങളുമായി ബന്ധപ്പെട്ടു കണ്ണൂർ, വയനാട് ജില്ലകളിൽ രജിസ്റ്റർ ചെയ്ത 22 കേസുകളുടെ അന്വേഷണമാണ് ഇതോടെ നിലച്ചിരിക്കുന്നത്. വയനാട്ടിൽ 13 കേസുകളും കണ്ണൂരിൽ ഒമ്പതു കേസുകളുമാണുള്ളത്. കണ്ണൂർ ജില്ലയിലെ മൂന്നു കേസുകളുടെ കുറ്റപത്രം സമർപ്പിച്ചിട്ടു മാസങ്ങൾ കഴിഞ്ഞെങ്കിലും തുടർനടപടികളുണ്ടായില്ല. നെടുപൊയിൽ ക്രഷർ ആക്രമണം, കൊളപ്പ, ചെക്യേരി കോളനികളിലെ സായുധസംഘത്തിന്റെ സന്ദർശനം തുടങ്ങിയ മൂന്നു കേസുകളിൽ അന്ന് ഇരിട്ടി ഡിവൈഎസ്പിയായിരുന്നു പി.സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസന്വേഷിച്ച് 180 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. എന്നാൽ, തുടർ നടപടി ഇതുവരെയും ഉണ്ടായില്ല.


ഇന്റേണൽ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിന്റെ പ്രവർത്തനം നിലച്ചതോടെ മാവോയിസ്റ്റ് ഓപ്പറേഷന് ഏകോപനമില്ലാതായി. കണ്ണൂർ, കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ വനാതിർത്തിയോട് ചേർന്നുള്ള 44 പോലീസ് സ്റ്റേഷനുകളിലാണു മാവോയിസ്റ്റ് ഭീഷണി നേരിടുന്നത്. 2013 ഓഗസ്റ്റിൽ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദേശപ്രകാരം കണ്ണൂർ റേഞ്ച് ഐജി സുരേഷ് രാജ് പുരോഹിതിന്റെ നേതൃത്വത്തിൽ എസ്പിമാരായ മഞ്ചുനാഥ്, ഡോ. ശ്രീനിവാസ്, പുട്ടവിമലാദിത്യ എന്നിവരടങ്ങുന്ന ടീമിനെ മാവോയിസ്റ്റ് വേട്ടയ്ക്കായി നിയോഗിച്ചിരുന്നു.

മാവോയിസ്റ്റ് ഭീഷണിയുള്ള വടക്കൻ കേരളത്തിലെ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ എസ്ഐ മുതൽ മേലോട്ടുള്ള പോലീസ് ഉദ്യോഗസ്‌ഥരെ ഉൾപ്പെടുത്തി മാവോയിസ്റ്റ് ഓപ്പറേഷൻ ഏകോപിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. സംസ്‌ഥാന ആഭ്യന്തരവകുപ്പ് ഇവർക്കു ആന്ധ്രപ്രദേശിൽ വിദഗ്ധ പരിശീലനവും നൽകി. എന്നാൽ, രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായപ്പോൾ പോലീസിൽ നടന്ന ആദ്യ അഴിച്ചു പണിയിൽ മാവോയിസ്റ്റ് വേട്ടയ്ക്ക് നിയോഗിച്ച പോലീസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി.

ഇപ്പോൾ എൽഡിഎഫ് സർക്കാരും മാവോയിസ്റ്റ് ഓപ്പറേഷനായി ഇതുവരെയും പ്രത്യേക സേനയെ സജ്‌ജമാക്കിയിട്ടില്ല. കൂടാതെ മാവോയിസ്റ്റ് ഭീഷണിയുള്ള പോലീസ് സ്റ്റേഷനുകളുടെ നവീകരണം, പ്രത്യേക സുരക്ഷ ഏർപ്പെടുത്തൽ തുടങ്ങിയവയും അവതാള ത്തിലാണ്.

റെനീഷ് മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.