കേന്ദ്രം വീണ്ടും മണ്ണെണ്ണവിഹിതം വെട്ടിക്കുറച്ചു
കേന്ദ്രം വീണ്ടും മണ്ണെണ്ണവിഹിതം വെട്ടിക്കുറച്ചു
Saturday, October 1, 2016 12:33 PM IST
ചങ്ങനാശേരി: സംസ്‌ഥാനത്തിനുള്ള റേഷൻ മണ്ണെണ്ണ വിഹിതം കേന്ദ്രസർക്കാർ വീണ്ടും വെട്ടിക്കുറച്ചു. കഴിഞ്ഞ ജൂലൈ മുതൽ സെപ്റ്റംബർ വരെ മൂന്നു മാസത്തേക്ക് 26,568 കിലോലിറ്റർ മണ്ണെണ്ണയാണ് കേരളത്തിനു ലഭിച്ചിരുന്നത്. ഇനി ഒക്ടോബർ മുതൽ ഡിസംബർ വരെ മൂന്നു മാസത്തേക്ക് 16,080 കിലോലിറ്റർ മാത്രമേ ലഭിക്കുകയുള്ളു. 9,660 കിലോലിറ്റർ മണ്ണെണ്ണയാണു വെട്ടിക്കുറച്ചത്. പ്രതിമാസ വിഹിതം 5,360 കിലോ ലിറ്റർ മാത്രമായി വെട്ടിക്കുറച്ചതോടെ കാർഡുടമകൾക്ക് 350 മില്ലിലിറ്റർ മാത്രമേ ലഭിക്കുകയുള്ളു.

വിളക്കു തെളിയിക്കുന്നതിനും പാചക ആവശ്യത്തിനും റേഷൻകടകളിലൂടെ മാത്രം വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ നൽകുന്ന മണ്ണെണ്ണ വക മാറ്റി മത്സ്യബന്ധന ബോട്ടുകൾക്കു മറിച്ചു വിറ്റതാണ് സംസ്‌ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രസർക്കാർ വെട്ടിക്കുറയ്ക്കാൻ കാരണമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ ആരോപിച്ചു.

2012–13 വർഷത്തിൽ 30,300 കിലോ ലിറ്റർ മണ്ണെണ്ണ സംസ്‌ഥാന സർക്കാർ മത്സ്യബന്ധന ബോട്ടുകൾക്കു വക മാറ്റി മറിച്ചു വിറ്റതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം കണ്ടെത്തിയതിനെത്തുടർന്നു മറിച്ചു നൽകിയതിന്റെ 25 ശതമാനമായ 7,584 കിലോലിറ്റർ വെട്ടിക്കുറച്ച് 22,464 കിലോലിറ്റർ മണ്ണെണ്ണ മാത്രമാണു കഴിഞ്ഞ വർഷം നൽകിയത്. അടുത്ത വിഹിതത്തിൽനിന്നും ബാക്കി 75 ശതമാനം മണ്ണെണ്ണ വിഹിതം വെട്ടിക്കുറയ്ക്കുമെന്നു 31.12.2014 ലെ പി. 201016/41/2012 ഉത്തരവിൽ പെട്രോളിയം മന്ത്രാലയം അറിയിച്ചിരുന്നു. ഈ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് ഈ മാസം മുതൽ മണ്ണെണ്ണ വിഹിതം വീണ്ടും വെട്ടിക്കുറച്ചത്.

മത്സ്യബന്ധന ബോട്ടുകൾക്ക് മണ്ണെണ്ണ ആവശ്യമുണ്ടെങ്കിൽ സംസ്‌ഥാന സർക്കാർ പ്രത്യേക അപേക്ഷ നൽകിയാൽ മണ്ണെണ്ണ നൽകാൻ കേന്ദ്രസർക്കാർ തയാറാണ്. ഈ വിധത്തിലാണു തമിഴ്നാട് അടക്കം മറ്റു സംസ്‌ഥാന സർക്കാരുകൾ മണ്ണെണ്ണ വാങ്ങുന്നത്. മത്സ്യബന്ധന ബോട്ടുകൾക്കും കൃഷി ആവശ്യത്തിനും ഉത്സവ–പെരുനാൾ ചടങ്ങുകൾക്കും 24 രൂപ 16 പൈസ നിരക്കിൽ മണ്ണെണ്ണ നൽകാൻ പെട്രോളിയം കമ്പനികൾക്ക് 2016 സെപ്റ്റംബർ 16 ന് കേന്ദ്രസർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്. എങ്കിലും കുറഞ്ഞ നിരക്കിൽ മണ്ണെണ്ണ ലഭിക്കാൻ സംസ്‌ഥാന സർക്കാർ ഇതുവരേയും അപേക്ഷ നൽകിയിട്ടില്ല. വ്യവസായ ആവശ്യത്തിനുള്ള മണ്ണെണ്ണ വിലയായ 58 രൂപ നൽകിയാണ് സംസ്‌ഥാന സർക്കാർ ബോട്ടു ബങ്കുകൾക്കുള്ള മണ്ണെണ്ണ വാങ്ങുന്നത്. ഇതിലൂടെ സബ്സിഡി ഇനത്തിൽ വൻതുകയാണ് സംസ്‌ഥാന സർക്കാരിനു നഷ്ടമാകുന്നതെന്നും മുക്കാടൻ ചൂണ്ടിക്കാട്ടി.


പ്രതിഷേധം അറിയിക്കേണ്ട സമയത്ത് അറിയിക്കാതിരിക്കുകയും കേന്ദ്രമാനദണ്ഡങ്ങളും, നിർദ്ദേശങ്ങളും സംസ്‌ഥാനം ലംഘിക്കുന്നതുമാണ് റേഷൻ അരിയുടേയും മണ്ണെണ്ണയുടേയും വിഹിതം വെട്ടിക്കുറയ്ക്കാൻ കാരണമെന്നും ബേബിച്ചൻ മുക്കാടൻ പറഞ്ഞു. മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതിനെതിരേ മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും അതൃപ്തി കേന്ദ്രത്തെ അറിയിക്കണമെന്നും സർവകക്ഷി സംഘത്തെ ഡൽഹിയിലേക്ക് അയയ്ക്കണം. ഈ ആവശ്യം ഉന്നയിച്ച് റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ 17ന് പ്രധാനമന്ത്രിക്ക് നിവേദനം നൽകും.

2010–ൽ 23,164 കിലോലിറ്റർ മണ്ണെണ്ണ പ്രതിമാസ വിഹിതമായി ലഭിച്ചിരുന്ന കേരളത്തിൽ 2016 ഒക്ടോബർ മുതൽ ലഭിക്കുന്നത് 5,360 കിലോലിറ്റർ മാത്രമാണ്. മണ്ണെണ്ണയുടെ ദേശീയ ശരാശരി ആളോഹരി വിഹിതം 2014–15 വർഷത്തിൽ 7.57 ലിറ്ററാണ്. എന്നാൽ കേരളത്തിനു നൽകിയത് 3.06 ലിറ്ററും പശ്ചിമ ബംഗാളിനു നൽകിയത് 10.5 ലിറ്ററുമാണ്. ദേശീയ ശരാശരിയുടെ പകുതിപോലും മണ്ണെണ്ണ നൽകാൻ കേന്ദ്രം തയാാറാകാത്തത് പ്രതിഷേധാർഹമാണെന്നും റേഷൻ ഡീലേഴ്സ് അസോസിയേഷൻ അഭിപ്രാ യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.