ഹൈക്കോടതിയിലെ മാധ്യമവിലക്ക്: ഗവർണർ ഇടപെടണമെന്ന് സുധീരൻ
ഹൈക്കോടതിയിലെ മാധ്യമവിലക്ക്: ഗവർണർ ഇടപെടണമെന്ന് സുധീരൻ
Saturday, October 1, 2016 12:33 PM IST
ആലപ്പുഴ: ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകരെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത വിഷയത്തിൽ ഗവർണർ ഇടപെടണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ക്രിമിനൽ സ്വഭാവമുള്ള അഭിഭാഷകർക്കെതിരേ നടപടിയെടുക്കാൻ സർക്കാരും അഭിഭാഷകരുടെ സംഘടനയും തയാറാകണമെന്നും ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ചീഫ് ജസ്റ്റീസ് വിളിച്ചു ചേർത്ത യോഗത്തിലെ ധാരണപ്രകാരം ഹൈക്കോടതിയിൽ എത്തിയ മാധ്യമപ്രവർത്തകരെ ഒരുസംഘം അഭിഭാഷകർ തടയുകയും മോശമായി പെരുമാറുകയും ചെയ്തതോടെ തീരുമാനം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തിൽ സംസ്‌ഥാന സർക്കാരിനും ഉത്തരവാദിത്വമുണ്ട്. സർക്കാർ നിഷേധാത്മക സമീപനമാണു നടത്തുന്നതും. പിണറായിയുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ കീഴിൽ മാധ്യമസ്വാതന്ത്ര്യം ധ്വംസിക്കപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വാശ്രയവിഷയത്തിലും പിണറായി ഏകാധിപതിയുടെ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആലപ്പുഴയിൽ മിനി സിവിൽസ്റ്റേഷനു മുന്നിൽ നടത്തിയ യുഡിഎഫ് ധർണ ഉദ്ഘാടനം ചെയ്ത് അദ്ദേഹം ആരോപിച്ചു. സർക്കാരിന്റെ കൂറ് മദ്യലോബിയോടും സ്വാശ്രയലോബിയോടുമാണ്. പോലീസിനെ ഉപയോഗിച്ചു രാഷ്ര്‌ടീയമായി ഇഷ്‌ടമില്ലാത്തവരെ അടിച്ചമർത്തുകയും ചെയ്യുന്നു. ജനപ്രതിഷേധം ശക്‌തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും സുധീരൻ പറഞ്ഞു. സർക്കാർ പ്രവർത്തനങ്ങളോടു നിസഹകരിക്കുന്നതടക്കമുള്ള സമരമുറകളിലേക്കു പോകാൻ യുഡിഎഫ് ആലോചിക്കുന്നുണ്ട്. നിയമസഭയിലടക്കം കള്ളം പറഞ്ഞ ആരോഗ്യമന്ത്രിക്ക് ആ സ്‌ഥാനത്തു തുടരാൻ അർഹതയില്ലെന്നും അവർ രാജിവയ്ക്കുന്നതാണു നല്ലതെന്നും സുധീരൻ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.