യഥാർഥ അധ്യാപകർ കുട്ടികളുടെ ഹൃദയവുമായി സംവദിക്കും: ജസ്റ്റീസ് കുര്യൻ ജോസഫ്
യഥാർഥ അധ്യാപകർ കുട്ടികളുടെ ഹൃദയവുമായി  സംവദിക്കും: ജസ്റ്റീസ് കുര്യൻ ജോസഫ്
Saturday, October 1, 2016 12:33 PM IST
കൊച്ചി: കുട്ടികളുടെ ഹൃദയത്തെ തൊട്ടുണർത്തുകയും അവരുടെ മനഃസാക്ഷിയെ രൂപപ്പെടുത്തുകയും ചെയ്യുന്നവരാണ് യഥാർഥ അധ്യാപകരെന്നു സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്. കേരളത്തിലെ സിബിഎസ്ഇ സ്കൂളുകളുടെ ഔദ്യോഗിക സംഘടനയായ കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സസ് (സികെഎസ്സി) സംഘടിപ്പിക്കുന്ന സിബിഎസ്ഇ പ്രിൻസിപ്പൽമാരുടെ ഒമ്പതാം സംസ്‌ഥാന സമ്മേളനം കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധ്യാപകർ വിവരദാതാക്കൾ മാത്രമാണെന്ന ചിന്ത മാറണം. വിവരങ്ങൾ കുത്തിനിറച്ച നിറഞ്ഞ മസ്തിഷ്ക്കങ്ങളുമായി എത്തുന്ന കുട്ടികളെ മനഃസാക്ഷിയും ഉത്തരവാദിത്തവും ഉള്ളവരാക്കി രൂപപ്പെടുത്തുകയെന്നതാണ് അധ്യാപകരുടെ മുന്നിലുള്ള യഥാർഥ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

സികെഎസ്സി പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. സിബിഎസ്ഇ മുൻ അക്കാദമിക് ഡയറക്ടർ ഡോ.ജി. ബാലസുബ്രഹ്മണ്യൻ, സികെഎസ്സി വൈസ് പ്രസിഡന്റുമാരായ ഫാ. ടോമി നമ്പ്യാപറമ്പിൽ, എൻ. ജഗനാഥൻ, ജോയിന്റ് സെക്രട്ടറിമാരായ ഡോ.സൈലാസ് കെ. എബ്രഹാം, ബെന്നി ജോർജ് എന്നിവർ സംബന്ധിച്ചു.


ജനറൽ സെക്രട്ടറി കെ.എ. ഫ്രാൻസിസ് സ്വാഗതവും ട്രഷറർ ബ്രദർ പി.ടി. വർക്കി നന്ദിയും പറഞ്ഞു. ചടങ്ങിൽ മികച്ച പ്രിൻസിപ്പൽമാർക്കുള്ള പുരസ്ക്കാരം ഫാ. ജോർജ് തോമസ്, ഗീതാലക്ഷ്മി സത്യനാഥ്, കെ. ഉഷ, എം.പി. ദേവി എന്നിവർക്കു ജസ്റ്റീസ് കുര്യൻ ജോസഫ് നൽകി. പിന്നീട് സെമിനാർ നടന്നു.

ഇന്നു നടക്കുന്ന സെമിനാറിൽ റവ. ഡോ. വൽസൻ തമ്പു, സന്തോഷ് നായർ, വീണ റൈസദ തുടങ്ങിയവർ സംബന്ധിക്കും. പുതുതലമുറ സ്കൂളുകളും പുതിയ പ്രവണതകളും വെല്ലുവിളികളും എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച സമ്മേളനം ഇന്നു സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.