സ്നേഹസ്പർശമേകി അവർ ഒത്തുകൂടി
സ്നേഹസ്പർശമേകി അവർ ഒത്തുകൂടി
Saturday, October 1, 2016 12:26 PM IST
കൊച്ചി: ആകസ്മിക ദുരന്തത്തിൽ പ്രിയപ്പെട്ടവർ മരണത്തിനു കീഴടങ്ങിയപ്പോൾ അവയവദാനം ചെയ്തു നിരവധി ജീവിതങ്ങൾക്കു വെളിച്ചം പകർന്നവരുടെയും ആ കാരുണ്യത്തിൽ ഇന്നും ജീവിക്കുന്ന അവയവ സ്വീകർത്താക്കളുടെയും സംഗമം വിപിഎസ് ലേക്ഷോർ ആശുപത്രിയിൽ നടന്നു. ’സ്നേഹസ്പർശം’ എന്നു പേരിട്ട പരിപാടിയിൽ 10 അവയവദാതാക്കളും 65 സ്വീകർത്താക്കളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. കിഡ്നി ദാനം നടത്തിയ ബിഷപ് മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനംചെയ്തു.

കിഡ്നിദാനത്തിലൂടെ ശ്രദ്ധേയരായ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യാ സ്‌ഥാപകൻ ഫാ.ഡേവിസ് ചിറമ്മൽ, വി–ഗാർഡ് ഇൻഡസ്ട്രീസ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു. ഫാ. ഡേവിസ് ചിറമേലിന്റെ ആഹ്വാനപ്രകാരമാണു താൻ കിഡ്നി ദാനത്തിനു തയാറായതെന്നു മാർ ജേക്കബ് മുരിക്കൻ പറഞ്ഞു.

അവയവദാനം ഔദാര്യമല്ല, മറിച്ചു സഹജീവികളോടു പ്രകടിപ്പിക്കുന്ന കാരുണ്യമാണെന്നു ഫാ.ഡേവിസ് ചിറമ്മൽ അഭിപ്രായപ്പെട്ടു. അവയവദാതാക്കൾക്കും സ്വീകർത്താക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒത്തുചേരാനുള്ള അസുലഭ അവസരമാണു സ്നേഹസ്പർശം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.


അവയവദാനത്തിനു തയാറായവരെയും അതിലുൾപ്പെട്ട വിപിഎസ് ലേക്ഷോറിലെ ഡോക്ടർമാരായ ഡോ.എബി ഏബ്രഹാം, ജോർജി കെ. നൈനാൻ, ജോർജ് പി. ഏബ്രഹാം, ഡോ.മോഹൻ എ. മാത്യു എന്നിവരെയും ആദരിച്ചു.

ബിഷപ് മാർ ജേക്കബ് മുരിക്കൻ, ഫാ. ഡേവിസ് ചിറമ്മൽ, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നിവരെയും അവരുടെ കിഡ്നി സ്വീകരിച്ചവരെയും ആദരിച്ചു.വിപിഎസ് ലേക്ഷോർ ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായ സണ്ണി ഉതുപ്പിന്റെ സഹോദരിയും പ്രശസ്ത റേഡിയോ ജോക്കിയുമായ അഞ്ജലി ഉതുപ്പ്, കിഡ്നി സ്വീകർത്താവായ തന്ത്രി വിദ്യാപീഠത്തിലെ എ.എസ്. നമ്പൂതിരി, ആശുപത്രി സിഇഒ എസ്.കെ. അബ്ദുള്ള, മരട് നഗരസഭ വൈസ് ചെയർമാൻ ആന്റണി ആശാംപറമ്പ് തുടങ്ങിയവർ സംസാരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.