തണുപ്പിനെ പ്രതിരോധിക്കുന്ന പുതിയ റബർ ഇനം വികസിപ്പിച്ചെടുത്തു
തണുപ്പിനെ പ്രതിരോധിക്കുന്ന പുതിയ റബർ ഇനം വികസിപ്പിച്ചെടുത്തു
Saturday, October 1, 2016 12:26 PM IST
കോട്ടയം: തണുപ്പ് കൂടുതലുള്ള വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ കൃഷി ചെയ്യാവുന്ന പുതിയ റബർ ഇനം റബർ റിസേർച്ച് ഇന്റസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തു. ആർആർഐഐ 208 എന്നു പേരിട്ടിരിക്കുന്ന റബറിനം 17നു ഗോഹട്ടിയിൽ രാജ്യത്തിനു സമർപ്പിക്കും. വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ റബർ കൃഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണു പുതിയ ഇനം പുറത്തിറക്കുന്നത്. തണുപ്പിനെ പ്രതിരോധിക്കാൻ കഴിവുള്ള ക്ലോണുകളാണു പുറത്തിറക്കുന്നതെന്ന് റബർ ബോർഡ് റിസേർച്ച് വിഭാഗം വെളിപ്പെടുത്തി.

അരുണാചൽ പ്രദേശ്, ആസാം, മണിപ്പൂർ, മേഖാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര തുടങ്ങിയ സംസ്‌ഥാനങ്ങളിൽ റബർ കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണു പുതിയ ക്ലോണിന്റെ പിറവി. തണുപ്പിന്റെ പ്രതിരോധിക്കുന്നതിനൊപ്പം ശക്‌തമായ മഴയിൽനിന്നു മരങ്ങൾക്കു സംരക്ഷണം ലഭിക്കുന്ന തരത്തിലുള്ള ക്ലോണാണ് ആർആർഐഐ 208. തണുത്ത കാലാവസ്‌ഥയിൽ രോഗം പിടിപെടാതിരിക്കുക, ഉയർന്ന ഉത്പാദനം എന്നിവ ആർആർഐഐ 208ൽനിന്നും പ്രതീക്ഷിക്കുന്നു. നീണ്ടവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആർആർഐഐ 208 പുറത്തിറക്കുന്നത്. ലോകത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള ക്ലോൺ വികസിപ്പിച്ചെടുക്കുന്നതെന്നും ഉയർന്ന ഉത്പാദനവും ആയുസും ലഭിക്കുമെന്നും റബർ റിസേർച്ച് വിഭാഗം വ്യക്‌തമാക്കി. ചൂട് കൂടുതലുള്ള സ്‌ഥലങ്ങളിൽ കൃഷി ചെയ്യാവുന്ന റബർ ഇനവും ഉടൻ പുറത്തിറക്കുമെന്ന് റബർ ബോർഡ് പറയുന്നു. രാജ്യത്ത് കാലാവസ്‌ഥയിലുണ്ടായ മാറ്റമാണു വ്യത്യസ്ത കാലാവസ്‌ഥയിലും കൃഷി ചെയ്യാവുന്ന റബർ ഇനങ്ങൾ പുറത്തിറക്കാനും പുതിയ ക്ലോണുകൾ വികസിപ്പിക്കാനും റബർ ബോർഡിനെ പ്രേരിപ്പിക്കുന്നതെന്നു റബർ ബോർഡ് റിസർച്ച് വി ഭാഗം പറയുന്നു. ഗോഹട്ടിയിൽ നടക്കുന്ന അസോസിയേഷൻ ഓഫ് നാച്ചുറൽ റബർ പൊഡ്യൂസിംഗ് കൺട്രീസ് (എഎൻആർപിസി)യുടെ ഒമ്പതാമതു രാജ്യാന്തര റബർ കോൺഫറൻസിൽ റബറിനം പുറത്തിറക്കുന്ന ചടങ്ങ് നടക്കും. കേന്ദ്രവാണിജ്യ–വ്യവസായ മന്ത്രി നിർമല സീതാരാമൻ ആസാം കൃ ഷി മന്ത്രി അതുൽ ബോറയ്ക്ക് കൈമാറ്റം ചെയ്തുകൊണ്ടാണു റബർ രാജ്യത്തിനു സമർപ്പിക്കുന്നത്.


ജോമി കുര്യാക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.