സ്വാശ്രയ കോഴ: സമഗ്രാന്വേഷണം വേണമെന്നു ഡീൻ
സ്വാശ്രയ കോഴ: സമഗ്രാന്വേഷണം വേണമെന്നു ഡീൻ
Friday, September 30, 2016 12:31 PM IST
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് കോടികളുടെ കോഴ ഇടപാട് നടത്തിയ സർക്കാരിനെതിരേ സമഗ്രമായ അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ്. മെഡിക്കൽ പ്രവേശന അഴിമതിയെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായി സ്വാശ്രയ കോഴ മാറാൻ പോകുകയാണ്. 100 സീറ്റുകളുള്ള ഒരു സ്വാശ്രയ മെഡിക്കൽ കോളജിൽ ഒരുവർഷം 34 കോടി രൂപയുടെ അധികവരുമാനമാണ് സർക്കാരിന്റെ ഇടപെടലിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയ സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനാണു സർക്കാർ ശ്രമിച്ചത്. സമരത്തിന്റെ പേരിൽ സംസ്‌ഥാനത്ത് 48 ലാത്തിച്ചാർജുകളുണ്ടായി. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ ഗ്രനേഡ് പ്രയോഗത്തിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്‌ടപ്പെട്ടു. സമാധാനപരമായി സമരം ചെയ്ത തങ്ങൾക്കെതിരേ അക്രമം നടത്തിയ പോലീസ് ഉദ്യോഗസ്‌ഥർക്കെതിരേ മനുഷ്യാവകാശ കമ്മീഷനിൽ പരാതിപ്പെടും. സമരത്തിന്റെ ഭാഗമായി ത്യാഗം സഹിച്ചതിൽ നിരാശയില്ല. തങ്ങളുടെ സമരം കേരളസമൂഹത്തിനു വേണ്ടിയാണെന്നും ഡീൻ കൂട്ടിച്ചേർത്തു.


സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പഠിക്കുന്ന മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും മക്കളുടെ വിവരങ്ങളും യൂത്ത് കോൺഗ്രസ് പുറത്തുവിട്ടു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൾ ആശയുടെ രണ്ട് മക്കളും എംബിബിഎസിനു പഠിക്കുന്നത് എറണാകുളത്തെ അമൃതയിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടു മക്കളും പഠിച്ചത് സ്വാശ്രയ സ്‌ഥാപനങ്ങളായ കളമശേരി എസ്സിഎംഎസിലും കോയമ്പത്തൂർ അമൃതയിലുമാണ്.

സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരുമകൾ പഠിച്ചത് തൃശൂർ അമല മെഡിക്കൽ കോളജിലാണ്. മന്ത്രി എ.സി. മൊയ്തീന്റെ മകൾ പഠിച്ചത് തൃശൂർ ചെറുതുരുത്തി സ്വാശ്രയ ആയുർവേദ മെഡിക്കൽ കോളജിലാണ്. എംഎൽഎമാരായ എസ്. ശർമ, മുരളി പെരുനെല്ലി, സി.കെ. ഹരീന്ദ്രൻ, രാമചന്ദ്രൻ എന്നിവരുടെയും മക്കൾ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പഠിക്കുന്നുണ്ടെന്നും ഡീൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.