മദ്യത്തിന്റെ വില 10 മുതൽ 22 വരെ രൂപ വർധിപ്പിച്ചു
മദ്യത്തിന്റെ വില 10 മുതൽ 22 വരെ രൂപ വർധിപ്പിച്ചു
Friday, September 30, 2016 12:31 PM IST
തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ വഴി വിൽപന നടത്തുന്ന മദ്യത്തിന്റെ വില നാലു ശതമാനം വർധിപ്പിച്ചു. ഫുൾ ബോട്ടിലിന് 10 രൂപ മുതൽ 22 രൂപ വരെയാണു ബ്രാൻഡുകളുടെ വ്യത്യാസമനുസരിച്ചു വില കൂടുന്നത്. തിങ്കളാഴ്ച വിലവർധന നിലവിൽ വരും. കൺസ്യൂമർഫെഡിന്റെ ഔട്ട്ലെറ്റുകളിലും മദ്യവില വർധിക്കും.

ബിവറേജസ് കോർപറേഷൻ മദ്യത്തിന്റെ അടിസ്‌ഥാന വിലയ്ക്കൊപ്പം ചുമത്തുന്ന മാർജിൻ 20 ശതമാനത്തിൽ നിന്ന് 24 ആക്കാൻ കഴിഞ്ഞദിവസം ചേർന്ന ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചിരുന്നു. ജീവനക്കാരുടെ ശമ്പളം, ലേബലിംഗ് ചാർജ്, വെയർഹൗസുകളുടെ വാടക, കടത്തുകൂലി തുടങ്ങിയ ഇനങ്ങളിലെ വർധനമൂലം കോർപറേഷന് ഉണ്ടാവുന്ന അധിക സാമ്പത്തിക ബാധ്യത പരിഹരിക്കാനാണു വില വർധനയെന്നു ബിവറേജസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ എച്ച്. വെങ്കിടേഷ് പറഞ്ഞു. ബാധ്യത പരിഹരിക്കാൻ 25 കോടി രൂപയാണു പ്രതിവർഷം അധികമായി കണ്ടെത്തേണ്ടത്. എന്നാൽ, ഇപ്പോഴത്തെ വർധന അനുസരിച്ച് 20 കോടിയോളം രൂപ മാത്രമേ ലഭിക്കുകയുള്ളു. മദ്യക്കമ്പനികളിൽ നിന്നു വാങ്ങുന്ന മദ്യത്തിന്റെ വില വർധിപ്പിച്ചിട്ടില്ല.


വിൽപന നികുതി ചുമത്തുന്നതിനു മുമ്പുള്ള വിലയുടെ അടിസ്‌ഥാനത്തിലാണ് മാർജിൻ തുക നിശ്ചയിക്കുന്നത്. കമ്പനി നൽകുന്ന വിലയ്ക്കൊപ്പം സാധാരണ മദ്യത്തിന് 125 ശതമാനവും മുന്തിയ ഇനത്തിന് 135 ശതമാനവും നികുതിയും സെസും അടക്കം ചേർന്നതാണ് ഔട്ട്ലെറ്റുകളിലെ വിൽപന വില.മുന്തിയ ഇനം മദ്യങ്ങളുടെ വിലയും ആനുപാതികമായി വർധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.