കെസിഎസ്എൽ കാരുണ്യദൂത് യാത്രയ്ക്കു വരവേല്പ്
കെസിഎസ്എൽ കാരുണ്യദൂത് യാത്രയ്ക്കു വരവേല്പ്
Friday, September 30, 2016 12:23 PM IST
കൊച്ചി: കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് (കെസിഎസ്എൽ) സംസ്‌ഥാനത്തെ 25 കത്തോലിക്കാ രൂപതകളിലേക്ക് സംഘടിപ്പിച്ചിട്ടുള്ള കാരുണ്യദൂത് യാത്ര ചങ്ങനാശേരി അതിരൂപതയിലെത്തി. വിദ്യാർഥികളിൽനിന്നു ശേഖരിച്ച വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും ഏറ്റുവാങ്ങുന്ന ചടങ്ങ് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനംചെയ്തു.

സംസ്‌ഥാന ജനറൽ ഡയറക്ടർ ഫാ. തോംസൺ പഴയചിറപീടികയിൽ, പ്രസിഡന്റ് കുര്യച്ചൻ പുതുക്കാട്ടിൽ, രൂപത ഡയറക്ടർ ഫാ.മാത്യു വാരുവേലിൽ, പ്രസിഡന്റ് ജയിംസ് മാളിയേക്കൽ, സംസ്‌ഥാന നിർവാഹകസമിതിയംഗം ജോസഫ് മാത്യു പതിപ്പിള്ളി എന്നിവർ പ്രസംഗിച്ചു.

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പാളയം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നാണു കാരുണ്യദൂത് യാത്രയ്ക്കു തുടക്കമായത്. അതിരൂപതാ വികാരി ജനറാൾ മോൺ. യൂജിൻ പെരേര ഉദ്ഘാടനം ചെയ്തു.

സഖ്യത്തിന്റെ ജനറൽ ഡയറക്ടർ ഫാ. തോംസൺ പഴയചിറ പീടികയിൽ സംസ്‌ഥാന ഭാരവാഹികളായ പി.വി. സെബാസ്റ്റ്യൻ, സാബു തങ്കച്ചൻ, എം.എസ്. ജോസ് അനൂബ്, സിസ്റ്റർ മോളി അതിരൂപതാ ഡയറക്ടർ ഫാ. രജിഷ് ബാബു രൂപതാ പ്രസിഡന്റ് ഡാമിയൻ ജി. തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിദ്യാർഥികൾ ശേഖരിച്ച വസ്ത്രങ്ങൾ സംസ്‌ഥാന ജനറൽ ഡയറക്ടർ ഏറ്റുവാങ്ങി. ഇവ മിഷൻ പ്രദേശങ്ങളിലെ നിർധന കുടുംബങ്ങൾക്കു വിതരണം ചെയ്യും.


തിരുവനന്തപുരം മലങ്കര അതിരൂപതയിലെ പട്ടം സെന്റ് മേരീസ് എച്ച്എസ്എസിൽ കാരുണ്യദൂത് യാത്രയ്ക്കു നൽകിയ സ്വീകരണത്തിൽ വികാരി ജനറാൾ മോൺ. ജോൺ കൊച്ചുതുണ്ടിൽ മുഖ്യപ്രഭാഷണം നടത്തി. രൂപത ഡയറക്ടർ ഫാ. ഗീവർഗീസ് ഏഴിയാത്ത് പ്രസിഡന്റ് ബിജു തോമസ് തുടങ്ങിയവർ പങ്കെടുത്തു. കൊല്ലത്ത് സെന്റ് അലോഷ്യസ് സ്കൂളിലെത്തിയ യാത്രയിൽ രൂപത വികാരി ജനറാൾ മോൺ കെ.ജെ.യേശുദാസ് പ്രസംഗിച്ചു. രൂപത ഡയറക്ടർ ഫാ. ജിജോ ജോസ്, ആനിമേറ്റർ ആനി കാതറിൻ എന്നിവർ പങ്കെടുത്തു.

കാരുണ്യദൂത് യാത്രയുടെ അടുത്ത ഘട്ടം ഏഴിന് ആരംഭിക്കും. യാത്ര നവംബർ ആദ്യവാരം കൊച്ചിയിൽ സമാപിക്കും. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ അനുഗ്രഹാശീർവാദങ്ങളോടെ സ്കൂൾ വിദ്യാർഥികളിലേക്കു പങ്കുവയ്ക്കൽ സംസ്കാരം പകർന്നു നല്കുകയെന്ന ലക്ഷ്യമാണു കാരുണ്യദൂത് യാത്രയ്ക്കുള്ളതെന്നു ജനറൽ ഡയറക്ടർ ഫാ.തോംസൺ പഴയചിറപീടികയിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.