കെട്ടിക്കിടക്കുന്ന നെല്ല്സംഭരിക്കാൻ നടപടി സ്വീകരിക്കും: കൃഷിമന്ത്രി
കെട്ടിക്കിടക്കുന്ന നെല്ല്സംഭരിക്കാൻ നടപടി സ്വീകരിക്കും: കൃഷിമന്ത്രി
Friday, September 30, 2016 12:21 PM IST
തിരുവനന്തപുരം: അപ്പർ കുട്ടനാട്ടിൽ കെട്ടിക്കിടക്കുന്ന നെല്ലുസംഭരിക്കാൻ നടപടി സ്വീകരിക്കുമെന്നു കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ. സംഭരണത്തിൽ ഹാൻഡ്ലിംഗ് ചാർജിന്റെ പേരിൽ മിൽ ഉടമകൾ നടത്തുന്ന സമ്മർദ്ദത്തിനു വഴങ്ങില്ല. വേണ്ടിവന്നാൽ ബദൽ മാർഗങ്ങൾ ആലോചിക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.സി.കെ. ആശ, സുരേഷ് കുറുപ്പ് എന്നിവരുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്‌ഥാനത്ത് 3,56,663 കർഷകർക്കായി പെൻഷൻ കുടിശികയിനത്തിൽ 191.51 കോടി രൂപ നൽകാനുണ്ട്. ഈ സർക്കാർ വന്ന–തിനു ശേഷം 151.45 കോടി രൂപ നൽകി. 1000 രൂപയാക്കി ഉയർത്തിയ കർഷക പെൻഷൻ 37.895 കോടി ഓണത്തിന് മുമ്പ് തന്നെ കർഷകർക്ക് നൽകിയിട്ടുണ്ടെന്ന് പാറയ്ക്കൽ അബ്ദുള്ളയെ അറിയിച്ചു. അർഹരുടെ മാനദണ്ഡം നിശ്ചയിച്ചിട്ടുള്ള ലിസ്റ്റിൽ അനർഹരുണ്ടങ്കിൽ പരിശോധിക്കുമെന്നു പി.അബ്ദുൾ ഹമീദിനെ അറിയിച്ചു.


കർഷകരെ സഹായിക്കാനായി പച്ചക്കറി വിള ആസൂത്രണ കലണ്ടർ തയാറാക്കും. ഓരോ പ്രദേശത്തെയും പ്രത്യേകതകളനുസരിച്ച് കൃഷി ചെയ്യേണ്ട പച്ചക്കറിയിനങ്ങൾ സംബന്ധിച്ച് കർഷകർക്ക് അവബോധം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

സംഭരണം നടത്തുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും പണം അഞ്ചു ദിവസത്തിനുള്ളിൽ കർഷകർക്ക് ലഭ്യമാക്കാൻ ഹോർട്ടികോർപ്പിൽ റിവോൾവിംഗ് ഫണ്ട് രൂപീകരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കെ.വി. വിജയദാസിനെ മന്ത്രി അറിയിച്ചു.

അന്യ സംസ്‌ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന പച്ചക്കറികളിൽ മാരകമായ കീടനാശിനികൾ പ്രയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നു മന്ത്രി എം സ്വരാജിനെ അറിയിച്ചു.

2016–17 സാമ്പത്തിക വർഷത്തിൽ വിലസ്‌ഥിരത ഉറപ്പുവരുത്താൻ 500 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് ആന്റണി ജോണിന് മന്ത്രി മറുപടി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.