ലഹരി പടർത്തും ബാംഗളൂർ ഡെയ്സ്
ലഹരി പടർത്തും ബാംഗളൂർ ഡെയ്സ്
Friday, September 30, 2016 12:21 PM IST
മാർഷൽ എന്നായിരുന്നു അവന്റെ പേര്. വീട്ടുകാർക്കും നാട്ടുകാർക്കും പ്രിയപ്പെട്ടവൻ. ഇപ്പോൾ 22 വയസു കാണും. അവനെ നേരത്ത അറിയാമായിരുന്നു. വർഷങ്ങൾക്കുശേഷം അപ്രതീക്ഷിതമായാണു കണ്ടത്. അതും കോടതിയിൽ വച്ച്. പണ്ടത്തെ പ്രസന്നത മുഖത്തില്ല. ഹെൽമറ്റ് വയ്ക്കാത്തതിനു പെറ്റിക്കേസിൽപ്പെട്ടു വന്നതല്ല. വഞ്ചനക്കുറ്റവുമല്ല. വലിയ കേസാണ്. മയക്കുമരുന്ന് കച്ചവടം. കൈയോടെ പിടിച്ചു കൊണ്ടുവന്നതാണ്. വിശ്വസിക്കാൻ കഴിഞ്ഞില്ല. അറിയാതെ പറ്റിപ്പോയതാണെന്ന് അവൻ പറഞ്ഞെങ്കിലും വിശ്വാസമായില്ല. ഉദ്യോഗസ്‌ഥനോടു ചോദിച്ചു. മയക്കുമരുന്ന് വിതരണം ചെയ്യുമ്പോൾ പിടികൂടിയതാണ്. ഇതു മൂന്നാം തവണയാണ്. ആദ്യത്തെ രണ്ടുപ്രാവശ്യവും കുട്ടിയാണെന്നു വിചാരിച്ചു ക്ഷമിച്ചു.

കരുതിയതിനേക്കാൾ മാരകമായ മയക്കുമരുന്നുകളായിരുന്നു അവന്റെ കൈയിൽ. അവൻ ഒറ്റയ്ക്കല്ല, ഒരു സംഘം തന്നെയുണ്ട്. ഇപ്പോൾ ആരു വിചാരിച്ചാലും നിയന്ത്രിക്കാനാവാത്ത സ്‌ഥിതിയായി. കോടതി 10 വർഷം തടവിനു വിധിച്ചു. മാതാപിതാക്കളുടെ വലിയ പ്രതീക്ഷ പോലീസ് ജീപ്പിൽ ജയിലിലേക്ക്!

അവന്റെ സുഹൃത്തിനെ വിളിച്ചു. എന്തു പറ്റി മാർഷലിന്? കേട്ടതു ഞെട്ടിക്കുന്ന വിവരം. ബംഗളൂരുവിൽ പഠിക്കാൻ എത്തിയതാണ്. നന്നായി പഠിക്കുമായിരുന്നു. സിറ്റിജീവിതത്തിനു പണം വേണം. വീട്ടിൽനിന്നു കിട്ടുന്നതിനു പരിധിയുണ്ട്. അടിച്ചുപൊളിക്കാൻ അതുപോരാ. അതിനുള്ള അന്വേഷണം മയക്കുമരുന്ന് സംഘത്തിലെത്തിച്ചു. ഹോസ്റ്റലിൽ അവർ സാധനം എത്തിച്ചുകൊടുത്തു. ഒരു രസത്തിനു തുടങ്ങി. വൈകാതെ അതില്ലാതെ പറ്റില്ലെന്നായി. പക്ഷേ, വാങ്ങാൻ പണമില്ല. അതോടെ സംഘാംഗങ്ങളുടെ ഉപദേശം, കാരിയറാകുക. പറയുന്ന സ്‌ഥലത്തു പറയുന്ന ആൾക്കു സാധനം എത്തിച്ചുകൊടുത്താൽ മതി. പണം മാത്രമല്ല, ചോദിക്കുന്നതെന്തും കിട്ടും. അടിപൊളി ജീവിതം. സാവധാനം ബിസിനസ് വിപുലപ്പെടുത്തി. നാട്ടിലേക്കും സാധനം കൊണ്ടുവരാൻ തുടങ്ങി. അങ്ങനെയൊരു യാത്രയിൽ പോലീസിന്റെ വലയിലായി.

ഇതൊരു മാർഷലിന്റെ മാത്രം കഥയല്ല. നിരവധി മാർഷൽമാർ നമുക്ക് ചുറ്റുമുണ്ട്. പഞ്ചപാവമെന്നു കരുതുന്ന നമ്മുടെ സഹോദരൻ, മക്കൾ അങ്ങനെ ആരും ആ ഗണത്തിൽപ്പെടാം. മയക്കുമരുന്നു വാങ്ങാൻ എങ്ങനെയും പണമുണ്ടാക്കുകയെന്നതാകുന്നു പലരുടെയും ലക്ഷ്യം. അതിനു മോഷണവും ആക്രമണവും നടത്താൻ പോലും അവർ തയാറാകുന്നു. യുവതലമുറയ്ക്കു മുന്നിലെ ഏറ്റവും വലിയ ചതിക്കുഴികളിലൊന്നാണിത്.

കഞ്ചാവ്, കറുപ്പ്, കൊക്കെയ്ൻ, എൽഎസ്ഡി അടക്കമുള്ള ലഹരിമരുന്നുകൾ മാത്രമല്ല, മഷി മായ്ക്കാനുള്ള വൈറ്റ്നറും ചെരിപ്പ് ഒട്ടിക്കാൻ ഉപയോഗിക്കുന്ന എസാർപശയും അപസ്മാരത്തിനും വിഷാദ രോഗത്തിനും ഉപയോഗിക്കുന്ന ടാബ്ലറ്റുകളും മാന്ത്രിക കൂണുകളും ഈ പട്ടികയിലുണ്ട്. ഇരകൾക്കായി മാഫിയ വിവിധ വേഷങ്ങളിൽ കറങ്ങുന്നു. മരുന്നു കമ്പനിയുടെ മറവിൽ പോലും മാരകമായ മയക്കുമരുന്നുകൾ യുവതലമുറയ്ക്കു വിതരണം ചെയ്യുന്ന മാഫിയകൾ.


കോട്ടയം മെഡിക്കൽ കോളജിലെ ഒരു വിദ്യാർഥിയുടെ മുറിയിൽ ധാരാളം രക്‌തം കണ്ട് സുഹൃത്തുക്കൾ പരിഭ്രമിച്ചു. രാത്രി ഒരു ആംപ്യൂൾ മോർഫിൻ സ്വയം കുത്തി വച്ചതാണ്. ലഹരി സിരകളിലേക്കു പടർന്നു പിടിച്ചതിനാൽ സിറിഞ്ച് ഊരിയെടുക്കാനായില്ല. ഞരമ്പിൽ തറച്ചിരുന്നതിനാൽ രക്‌തം ഒഴുകിക്കൊണ്ടേയിരുന്നു. സുഹൃത്തുക്കൾ ആരോ കണ്ടതു കൊണ്ടു ജീവൻ രക്ഷപ്പെട്ടു. അഭ്യസ്തവിദ്യരാണ് മയക്കുമരുന്ന് ഉപയോഗത്തിൽ മുൻപന്തിയിലെന്നതു പേടിപ്പെടുത്തുന്നതാണ്. ഇന്റർ നാഷണൽ ലാബർ ഓർഗനൈസേഷന്റെ ഒരു കണക്കനുസരിച്ച് ഇന്ത്യയിൽ 50 – 80 ലക്ഷം പേർ മയക്കുമരുന്നിന് അടിമപ്പെട്ടവരാണ്. ഇവരുടെ എണ്ണം പെരുകുകയും ചെയ്യുന്നു.

ലോകാരോഗ്യ സംഘടനയുടെ ഒരു പഠന റിപ്പോർട്ട് അനുസരിച്ചു സമ്പന്ന രാജ്യങ്ങളുടെ മാത്രം ദുഃഖമായിരുന്ന മയക്കുമരുന്നുകൾ കൊച്ചുകേരളത്തിലും തീരാദുഃഖം വിതയ്ക്കുന്നുണ്ട്. സ്കൂളുകൾ, കോളജുകൾ, ഹോസ്റ്റലുകൾ, തൊഴിൽ സ്‌ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണു മയക്കുമരുന്നു വിൽപന.

അന്യസംസ്‌ഥാനങ്ങളിൽ പഠിക്കുന്ന കുട്ടികൾ ചെക്ക്പോസ്റ്റ് കടന്നു കഴിയുമ്പോൾ സ്വയം മാറുമെന്ന പറച്ചിലുണ്ട്. വീട്ടിലെ പഞ്ചപാവങ്ങൾ അന്യനാട്ടിൽ വല്ലാതെ മാറിപ്പോകുകയാണ്. മരുന്നുമാഫിയയുടെ ഏജന്റായി കുട്ടികൾ മാറുന്നു. കൈയിൽ ഇഷ്‌ടം പോലെ പണം. പണം നൽകി മയക്കുമരുന്നു സംഘങ്ങൾ അവരെ വിലയ്ക്കെടുക്കുന്നു.

സാബുവിന്റെ കഥ വ്യത്യസ്തമാണ്. മയക്കുമരുന്നിന് അടിമയായ അവൻ അതിൽനിന്നുള്ള മോചനത്തിനായി ചികിത്സയിലാണ്. ഒരു സുഹൃത്തുവഴിയാണ് കറുപ്പ് അവനു കിട്ടിയത്. ബംഗളൂരുവിൽ നഴ്സിംഗ് പഠനത്തിനിടയിലായിരുന്നു അത്. സീനിയേഴ്സിന്റെ റാഗിംഗിൽ മനംനൊന്തിരിക്കുമ്പോൾ സുഹൃത്താണ് എല്ലാം മറക്കാൻ കറുപ്പ് നാക്കിനടിയിൽ വച്ചുകൊടുത്തത്. ലഹരി ഉള്ളിലേക്കു കടന്നതോടെ സാബു ആകെ മാറി. 24 മണിക്കൂർ കഴിഞ്ഞപ്പോഴാണ് അതിന്റെ പിടിവിട്ടത്. ആ നിമിഷം ശരീരത്തിലെ ഞരമ്പുകൾ വലിഞ്ഞുമുറുകാൻ തുടങ്ങി. പിന്നെ പിടിച്ചുനിൽക്കാൻ വീണ്ടും അതു വേണമെന്നായി. ഓരോ ദിവസവും അവർ മരുന്നു തന്നു കൊണ്ടിരുന്നു. അവസാനം അതില്ലാതെ പറ്റില്ലെന്നായി. പഠനം വഴിയിൽ നിർത്തി. സാബു മനോരോഗിയെപ്പോലെയായി. കിട്ടാതെ വരുമ്പോൾ ആക്രമാസക്‌തനാകുന്നു. വീട്ടുകാർ ഭയന്നു. അങ്ങനെയാണ് അവനെ ഡി അഡിക്ഷൻ സെന്ററിലെത്തിച്ചത്. ഇപ്പോൾ അവനു സംസാരിക്കാം. പഴയരീതിയിലെത്താൻ ഇനിയും സമയമെടുക്കും. ഇതുപോലെ എത്രയോ സാബുമാർ രക്ഷപ്പെടാനാവാത്ത അവസ്‌ഥയിൽ നശിച്ചു തീരുന്നുണ്ട്. (തുടരും)

ജോൺസൺ വേങ്ങത്തടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.