പരിയാരം ഫീസിന്റെ പേരിൽ മുഖ്യമന്ത്രിയും ഉമ്മൻ ചാണ്ടിയും സഭയിൽ നേർക്കുനേർ
പരിയാരം ഫീസിന്റെ പേരിൽ മുഖ്യമന്ത്രിയും ഉമ്മൻ ചാണ്ടിയും സഭയിൽ നേർക്കുനേർ
Friday, September 30, 2016 12:15 PM IST
തിരുവനന്തപുരം: പരിയാരം മെഡിക്കൽ കോളജിലെ ഫീസ് വർധനയുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും നിയമസഭയിൽ നേർക്കുനേർ.

സ്വാശ്രയ പ്രശ്നത്തിൽ വി.ടി. ബൽറാം നൽകിയ അടിയന്തരപ്രമേയ നോട്ടീസിനു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയുന്നതിനിടെയാണ് ഉമ്മൻ ചാണ്ടി ഇടപെട്ടത്. എന്നും മറ്റു സ്വാശ്രയ കോളജുകളേക്കാൾ കുറവു ഫീസ് ഈടാക്കിയിരുന്ന പരിയാരത്ത് ഇത്തവണ മെറിറ്റ് സീറ്റിൽ ഒരു ലക്ഷം രൂപയുടെ വർധന വരുത്തിയെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. അതേസമയം എൻആർഐ, മാനേജ്മെന്റ് സീറ്റുകളിൽ മറ്റു സ്വാശ്രയ കോളജുകളേക്കാൾ കുറഞ്ഞ ഫീസ് ആണു നിലവിലുള്ളത്. മെറിറ്റ് ഉള്ള കുട്ടികളിൽ നിന്നു കൂടുതൽ ഫീസ് ഈടാക്കുന്നതു ശരിയാണോ എന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു.

പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നു മുഖ്യമന്ത്രി പറഞ്ഞു. അപ്പോൾ സർക്കാർ ഫീസ് മാത്രമായിരിക്കും ഈടാക്കുക. ഇന്നത്തെ ദിവസം കോളജ് ഏറ്റെടുത്താൽ പോലും ഈ വർഷം പ്രവേശനം നേടിയ വിദ്യാർഥികൾ അടുത്ത അഞ്ചു വർഷത്തേക്ക് നിലവിലുള്ള ഫീസ് കൊടുക്കേണ്ടി വരുമെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. സ്വകാര്യ സ്വാശ്രയ കോളജുകളിൽ ഫീസ് 65,000 രൂപയേ കൂട്ടിയുള്ളു. പരിയാരത്ത് ഒരു ലക്ഷം രൂപ വർധിപ്പിച്ചെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.


നമ്മുടെയെല്ലാം നിലപാടുകളുടെ ഭാഗമായി പരിയാരം ഇന്ന് എവിടെ കിടക്കുന്നു എന്ന് എല്ലാവർക്കുമറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാട്ടിൽ നിലനിൽക്കുന്ന ഫീസ് അവർക്കും അനുവദിച്ചു. ഫീസ് നിരക്ക് തുല്യമാക്കുകയാണു ചെയ്തതെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. തുല്യത മെരിറ്റ് സീറ്റിൽ മാത്രമാണെന്നും എൻആർഐ, മാനേജ്മെന്റ് സീറ്റുകളിൽ പരിയാരത്തെ ഫീസ് ഇപ്പോഴും കുറവാണെന്നും ഉമ്മൻ ചാണ്ടി ആവർത്തിച്ചു.

സർക്കാർ പരിയാരം മെഡിക്കൽ കോളജ് ഏറ്റെടുത്തശേഷം കൂട്ടായി ആലോചിച്ച് ഫീസ് സംബന്ധിച്ച് തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിയാരം മെഡിക്കൽ കോളജിനു നഷ്‌ടമുണ്ടായെങ്കിൽ അതിനു ഗവേണിംഗ് ബോഡി മാത്രമാണ് ഉത്തരവാദിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അമിതമായി ജീവനക്കാരെ നിയമിച്ചും മറ്റും നഷ്‌ടം വരുത്തിയശേഷം അതിന്റെ ഭാരം വിദ്യാർഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നതു ശരിയല്ല. അവിടെ 23 പിആർഒമാരുണ്ടെന്നാണു കേൾക്കുന്നതെന്നും രമേശ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.