ഉലകം ചുറ്റും അന്തർജനം
ഉലകം ചുറ്റും അന്തർജനം
Friday, September 30, 2016 12:15 PM IST
കാസർഗോഡ്: അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് ഇറങ്ങിവരാനാണ് അന്തർജനങ്ങളോടു വി.ടി. ഭട്ടതിരിപ്പാട് ആവശ്യപ്പെട്ടതെങ്കിൽ കാസർഗോഡ് പുല്ലൂരിലെ ശ്രീദേവി അന്തർജനം അതിനുമപ്പുറം പോയി. പുതിയ ദേശങ്ങൾ, കാഴ്ചകൾ, പലതരക്കാരായ മനുഷ്യർ, വിഭിന്നമായ സംസ്കാരങ്ങൾ... അങ്ങനെ പലതും നേരിൽ കണ്ടറിഞ്ഞു. ഓസ്ട്രേലിയ ഒഴികെ മനുഷ്യവാസമുള്ള ഭൂഖണ്ഡങ്ങളിലും ഇന്ത്യയിലെ എല്ലാ സംസ്‌ഥാനങ്ങളും ഈ എഴുപത്തഞ്ചുകാരി യാത്രചെയ്തു കഴിഞ്ഞു. അധ്യാപികയായിരുന്ന ശ്രീദേവി ജോലിയിൽനിന്നു വിരമിച്ചശേഷം ഉറ്റവരും ഉടയവരുമൊന്നും ഒപ്പമില്ലാതെയാണ് ഈ യാത്രകളെല്ലാം നടത്തിയതെന്നതാണു പ്രത്യേകത. ദാരിദ്ര്യത്തോടും അന്നത്തെ സാമൂഹ്യവ്യവസ്‌ഥിതിയോടും നിരന്തരം പടപൊരുതി വിദ്യാഭ്യാസം നേടി ജോലി സമ്പാദിച്ച ശ്രീദേവിക്ക് യാത്രകളും ഒരു പോരാട്ടമായിരുന്നു. താൻ അനുഭവിച്ച നിയന്ത്രണങ്ങൾക്കും ഏകാന്തതയ്ക്കും എതിരേയുള്ള പോരാട്ടം.

ബ്രാഹ്മണസ്ത്രീകളുടെ ജീവിതം കീഴാള സ്ത്രീകളേക്കാൾ മോശമായിരുന്ന കാലഘട്ടത്തിലെ പ്രതിനിധിയാണ് ശ്രീദേവി. തൃശൂർ പുത്തൻചിറയാണ് സ്വദേശം. അക്കാലത്തു നമ്പൂതിരിമാർക്കിടയിൽ ബഹുഭാര്യാത്വം നിലവിലുണ്ടായിരുന്നു. അച്ഛൻ അഞ്ച് വേളി കഴിച്ചു. അഞ്ചു ഭാര്യമാരിലായി 40 മക്കളുണ്ടായിരുന്നു വീട്ടിൽ. നാലാമത്തെ വേളിയിലെ മകളാണു ശ്രീദേവി. ഇല്ലത്തെ പെൺകുട്ടികൾക്ക് അക്കാലത്തു വിദ്യാഭ്യാസം നിഷിദ്ധമാണ്. പുറത്തേക്കിറങ്ങാൻ പാടില്ല. എന്നാൽ, നിർബന്ധത്തിനു വഴങ്ങി മനസില്ലാ മനസോടെ സ്കൂളിൽ ചേർത്തു. ഇരിങ്ങാലക്കുട കുഴിക്കാട്ടുശേരി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലാണു പഠിച്ചത്. സ്കൂൾ അധികൃതർക്ക് ശ്രീദേവിയെ വലിയ കാര്യമായിരുന്നു. രാവിലെ സ്കൂളിൽ പോകുമ്പോൾ ഇല്ലത്തു ഭക്ഷണമൊന്നുമുണ്ടാകില്ല. സ്കൂളിൽനിന്നു പാലും ഉപ്പുമാവും ലഭിക്കും. ഇല്ലത്തെ കുട്ടിയായതിനാൽ ഉച്ചക്കഞ്ഞിയുടെ വെള്ളമൂറ്റി ചോറാക്കി തരും. ഹൈസ്കൂളിലായിരുന്നപ്പോഴും ഇതുതുടർന്നു.

ഒമ്പതിൽ പഠിക്കുമ്പോഴാണു വിവാഹം കഴിക്കുന്നത്. കണ്ണൂർ പിലാത്തറ മാതമംഗലം കൈതപ്രത്തെ ടി.പി. ഗോവിന്ദൻ നമ്പൂതിരിയാണ് വരൻ. പത്താം ക്ലാസ് കഴിഞ്ഞിട്ടേ മലബാറിലേക്കു പോകുകയുള്ളൂവെന്നു വാശിപിടിച്ചു. സ്കൂൾ മാനേജർ ഫാ. ജോസഫ് വിതയത്തിൽ നല്ലൊരു മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ പിന്തുണകൊണ്ടാണ് പഠനം പൂർത്തിയാക്കാൻ കഴിഞ്ഞത്. സ്കൂൾ പഠനകാലത്തുതന്നെ ഹിന്ദി വിദ്വാൻ പരീക്ഷയും പാസായിരുന്നു. മാതമംഗലത്ത് എത്തിയ ഉടൻ വീടിനു സമീപത്തെ സ്കൂളിൽ ഹിന്ദി അധ്യാപികയായി ജോലിക്കു പോയിത്തുടങ്ങി. 1961ൽ കണ്ണൂർ വിമെൻസ് ട്രെയിനിംഗ് സ്കൂളിൽ ടിടിസിക്കു ചേർന്നു. പഠനം കഴിഞ്ഞയുടൻ കുറ്റൂർ സ്കൂളിൽ ടീച്ചറായി പിഎസ്സി വഴി ജോലി ലഭിച്ചു. പിന്നെ പരപ്പ, പെരിയ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലായി 34 വർഷം ജോലി ചെയ്തു. 1998ൽ കോട്ടച്ചേരി ഗവ. എൽപി സ്കൂളിൽ മുഖ്യാധ്യാപികയായി വിരമിച്ചു. പുല്ലൂരിൽ സ്‌ഥിരതാമസമാക്കി.’’


30 വർഷം മുമ്പാണ് ശ്രീദേവി അന്തർജനത്തിന്റെ ഭർത്താവ് മരിച്ചത്. മൂത്തമകൻ ടി.പി.ആർ.നമ്പൂതിരി മൈലാപ്പൂരിലെ മദ്രാസ് സംസ്കൃത കോളജ് പ്രിൻസിപ്പലും ഇളയമകൻ ടി.പി. രാമചന്ദ്രൻ കാനഡയിലെ കാൾഗറിയിൽ ഷെൽ ഓയിൽ കമ്പനിയിലെ ഉദ്യോഗസ്‌ഥനുമാണ്. റിട്ടയർമെന്റ് ജീവിതത്തിലെ ഏകാന്തതയും സാമ്പത്തിക സ്വാതന്ത്ര്യവും തന്നെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ചതായി ശ്രീദേവി പറയുന്നു. മക്കളുടെ പൂർണപിന്തുണയും ഇതിനുണ്ടായി. നാലുതവണ ഇന്ത്യ മുഴുവൻ കറങ്ങി. ഹിമാലയത്തിൽ ആറുതവണ പോയി. 2005ലാണ് കൈലാസം കയറിയത്. മാനസസരസിൽ അന്ന് മൈനസ് അഞ്ചു ഡിഗ്രിയായിരുന്നു തണുപ്പ്. സരസിൽ ഇറങ്ങിക്കുളിച്ചു. മഞ്ഞുകട്ടകൾക്കിടയിലൂടെ നടന്നുപോയി.’’

വിദേശയാത്രാനുഭവങ്ങൾ പറഞ്ഞാലും പറഞ്ഞാലും ഈ മുത്തശിക്ക് തീരില്ല...’’സ്വിറ്റ്സർലൻഡിൽ പോയപ്പോൾ ആൽപ്സ് പർവതത്തിന്റെ മുകളിൽ കയറി. റോപ് വേ പോലത്തെ ട്രെയിനിലായിരുന്നു യാത്ര. ഹെലികോപ്റ്ററിൽ എവറസ്റ്റ് കൊടുമുടിയുടെ മുകളിൽ വട്ടമിട്ടു പറന്നു. പാരീസിലെ ഐഫൽ ടവറിന്റെ മുകളിൽ കയറി. യുഎസ്എയിൽ ഹോളിവുഡ് സ്റ്റുഡിയോകളും ഡിസ്നി ലാൻഡും സന്ദർശിച്ചു. ഏതാണ്ടെല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിച്ചു.

വത്തിക്കാൻ സിറ്റി സന്ദർശിച്ചതും മാർപാപ്പയെ പരിചയപ്പെട്ടതുമെല്ലാം ഇന്നലെയെന്നതുപോലെ അന്തർജനം ഓർക്കുന്നു. ‘’യാചകരില്ലാത്ത സ്‌ഥലമെന്നതാണു വത്തിക്കാൻ സിറ്റിയുടെ പ്രത്യേകത. ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ പിറന്നാൾ ദിനത്തിലാണ് അവിടെ ചെന്നത്. അദ്ദേഹത്തെ കാണണമെന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു. പത്തു സ്കാനറുകൾ കടന്നുവേണം മാർപാപ്പയ്ക്കരികിലെത്താൻ. സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ ആ വലിയ മണി മുഴക്കി. അന്നു മാർപാപ്പയുടെ ആരോഗ്യസ്‌ഥിതി വളരെ മോശമായിരുന്നു. കഴുത്തിലെ മാല അവിടെനിന്നു വെഞ്ചരിച്ചു വാങ്ങി. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിലൊന്നായിരുന്നു അതെന്നു ശ്രീദേവി പറയുന്നു.’’

അടുത്ത യാത്ര മിക്കവാറും ബ്രൂണെയിലേക്കായിരിക്കുമെന്ന് ശ്രീദേവി പറഞ്ഞു. ഇളയമകന് അവിടേക്കു സ്‌ഥലംമാറ്റം ലഭിച്ചിട്ടുണ്ട്. പുതിയ യാത്രയ്ക്കായി മാനസികമായി തയാറെടുക്കുകയാണ് ഈ മുത്തശി.

ഷൈബിൻ ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.