രാജ്യകാര്യത്തിൽ ഒരുമ; പിന്നെയെല്ലാം തർക്കം
Friday, September 30, 2016 12:15 PM IST
തിരുവനന്തപുരം: ഭീകരകേന്ദ്രങ്ങൾക്കെതിരായ ദൗത്യത്തിനു പിന്തുണ നൽകുന്നതിൽ ഭരണ– പ്രതിപക്ഷ ഐക്യം. തൊട്ടടുത്ത നിമിഷം സ്വാശ്രയ വിഷയത്തിലേക്കു കടന്നപ്പോൾ ഇരുവരും വിട്ടുവീഴ്ചയില്ലാത്ത കടുംപിടുത്തത്തിൽ. ഇന്നലെയും നടപടികൾ പൂർത്തിയാക്കാതെ സഭ നേരത്തേ പിരിഞ്ഞു.

ഇന്ത്യൻ സൈന്യം നിയന്ത്രണരേഖ കടന്നു ഭീകരകേന്ദ്രങ്ങൾ ആക്രമിച്ച നടപടിയെ പിന്തുണച്ച് പ്രമേയം അവതരിപ്പിച്ചതു മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. പ്രമേയത്തെ പിന്തുണച്ചതു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒ. രാജഗോപാലും കേന്ദ്രനടപടിയെ പിന്താങ്ങി പ്രസംഗിച്ചു. ബഹളവും മുദ്രാവാക്യം വിളിയുമില്ലാതെ സഭ നടന്നത് ഈയൊരു വേളയിൽ മാത്രം. നിയമസഭാ ഹാളിനു പുറത്തു നടക്കുന്ന നിരാഹാരസമരം അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ പ്രതിപക്ഷം ഇന്നലെ പ്രതിഷേധത്തിന്റെ തീവ്രത അൽപം വർധിപ്പിച്ചു.

അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി പ്രസംഗിച്ച വി.ടി. ബൽറാം മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷമായ കടന്നാക്രമണമാണു നടത്തിയത്.

സൈനിക നടപടി നടത്തുന്നതിനു മുമ്പു മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ വിളിച്ച് കാര്യങ്ങൾ വിശദീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കാട്ടിയ പ്രതിപക്ഷ ബഹുമാനത്തിന്റെ പത്തിലൊരംശം പോലും സ്വാശ്രയ പ്രശ്നത്തിൽ നിരാഹാരം കിടക്കുന്നവരോടു മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടിയില്ലെന്നു ബൽറാം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി എന്തോ വലിയ സംഭവമാണെന്ന ‘തോന്നൽ’ പിണറായി വിജയനുണ്ട്. മുഖ്യമന്ത്രിയെ സ്നേഹബുദ്ധ്യാ ഒന്ന് ഉപദേശിക്കാനുള്ള ‘തോന്നൽ’ പാർട്ടിയിലോ മന്ത്രിസഭയിലോ ആർക്കുമുണ്ടാകുന്നില്ല. മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ ‘തോന്നൽ’ പ്രയോഗം കടമെടുത്തായിരുന്നു ബൽറാമിന്റെ വിമർശനം. സമരം ചെയ്യുന്നവരെ ആക്ഷേപിക്കുന്ന പിണറായി വിജയൻ കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുകയാണെന്നു ബൽറാം പറഞ്ഞു.

സർക്കാരിനു മുമ്പിൽ ഫീസ് സംബന്ധിച്ച് ഒരു പരാതിയുമില്ലെന്നുള്ളതായിരുന്നു സർക്കാർ നിലപാടിന്റെ വിജയത്തിന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജയ്ക്കുള്ള തെളിവ്. തലവരിപ്പണം വാങ്ങുന്നതായി മാധ്യമങ്ങൾക്കു തെളിവുണ്ടെങ്കിൽ അവർ തെളിവു നൽകട്ടെ. ബൽറാമിന്റെ കൈവശം തെളിവുണ്ടെങ്കിൽ അതും തരട്ടെ. സർക്കാർ അന്വേഷിക്കാം. മാനേജ്മെന്റിനെ വരച്ചവരയിൽ നിർത്തി കരാർ ഒപ്പിടീച്ചത് തങ്ങളാണെന്നും മന്ത്രി അവകാശപ്പെട്ടു. അടിസ്‌ഥാനമില്ലാത്ത കാര്യങ്ങളുമായി സമരത്തിനിറങ്ങിയാൽ അതു തീരാൻ കുറച്ചു ബുദ്ധിമുട്ടേണ്ടി വരുമെന്നു കൂടി മന്ത്രി പറഞ്ഞതോടെ സർക്കാരിന്റെ ഉള്ളിലിരിപ്പിനേക്കുറിച്ച് പ്രതിപക്ഷത്തിനും സൂചന കിട്ടി. സമരം തീർക്കാൻ സർക്കാർ തത്കാലം മുൻകൈയെടുക്കില്ലെന്നു വ്യക്‌തം.

തലവരിപ്പണം സംബന്ധിച്ചു വന്ന വാർത്തയിൽ സത്യമുണ്ടോ എന്ന് അന്വേഷിക്കാൻ വിജിലൻസിനോട് ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലവരിപ്പണം വാങ്ങിയാൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

പരിയാരം വിഷയത്തിലേക്കു മുഖ്യമന്ത്രി കടന്നതോടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചോദ്യങ്ങളുമായി എഴുന്നേറ്റു. ഇരുവരും തമ്മിലുള്ള ചോദ്യോത്തരമായി കുറേ സമയം കടന്നുപോയി. പരിയാരം കോളജ് സർക്കാർ ഏറ്റെടുക്കുമെന്നും അതോടെ അവിടെ സർക്കാർ ഫീസ് നിലവിൽ വരുമെന്നുമായിരുന്നു പിണറായിയുടെ ന്യായം.

പരിയാരത്ത് സർക്കാർ മെരിറ്റിൽ നിന്നുള്ളവർക്ക് ഒരു ലക്ഷം രൂപയുടെ വർധന വരുത്തിയതിന്റെ ന്യായമെന്തെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ ചോദ്യം. കോളജിന്റെ സാമ്പത്തിക നില മോശമായതിനാൽ മറ്റു സ്വാശ്രയ കോളജുകളുടെ അതേ ഫീസ് അനുവദിച്ചു കൊടുത്തു എന്നു മറുപടി. എൻആർഐ, മാനേജ്മെന്റ് സീറ്റുകളിൽ മറ്റു സ്വാശ്രയ കോളജുകളുടേതിനേക്കാൾ കുറഞ്ഞ നിരക്കിൽ ഫീസ് ഈടാക്കുകയും മെരിറ്റിൽ തുല്യമാക്കുകയും ചെയ്തതോ എന്നായി ഉമ്മൻ ചാണ്ടി. സർക്കാർ ഏറ്റെടുക്കുന്നതോടെ സർക്കാർ ഫീസ് മാത്രമേ വരൂ എന്നു മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. സർക്കാർ കോളജ് ഏറ്റെടുത്താലും ഈ വർഷം മെരിറ്റിൽ വരുന്ന വിദ്യാർഥികൾ അഞ്ചു വർഷവും ഉയർന്ന ഫീസ് കൊടുക്കേണ്ട അവസ്‌ഥയുണ്ടാകുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.


പരിയാരത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടായെങ്കിൽ അതിന് ഉത്തരവാദി ഗവേണിംഗ് ബോഡി മാത്രമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതിന്റെ ഭാരം വിദ്യാർഥികളുടെ മേൽ കെട്ടിവയ്ക്കുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

തലവരിപ്പണം ഇല്ലാതായെന്നു പറയുന്നവർ ഏതു ഗ്രഹത്തിൽ നിന്നു വരുന്നു എന്നു രമേശ് ചെന്നിത്തല ചോദിച്ചതു വ്യാകരണപ്രിയനായ മന്ത്രി ജി. സുധാകരന് ഇഷ്‌ടപ്പെട്ടില്ല. മുഖ്യമന്ത്രിയേക്കുറിച്ച് ഇങ്ങനെ പറയുന്നതു ശരിയല്ലെന്നും പിൻവലിക്കണമെന്നും സുധാകരൻ ക്രമപ്രശ്നത്തിലൂടെ ആവശ്യപ്പെട്ടു. ഇങ്ങനെ പറയുന്നവർ ഏതു നരകത്തിൽ നിന്നു വരുന്നു എന്നു താൻ പറഞ്ഞാൽ അതും മോശമാണെന്നു കൂടി സുധാകരൻ പറഞ്ഞു. നരകത്തിൽ പോയില്ലെങ്കിലും ശുദ്ധീകരണസ്‌ഥലത്തു പോകേണ്ടി വരുമെന്നു കെ.എം. മാണി പറഞ്ഞു.

എന്നാൽ, സുധാകരനു മറുപടി പറയാൻ പോലും രമേശ് തയാറായില്ല. സുധാകരൻ പലതും പറയും, സുധാകരനു മറുപടിയില്ല എന്നു രമേശ് പറയുകയും ചെയ്തു. ഇതുകേട്ടു ചൊടിച്ച സുധാകരൻ ഇയാളാരാ എന്നു ചോദിച്ചു തുടങ്ങിയപ്പോൾ തന്നെ മൈക്ക് ഓഫ് ചെയ്തതിനാൽ ബാക്കി കേൾക്കാനുള്ള ഭാഗ്യം ഉണ്ടായില്ല.

വ്യാഴാഴ്ച സഭാസ്തംഭനത്തേത്തുടർന്നു കക്ഷിനേതാക്കളുടെ യോഗത്തിൽ ധാരണയുണ്ടായില്ലെന്ന വാർത്തകൾ മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചു. തന്നെയാരും യോഗത്തിനു വിളിച്ചില്ലെന്നും അങ്ങയൊരു യോഗം സ്പീക്കർ വിളിച്ചിട്ടില്ലെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷം ബഹളം കൂട്ടിയെങ്കിലും താൻ വിശദീകരണം നൽകിക്കൊള്ളാമെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഇരുഭാഗത്തുള്ളവരുമായി ആശയവിനിമയം നടത്തുകയാണു ചെയ്തതെന്നും കക്ഷി നേതാക്കളെ വിളിച്ചില്ലെന്നും സ്പീക്കർ വിശദീകരിച്ചു. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ സ്പീക്കർ കക്ഷിനേതാക്കളുടെ യോഗമാണു വിളിക്കാറുള്ളതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. സ്പീക്കർ വിളിച്ചാൽ തങ്ങൾ യോഗത്തിൽ പങ്കെടുക്കുമെന്നും അപ്പുറത്തെ കാര്യം അറിയില്ലെന്നും പറഞ്ഞു ഭരണപക്ഷത്തിനിട്ടൊന്നു തോണ്ടാനും രമേശ് മറന്നില്ല.

ഏതായാലും സഭ നിർത്തിവച്ചുള്ള ചർച്ചയില്ലെന്നു സ്പീക്കർ അറിയിച്ചതോടെ സഭാനടപടികളുമായി സഹകരിക്കാൻ നിർവാഹമില്ലെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തെ സ്പീക്കർ ചെറുതായൊന്നു ശിക്ഷിച്ചു. ശൂന്യവേള കഴിയുന്നതു വരെ സഭാനടപടികൾ ബഹളത്തിനിടയിലും നീട്ടിക്കൊണ്ടുപോയി. മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷത്തെ യുവകേസരികൾ വലഞ്ഞു. ഇതിനിടെ രോഷാകുലനായി അൻവർ സാദത്ത് മുദ്രാവാക്യം മുഴക്കി സ്പീക്കറുടെ ഡയസിലേക്കു തള്ളിക്കയറി. ഒടുവിൽ പ്രതിപക്ഷാംഗങ്ങൾ തന്നെ ബലം പ്രയോഗിച്ച് അൻവർ സാദത്തിനെ താഴെയിറക്കി.

പ്രതിപക്ഷം സഭയ്ക്കുള്ളിലിരുന്നു പ്രതിഷേധിച്ചപ്പോൾ കെ.എം. മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് അംഗങ്ങൾ വാക്കൗട്ട് നടത്തി പ്രതിഷേധം പ്രകടിപ്പിച്ചു. നിയമസഭ ഇന്നും നാളെയും സമ്മേളിക്കുന്നില്ലെങ്കിലും നിരാഹാരസമരം തുടരുകയാണ്. തിങ്കളാഴ്ച സഭ വീണ്ടും ചേരുമ്പോഴേക്കും നിരാഹാരം ആറാം ദിവസത്തിലേക്കു കടക്കും. സമരം തീർക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്ന് ഇതുവരെ മുൻകൈയൊന്നുമുണ്ടാകാത്ത സാഹചര്യത്തിൽ തിങ്കളാഴ്ചയും സഭാസ്തംഭനത്തിനു തന്നെ സാധ്യത.

സാബു ജോൺ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.