കേരള കോൺഗ്രസ്–എം സ്വതന്ത്ര നിലപാടിലുറച്ച് മുന്നോട്ടുപോകും: കെ.എം. മാണി
കേരള കോൺഗ്രസ്–എം  സ്വതന്ത്ര നിലപാടിലുറച്ച് മുന്നോട്ടുപോകും: കെ.എം. മാണി
Friday, September 30, 2016 12:07 PM IST
കൊല്ലം: സ്വതന്ത്ര നിലപാടിലുറച്ച് കേരള കോൺഗ്രസ്–എം മുന്നോട്ടുപോകുമെന്നു ചെയർമാൻ കെ.എം. മാണി. യുഡിഎഫ് ബന്ധം വിച്ഛേദിച്ച നടപടി നേരത്തേ ആകാമായിരുന്നുവെന്ന പൊതുവികാരമാണ് എല്ലാവരും പ്രകടിപ്പിക്കുന്നത്. കേരളാ കോൺഗ്രസ്–എം ജില്ലാ പ്രവർത്തക കൺവൻഷൻ കൊല്ലത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസായാലും വി.എസ് ആയാലും പിണറായിയായാലും നല്ലത് ചെയ്താൽ അതിനെ പിന്തുണയ്ക്കുന്നതാണ് ഞങ്ങളുടെ നിലപാട്. സ്വാശ്രയ ഫീസ് ഒറ്റയടിക്ക് ഇത്രയും വർധിപ്പിച്ചതിനു ന്യായമില്ല. ഫീസ് വർധനയ്ക്കെതിരെ ശക്‌തമായ നിലപാട് ആവശ്യമാണ്. പിണറായി സർക്കാർ നല്ലതു ചെയ്താൽ അഭിനന്ദിക്കാൻ മടിയില്ല. എന്നാൽ, അഭിനന്ദിക്കേണ്ട കാര്യങ്ങളൊന്നും ഇതേവരെ ചെയ്തിട്ടില്ല.


പാർട്ടി എന്നും ശരിയുടെ പക്ഷത്തായിരുന്നു. ദേശീയതലത്തിൽ പ്രാദേശിക പാർട്ടികളുടെ പ്രസക്‌തി വർധിക്കുകയാണ്. ചെറുപാർട്ടികളെ ഒഴിവാക്കി മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ബെന്നി കക്കാട് അധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സി.എഫ്. തോമസ് എംഎൽഎ, ജോയി ഏബ്രഹാം എംപി, ജോസ് കെ. മാണി എംപി, തോമസ് ഉണ്ണിയാടൻ, അറയ്ക്കൽ ബാലകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.