വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രത്തിൽ 12 സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രത്തിൽ 12 സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ
Friday, September 30, 2016 11:59 AM IST
തലശേരി: തലശേരി പിയർ റോഡിലെ അമൃത കോളജ് എന്ന വിദ്യാഭ്യാസ സ്‌ഥാപനത്തിന്റെ മറവിൽ 12 സർവകലാശാലകളുടെ ആയിരത്തിലേറെ വ്യാജസർട്ടിഫിക്കറ്റുകൾ വില്പന നടത്തിയതായി കണ്ടെത്തി. വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിന്റെ മറവിലാണു വ്യാജ സർട്ടിഫിക്കറ്റ് മാഫിയ പ്രവർത്തിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ബന്ധമുള്ള വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ കണ്ണികളാണു തലശേരിയിൽ പിടിയിലായതെന്നാണു പോലീസിന്റെ പ്രഥമിക നിഗമനം. ഇന്നലെ പോലീസ് നടത്തിയ പരിശോധനയിൽ സർട്ടിഫിക്കറ്റുകൾ തയാറാക്കാൻ ഉപയോഗിക്കുന്ന മെഷീനും പ്രിന്ററും മഷിയും പിടിച്ചെടുത്തു.

പ്രിന്റ് ചെയ്തതും ചെയ്യാത്തതുമായി നിരവധി സർട്ടിഫിക്കറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. വിവിധ സർവകലാശാലകളുടെ ചെയർമാൻ, വൈസ് ചാൻസലർ, പരീക്ഷാ കൺട്രോളർ തുടങ്ങിയവരുടെ പേരിലുള്ള സീലുകളും കണ്ടെടുത്തിട്ടുണ്ട്. റീജണൽ എഡ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലായിരുന്നു വിദ്യാഭ്യാസ സ്‌ഥാപനം പ്രവർത്തിച്ചിരുന്നത്. സ്‌ഥാപന ഉടമയായ പിണറായി പാറപ്രത്തെ അജയൻ വടക്കയിൽ(45), തിരുവനന്തപുരം വട്ടിയൂക്കാവിലെ ഹിൽവ്യൂവിൽ ടിന്റു പി. ഷാജി എന്നിവരെ വ്യാഴാഴ്ച രാത്രി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതി റിമാൻഡ് ചെയ്തു. ലോഗൻസ് റോഡിലെ ഇടുങ്ങിയ മുറിയാണു ട്രസ്റ്റ് ഓഫീസായി പ്രവർത്തിപ്പിച്ചുവന്നിരുന്നത്. ഇവിടെയും പരിശോധന നടത്തിയ പോലീസ് നിർണായക തെളിവുകൾ പിടിച്ചെടുത്തിട്ടുണ്ട്.

എസ്എസ്എൽസി വ്യാജ സർട്ടിഫിക്കറ്റും നിർമിച്ചുനൽകിയിട്ടുണ്ട്. എസ്എസ്എൽസി സർട്ടിഫിക്കറ്റിനു 40,000 രൂപ മുതലും ബിരുദ, ബിരുദാനന്തര, പ്രഫഷണൽ കോഴ്സുകളുടെ സർട്ടിഫിക്കറ്റിന് ഒന്നര ലക്ഷം രൂപ വരേയും ഈടാക്കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം, ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച അമൃത കോളജിൽ നടത്തിയ റെയ്ഡിലാണു വ്യാജ സർട്ടിഫിക്കറ്റ് നിർമാണകേന്ദ്രത്തിന്റെ ചുരുളഴിഞ്ഞത്. ഭാരതരത്നം ഉൾപ്പെടെയുള്ള കേന്ദ്രസർക്കാരിന്റെ പരമോന്നത ബഹുമതികൾ ഉൾപ്പെടെ ലഭിച്ചതായി കാണിക്കുന്ന ഫലകങ്ങളും സർട്ടിഫിക്കറ്റുകളും ഓഫീസിൽ പ്രദർശിപ്പിച്ചിട്ടുമുണ്ടായിരുന്നു.


സ്‌ഥാപനത്തിലെ അഞ്ചു വനിതാ ജീവനക്കാർ തൊഴിൽപ്രശ്നവുമായി ബന്ധപ്പെട്ടു പോലീസിൽ പരാതി നൽകിയിരുന്നു. ഇത് അന്വേഷിക്കുന്നതിനിടെ ജീവനക്കാർ നൽകിയ വിവരങ്ങളിൽ സംശയം തോന്നിയ പോലീസ് സ്‌ഥാപനം നിരീക്ഷിച്ചുവരികയായിരുന്നു.

അജയനു നാലു വീടും നാലു വാഹനങ്ങളും

തലശേരി: വ്യാജ സർട്ടിഫിക്കറ്റ് നിർമാണത്തിലൂടെ അജയൻ സമ്പാദിച്ചതു കോടികൾ. കഴിഞ്ഞ വർഷം മാത്രം രണ്ടു കോടി രൂപ സമ്പാദിച്ചതായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. പിണറായിയിൽ മൂന്നു വീടുകൾ സ്വന്തമായുള്ള ഇയാൾ തിരുവനന്തപുരത്ത് ആധുനിക സൗകര്യങ്ങളുള്ള വീടു നിർമിക്കുന്നുമുണ്ട്.

ഒരു ടൂറിസ്റ്റ് ബസും മൂന്നു കാറുകളും ഇയാൾക്കുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയതായി സിഐ പ്രദീപ് കണ്ണിപ്പൊയിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.