അമ്പലമുകളിൽ വാതകം ചോർന്നു; നിരവധി പേർക്കു ദേഹാസ്വാസ്‌ഥ്യം
അമ്പലമുകളിൽ വാതകം ചോർന്നു; നിരവധി പേർക്കു ദേഹാസ്വാസ്‌ഥ്യം
Thursday, September 29, 2016 1:46 PM IST
കിഴക്കമ്പലം (കൊച്ചി): അമ്പലമുകളിൽ വ്യവസായമേഖലയിൽനിന്നു ചോർന്ന വാതകം ശ്വസിച്ചു കുഴിക്കാട് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും ശ്വാസതടസവും ദേഹാസ്വാസ്‌ഥ്യവും അനുഭവപ്പെട്ടു. ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ സംഭവം.

മുപ്പതോളം വിദ്യാർഥികളെയും അധ്യാപകരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നു ഡോക്ടർമാർ പറഞ്ഞു.

വ്യവസായ മേഖലയ്ക്കു സമീപത്തുനിന്നുയർന്ന വാതകത്തിന്റെ രൂക്ഷഗന്ധം ക്ലാസ് മുറികളിലേക്കു പടർന്ന ഉടൻതന്നെ വിദ്യാർഥികൾക്കും അധ്യാപകർക്കും തലകറക്കവും ഛർദിയും അനുഭവപ്പെടുകയായിരുന്നു. സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെ തുടർന്നു പോലീസും അഗ്നിശമനസേനയും നാട്ടുകാരുമെത്തി ദേഹാസ്വാസ്‌ഥ്യമുണ്ടായവരെയെല്ലാം ആശുപത്രികളിലെത്തിച്ചു.

കൊച്ചിൻ റിഫൈനറി ഉൾപ്പെടെ നിരവധി വ്യവസായസ്‌ഥാപനങ്ങൾ പ്രവർത്തിക്കുന്ന അമ്പലമുകൾ വ്യവസായമേഖലയിൽ ഏതു കമ്പനിയിൽനിന്നാണു വാതകം ചോർന്നതെന്നു വ്യക്‌തമായിട്ടില്ലെന്നാണ് അറിയുന്നത്. സംഭവത്തിൽ അമ്പലമേട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വാതകം ചോർന്നെന്ന വിവരമറിഞ്ഞു ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ, പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേലായുധൻ, സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ്, പഞ്ചായത്തംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്‌ഥർ, റിഫൈനറി കമ്പനി അധികൃതർ തുടങ്ങിയവർ സ്‌ഥലത്തെത്തി.


കളക്ടറുടെ അധ്യക്ഷതയിൽ സ്കൂളിന്റെയും വിവിധ കമ്പനികളുടെയും അധികൃതരും ജനപ്രതിനിധികളും പിന്നീടു യോഗം ചേർന്നു സ്‌ഥിതിഗതികൾ വിലയിരുത്തി. മൂന്നു ദിവസത്തേക്കു സ്കൂളിനു കളക്ടർ അവധി പ്രഖ്യാപിച്ചു. എഫ്എസിടിയുടെ സ്‌ഥലത്തേക്കു സ്കൂളിന്റെ പ്രവർത്തനം തത്ക്കാലം മാറ്റിയേക്കുമെന്നും സൂചനയുണ്ട്.

വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവർ–തൃപ്പൂണിത്തുറ വി.കെ.എം. ആശുപത്രി: വിദ്യാർഥികളായ കെ.എസ്. മഹി (10), മനു കൃഷ്ണ (14), അമൽ (10), കീർത്തി (13), അലീന (13), ആര്യനന്ദ പ്രദീപ് (16), രശ്മി (14), നന്ദന രാജേഷ് (10), അതുല്യ അശോകൻ (7), അക്ഷയ് അശോകൻ (12), അനുശ്രീ (13), വിജിത (10), വിജിത്ത് (8), ആശ (10), അഭിജിത്ത് (13), അഞ്ജലി (12), ആഷ്ന സുരേഷ് (12), അനാമി ചന്ദ്രൻ (13), ഗായത്രി (14), സഞ്ജീവ് (18), മുഹമ്മദ് (18), സുജാത (14), അനന്തു (10), മീനാക്ഷി (15), അധ്യാപകരായ ശ്രീകുമാർ (40), ബിന്ദു (35), ഓഫീസ് സ്റ്റാഫ് വാഹിദ (35).

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി: വിദ്യാർഥികളായ ബിൻസി (10), മീരാദാസ് (12), കൃപ (12), റജീന (12), ആതിൽ (10), മലർ (10), സ്കൂൾ പാചകക്കാരി സജന (30). എണറാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി:

വിദ്യാർഥികളായ നിധിന (14), രശ്മി (14), അധ്യാപിക എം.കെ. മേരി (51).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.