ഇരുമ്പനം ഐഒസിയിലെ ടാങ്കർ സമരം; ഇന്ധനനീക്കം നിലച്ചു
Thursday, September 29, 2016 1:46 PM IST
കൊച്ചി: ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഇരുമ്പനത്തെ പ്ലാന്റിൽ ടാങ്കർ ലോറി ഉടമകളും തൊഴിലാളികളും ആരംഭിച്ച അനിശ്ചിതകാല സമരം തുടരുന്നു. ട്രാൻസ്പോർട്ടേഷൻ ടെൻഡറിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എച്ച്പിസി, ബിപിസിൽ, ഐഒസി ട്രാൻസ്പോർട്ടിംഗ് എന്നിവയുടെ കോ–ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണു സമരം. ടെൻഡർ വ്യവസ്‌ഥകളിലെ അപാകതകളെച്ചൊല്ലി ഓണത്തിനുമുമ്പ് ടാങ്കറുടമകൾ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും സർക്കാർ ഇടപെട്ടതിനെത്തുടർന്നു മാറ്റുകയായിരുന്നു. ബുധനാഴ്ച കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് പണിമുടക്ക് ആരംഭിച്ചത്.

സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിലേക്കുമുള്ള ഇന്ധനനീക്കം നിലച്ചു. സംസ്‌ഥാനത്തെ നിരവധി ഐഒസി പമ്പുകളിൽ ഇന്നലെത്തന്നെ സ്റ്റോക്ക് തീർന്നുതുടങ്ങി. പണിമുടക്കിനെ തുടർന്ന് ഇന്നലെ ഒരു ലോഡുപോലും പമ്പുകളിലേക്കു പോയിട്ടില്ല.

മാനേജ്മെന്റ് ടെൻഡർ നടപടികളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്തതാണ് പ്രശ്നം രൂക്ഷമാകാൻ കാരണമെന്നു കോ–ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. ടെൻഡർ നടപടികളുമായി തന്നെ മാനേജ്മെന്റ് മുന്നോട്ടുപോകാൻ തീരുമാനിച്ചാൽ അമ്പലമുകളിലെ മറ്റു കമ്പനികളായ ബിപിസിഎൽ, എച്ച്പിസി എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ധനനീക്കവും നിലയ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.