നിരന്തരം വിമർശിക്കുന്നത് ആശാസ്യമല്ലെന്ന് സ്പീക്കർ
നിരന്തരം വിമർശിക്കുന്നത് ആശാസ്യമല്ലെന്ന് സ്പീക്കർ
Thursday, September 29, 2016 1:46 PM IST
തിരുവനന്തപുരം: നിയമസഭയ്ക്ക് അകത്തും പുറത്തും ചെയറിന്റെ റൂളിംഗിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരന്തരം വിമർശിക്കുന്നത് ആശാസ്യമല്ലെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നിയമസഭയിൽ ദീർഘകാലമായി പാരമ്പര്യമുള്ളയാളാണു പ്രതിപക്ഷനേതാവ്. അദ്ദേഹം സ്പീക്കറുടെ സ്‌ഥിരം വിമർശകനായി മാറുന്നതു ഖേദകരമാണ്. പ്രതിപക്ഷത്തിന്റെയും പ്രതിപക്ഷ നേതാവിന്റെയും എല്ലാ അവകാശങ്ങളും സംരക്ഷിക്കാനുള്ള ബാധ്യത ചെയറിനുണ്ട്. അതു നിർവഹിച്ചാണ് ചെയർ പ്രവർത്തിക്കുന്നത്. കീഴ്വഴക്കങ്ങൾ യാന്ത്രികമായി നടപ്പാക്കാനുള്ളതല്ല, സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. ചോദ്യോത്തരവേളയിൽ പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കത്തക്ക തരത്തിലുള്ള അടിയന്തര സാഹചര്യം ബോധ്യപ്പെടാത്ത പശ്ചാത്തലത്തിലാണ് അനുമതി നിഷേധിച്ചത്. സഭാനടപടികൾ തുടർച്ചയായി തടസപ്പെടുത്തുന്നതു ശരിയല്ലെന്നും സ്പീക്കർ നിയമസഭയിൽ പറഞ്ഞു.


എന്നാൽ, ഇഎംഎസ് നമ്പൂതിരിപ്പാട് പ്രതിപക്ഷ നേതാവായിരുന്ന കാലത്തു ചോദ്യോത്തരവേളയിൽ സംസാരിക്കാൻ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോൻ അനുവദിച്ച കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓർമിപ്പിച്ചു. അന്ന് എംഎൽഎമാർ നിരാഹാരം കിടക്കുന്ന വിഷയമാണു ചോദ്യോത്തരവേളയ്ക്ക് മുമ്പ് ഇഎംഎസ് ഉന്നയിച്ചത്.

സംസാരിക്കാൻ അനുവദിച്ചെന്നു മാത്രമല്ല മറ്റ് നാലുപേരെ സംസാരിക്കാനും അനുവദിച്ചു. ഇതിനു ശേഷമാണ് ചോദ്യോത്തരവേള ആരംഭിച്ചത്. അന്നു റൂളൊന്നും നോക്കിയില്ല. ഇഎംഎസ് ഇരിക്കുന്ന അതേ സീറ്റിലിയിരുന്നാണു താനും ഇക്കാര്യം ഉന്നയിച്ചത്. വി.എസ് പ്രതിപക്ഷ നേതാവായിരുന്നപ്പോഴും നിരവധി തവണ സംസാരിക്കാൻ അവസരം നൽകിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയെ വ്യക്‌തിപരമായി അധിക്ഷേപിച്ചപ്പോൾ രണ്ടു തവണ മാത്രമാണ് വി.എസിന്റെ മൈക്ക് ഓഫാക്കിയത് –സ്പീക്കർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.