’ ഞാൻ ജീവിച്ചിരിക്കുന്നത് മിനി ടീച്ചറുടെ വൃക്കയിലൂടെ, അവയവദാനം ചെയ്തവരെ അപമാനിക്കരുത് ‘
’ ഞാൻ ജീവിച്ചിരിക്കുന്നത് മിനി ടീച്ചറുടെ വൃക്കയിലൂടെ, അവയവദാനം ചെയ്തവരെ അപമാനിക്കരുത് ‘
Thursday, September 29, 2016 1:46 PM IST
കോട്ടയം: മിനി എം. മാത്യു എന്ന അധ്യാപിക ദാനം നൽകിയ വൃക്ക സ്വീകരിച്ചാണു താനിന്നു ജീവിക്കുന്നതെന്നും ഇതിനെതിരേ ചിലർ നടത്തുന്ന പ്രചാരണങ്ങൾ അടിസ്‌ഥാനരഹിതമാണെന്നും കൊട്ടാരക്കര സ്വദേശി കെ.വി. രമ്യ. മെഡിക്കൽ രേഖകളുമായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ. പാറമ്പുഴ ഹോളി ഫാമിലി ഹൈസ്കൂൾ അധ്യാപികയായ മിനി എം. മാത്യുവിനും തനിക്കും എതിരേ ചിലർ ഉയർത്തുന്ന ആരോപണങ്ങൾ തുടർന്നാൽ നിയമനടപടിയിലേക്കു കടക്കുമെന്നും രമ്യ പത്രസമ്മേളനത്തിൽ പറഞ്ഞു.

മിനി വൃക്ക ദാനംചെയ്തിട്ടില്ലെന്നും പണം തട്ടിയെടുക്കാൻ സ്വീകർത്താവായ യുവതിയുമായിച്ചേർന്നു വ്യാജ പ്രചാരണം നടത്തുകയാണെന്നും ചൂണ്ടിക്കാട്ടി കുറുപ്പന്തറ കാഞ്ഞിരത്താനം വെങ്ങിണിക്കൽ വീട്ടിൽ തങ്കമ്മ ഭാസി പരാതി നൽകിയതിനെത്തുടർന്നു മെഡിക്കൽ സംഘം കോട്ടയം മെഡിക്കൽ കോളജിൽ പരിശോധനയ്ക്കു വിധേയയാക്കിയിരുന്നു. വൃക്കദാനത്തിന് വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച മൂന്നു മാസത്തെ മെഡിക്കൽ ലീവ് റദ്ദാക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചു കോട്ടയം ഡിഡിഇയുടെ നിർദേശപ്രകാശം മെഡിക്കൽ ബോർഡ് നടത്തിയ പരിശോധനയിൽ ഇടതുവൃക്ക നീക്കം ചെയ്തതായി മെഡിക്കൽ ബോർഡിന്റെ പരിശോധനയിലും മെഡിക്കൽ കോളേജിൽ നടത്തിയ സിടി സ്കാൻ പരിശോധനയിലും ബോധ്യപ്പെട്ടു. തുടർന്നു മിനി മറ്റാർക്കോ വൃക്ക വിറ്റതാണെന്നും രമ്യ സ്വീകരിച്ചിരിക്കുന്നത് അവരുടെ അച്ഛന്റെ വൃക്കയാണെന്നും തങ്കമ്മയും പൊതുപ്രവർത്തക രാജി ചന്ദ്രനും പത്രസമ്മേളനത്തിൽ ആരോപിച്ചതിനു പിന്നാലെയാണ് ഇന്നലെ രമ്യ കോട്ടയം പ്രസ് ക്ലബിലെത്തിയത്.

വൃക്ക മാറ്റിവച്ചതിന്റെ പേരിൽ താനും കുടുംബാംഗങ്ങളും നേരിടുന്നത് മറ്റാർക്കുമില്ലാത്ത അനുഭവങ്ങളെന്ന് കൊട്ടാരക്കര കുന്നുംപുറത്ത് ചാരുവിള വീട്ടിൽ കെ.വി. രമ്യ പറഞ്ഞു. 18 വയസ് മുതൽ വൃക്കരോഗബാധിതയായി 2007ൽ പിതാവ് വേലായുധന്റെ വൃക്ക സ്വീകരിച്ചിരുന്നു. എന്നാൽ ഇതിന്റെ പ്രവർത്തനം 2010ഓടെ തകരാറിലായതിനെത്തുടർന്ന് 2014ൽ നവംബറിൽ വീണ്ടും ശസ്ത്രക്രിയയ്ക്കു വിധേയയായി. ഫാ. ഡേവിഡ് ചിറമ്മൽ നേതൃത്വം നൽകുന്ന കിഡ്നി ഫെഡറേഷൻ മുഖേനയാണ് മിനി എം. മാത്യു വൃക്കദാനത്തിനു തയാറായത്. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും ആവശ്യമായ പണം സ്വരൂപിച്ചത് മിനിയും കൂടി ചേർന്നാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.


താൻ മിനിയിൽനിന്നു വൃക്ക സ്വീകരിച്ചിട്ടില്ലെന്നും ഇതിനായി സ്വരൂപിച്ച പണം കൈക്കലാക്കിയെന്നുമാണ് പലരുടെയും ആരോപണം. ആരോപണം ഉന്നയിക്കുന്നവരുമായി മുൻപരിചയം തനിക്കില്ല. ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നതിലൂടെ ഇവർക്കെന്താണ് നേട്ടമെന്ന് തനിക്കറിയില്ലെന്നും രമ്യ കോട്ടയത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. സാമ്പത്തികമായി ഏറെ ക്ലേശിക്കുന്ന താൻ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കേണ്ട സമയത്തുപോലും ആക്ഷേപങ്ങൾക്കു വിധേയയാവുകയായിരുന്നു. മിനി എം. മാത്യുവിനെതിരേ ചില തത്പരകക്ഷികൾ ആരോപണം ഉന്നയിക്കുമ്പോഴൊക്കെ തെളിവില്ലെന്ന പോലെ പോലീസ് സ്റ്റേഷനിലും, പത്രസമ്മേളനങ്ങളിലും തനിക്ക് പങ്കെടുക്കേണ്ടി വരുന്നുണ്ട്.

വൃക്കതട്ടിപ്പ് എന്ന പേരിൽ വ്യാജവാർത്തകൾ വരുന്നത് തന്നെ സമൂഹത്തിന് മുന്നിൽ ഏറെ അപഹാസ്യയാക്കുന്നുണ്ടെന്നും രമ്യ പറഞ്ഞു. ഇപ്പോഴും ഓരോ മാസവും പതിമൂവായിരത്തിലധികം രൂപയുടെ മരുന്ന് കഴിക്കുന്നുണ്ട്. അതിനിടെ കഴിഞ്ഞദിവസം ചെയ്ത രക്‌തപരിശോധനയിൽ മഞ്ഞപ്പിത്തം ഉൾപ്പെടെ അപാകതകൾ കണ്ടെത്തിയതിനെ തുടർന്ന് പൂർണ വിശ്രമം നിർദേശിച്ചിരിക്കുകയാണ്.

ശാരീരിക അവശതകളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഏറെ തളർത്തിയ തന്റെ പേരിൽ വ്യാജ ആരോപണങ്ങൾ കൂടി വരുന്നത് ഏറെ മാനസിക വിഷമത്തിനിടയാക്കുന്നുണ്ടെന്നും രമ്യ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.