ദമ്പതികളെ ബന്ദിയാക്കി കൊള്ള: നാലുപേർ അറസ്റ്റിൽ
ദമ്പതികളെ ബന്ദിയാക്കി കൊള്ള: നാലുപേർ അറസ്റ്റിൽ
Thursday, September 29, 2016 1:35 PM IST
മഞ്ചേശ്വരം(കാസർഗോഡ്): കടമ്പാർകട്ടയിൽ ദമ്പതികളെ വാൾമുനയിൽ നിർത്തി കാറും സ്വർണവും പണവും കൊള്ളയടിച്ച കേസിൽ നാലുപേരെ ജില്ലാ പോലീസ് മേധാവി തോംസൺ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

മഞ്ചേശ്വരം തൂമിനാട് ഹിൽടോപ്പ് നഗറിലെ അബ്ദുൾറഹ്മാൻ മുബാറക് (26), മഞ്ചേശ്വരം ഉദ്യാവറിലെ മുഹമ്മദ് ഹനീഫ (26), ഉദ്യാവർ റെയിൽവേ ഫസ്റ്റ് സിഗ്നലിലെ യു.ഇംതിയാസ് (28), ഉദ്യാവർ കുണ്ടുകൊളക്കെ ഫസ്റ്റ് സിഗ്നലിനു സമീപത്തെ മൊയ്തീൻ അൻസാർ(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ അബ്ദുൾറഹ്മാൻ മുബാറക് പോലീസുകാരനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ്.

കഴിഞ്ഞ ഒൻപതിനു പുലർച്ചെ രണ്ടോടെയാണ് ആർഎസ്എസ് താലൂക്ക് സംഘ് ചാലക് രവീന്ദ്രഷെട്ടിയെയും ഭാര്യ മഹാലക്ഷ്മിയെയും മുഖംമൂടി സംഘം അക്രമിക്കുകയും വാൾമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി അലമാരയിൽ സൂക്ഷിച്ചിരുന്ന 19.5 പവൻ സ്വർണവും 25,500 രൂപയും രണ്ടു മൊബൈൽ ഫോണുകളും കൊള്ളയടിച്ചത്.


തുടർന്നു ദമ്പതികളെ മുറിയിൽ പൂട്ടിയിട്ടശേഷം വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന റിറ്റ്സ് കാറുമായി കടന്നുകളയുകയായിരുന്നു.

മൂന്നു പ്രതികളെ തലപ്പാടിയിൽനിന്നും ഒരാളെ ഹൊസങ്കടിയിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. കവർച്ച ചെയ്തവയിൽ കാറും 22,000 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

അതേസമയം, ആഭരണങ്ങളിൽ ഒരു കരിമണിമാലയും ഒരു വജ്രമോതിരവും മാത്രമേ കണ്ടെടുക്കാനായിട്ടുള്ളൂ. കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട ഓട്ടോ ഡ്രൈവർ കെദുമ്പാടിയിലെ ഹനീഫി(25)നെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.