സ്കൂട്ടറിനു പിന്നിൽ ബസിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു
സ്കൂട്ടറിനു പിന്നിൽ ബസിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു
Thursday, September 29, 2016 1:28 PM IST
കണ്ണൂർ: സ്കൂട്ടറിനു പിന്നിൽ ബസിടിച്ചു പിതാവിനൊപ്പം സഞ്ചരിക്കുകയായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു. കാഞ്ഞിരോട് തലമുണ്ടയിലെ ഹരീഷ്–പുഷ്പ ദമ്പതികളുടെ മകൾ ആതിര(20)യാണു മരിച്ചത്. പരിക്കേറ്റ ഹരീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താഴെചൊവ്വ റെയിൽവേ ഗേറ്റിനു സമീപം ഇന്നലെ രാവിലെ 9.20ഓടെയായിരുന്നു അപകടം. കണ്ണൂർ എസ്എൻ കോളജിലെ മൂന്നാം വർഷ ചരിത്ര വിദ്യാർഥിനിയായ ആതിരയുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ചുമാസം ആയതേയുള്ളൂ. കൂടാളിയിലെ രാജേഷ് ഹോട്ടൽ ഉടമ രതീഷ് ആണ് ഭർത്താവ്.

ഇന്നലെ രാവിലെ പിതാവിനോടൊപ്പം സ്കൂട്ടറിൽ കോളജിലേക്കു പോകുന്നതിനിടെ കണ്ണൂരിൽനിന്നു കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎൽ 11 എപി 6399 നമ്പർ ഒമേഗ ബസിടിക്കുകയായിരുന്നു. സ്കൂട്ടറിൽനിന്നു തെറിച്ചുവീണ ആതിരയുടെ ദേഹത്തുകൂടി ബസിന്റെ ചക്രം കയറിയിറങ്ങുകയും സംഭവസ്‌ഥലത്തുവച്ചു തന്നെ മരിക്കുകയും ചെയ്തു. അജേഷ് ഏക സഹോദരനാണ്.


അപകടത്തെത്തുടർന്ന് രോഷാകുലരായ ജനക്കൂട്ടം അപകടത്തിനിടയാക്കിയ ബസിന്റെ മുൻവശം അടിച്ചുതകർത്തു. എസ്എൻ കോളജിലെ വിദ്യാർഥികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഒരു മണിക്കൂറോളം താഴെചൊവ്വ ബൈപ്പാസിൽ റോഡ് ഉപരോധിക്കുകയും ചെയ്തു.

ചില ബസുകൾക്കുനേരേ കല്ലേറുമുണ്ടായി. കണ്ണൂർ ജില്ലാ പോലീസ് മേധാവി സഞ്ജയ്കുമാർ സ്‌ഥലത്തെത്തി വിദ്യാർഥികളും നാട്ടുകാരുമായി ചർച്ച നടത്തുകയും താഴെചൊവ്വയിൽ ഡിവൈഡറും കാമറകളും സ്‌ഥാപിക്കുമെന്നും അമിതവേഗത്തിൽ പോകുന്ന വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഉറപ്പു നൽകുകയും ചെയ്തതിനെത്തുടർന്നാണ് ഉപരോധം പിൻവലിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.