രാജ്യത്തെ മുഴുവൻ കർഷകർക്കും സോയിൽ ഹെൽത്ത് കാർഡുകൾ നൽകും: കേന്ദ്ര കൃഷിമന്ത്രി
രാജ്യത്തെ മുഴുവൻ കർഷകർക്കും സോയിൽ ഹെൽത്ത് കാർഡുകൾ നൽകും: കേന്ദ്ര കൃഷിമന്ത്രി
Thursday, September 29, 2016 1:28 PM IST
കായംകുളം: അടുത്തവർഷം മുതൽ രാജ്യത്തെ മുഴുവൻ കർഷകർക്കും സോയിൽ ഹെൽത്ത് കാർഡുകൾ നൽകുമെന്നു കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻസിംഗ്. കായംകുളം കൃഷ്ണപുരത്തെ കേന്ദ്ര തോട്ടവിള ഗവേഷണ പ്രാദേശിക കേന്ദ്രത്തിൽ സംഘടിപ്പിച്ച ദേശീയ കർഷക സംഗമവും കാർഷികപ്രദർശനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മണ്ണിന്റെ ജീവൻ തിരിച്ചുപിടിക്കാൻ മണ്ണ് പരിപോഷണ പദ്ധതിക്കു രൂപം നൽകി കഴിഞ്ഞു. ഇതിനായി പഞ്ചായത്തുകൾതോറും സബ്സിഡിയോടുകൂടി മണ്ണ് പരിശോധനാ ലാബുകൾ സ്‌ഥാപിക്കും. കഴിഞ്ഞവർഷം കേരളത്തിലെ ജൈവകർഷക ക്ലസ്റ്ററുകൾക്ക് 382.22 ലക്ഷം രൂപയാണ് അനുവദിച്ചതെങ്കിൽ ഈ വർഷം ഇത് വർധിപ്പിച്ചിട്ടുണ്ട്. അടിസ്‌ഥാന ഗവേഷണസൗകര്യങ്ങളും, വിജ്‌ഞാന വ്യാപന പ്രവർത്തനങ്ങളും ഊർജിതമാക്കുന്നതിലൂടെ കാർഷികമേഖലയിൽ തൊഴിൽ സാധ്യത വർധിപ്പിക്കാനും അതിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കഴിയും. കാർഷിക ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിക്കാൻ കേരളം കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരകർഷകർക്കായി പുതിയ ഇ–കല്പ എന്ന പുതിയ മൊബൈൽ ആപ്ലിക്കേഷന്റെ പ്രവർത്തനോദ്ഘാടനവും കേന്ദ്രമന്ത്രി നിർവഹിച്ചു.


കെ.സി. വേണുഗോപാൽ എംപി അധ്യക്ഷത വഹിച്ചു. ഗവേഷണകേന്ദ്രം പുറത്തിറക്കിയ വിവിധ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം സംസ്‌ഥാന കൃഷിമന്ത്രി പി.എസ്. സുനിൽകുമാർ നിർവഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.