പിക്കപ്പ് വാനിന്റെ ടയർ ഊരിത്തെറിച്ച് എട്ടു വയസുകാരി മരിച്ചു
പിക്കപ്പ് വാനിന്റെ ടയർ ഊരിത്തെറിച്ച് എട്ടു വയസുകാരി മരിച്ചു
Thursday, September 29, 2016 1:21 PM IST
തളിപ്പറമ്പ്: ഓടിക്കൊണ്ടിരിക്കുകയായിരുന്ന പിക്കപ്പ് വാനിന്റെ ടയർ ഊരിത്തെറിച്ചു റോഡരികിലൂടെ നടന്നുപോകുകയായിരുന്ന എട്ടു വയസുകാരി മരിച്ചു. കൂടെയുണ്ടായിരുന്ന കുട്ടിക്കു ഗുരുതരമായി പരിക്കേറ്റു. കുന്നുമ്പുറത്ത് പുതിയപുരയിൽ അഷ്റഫ്–റഫീദ ദമ്പതികളുടെ മകൾ ഹന്ന ഫാത്തിമയാണു മരിച്ചത്. അയൽവാസി ഹസ്ന ഹസനാണു പരിക്കേറ്റത്. ഹസ്നയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറുമാത്തൂർ പൊക്കുണ്ടിൽ ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു അപകടം.

പൊക്കുണ്ടിലെ ഇസത്തുൽ ഇസ്ലാം മദ്രസയിൽനിന്നു ക്ലാസ് കഴിഞ്ഞശേഷം വീട്ടിലേക്കു നടന്നുപോകുകയായിരുന്നു കുട്ടികൾ. ഇരിട്ടി ഭാഗത്തേക്കു പോകുകയായിരുന്ന കെഎൽ 8 എജി 2899 പിക്കപ്പ് വാനിന്റെ പുറകിലെ ടയർ ഊരിത്തെറിച്ചു കുട്ടികളുടെ ദേഹത്തിടിക്കുകയായിരുന്നു.


കൂനം ഗവ.യുപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണു മരിച്ച ഹന്ന ഫാത്തിമ. ഇരിക്കൂർ സ്വദേശിയായ അഷ്റഫും കുടുംബവും കുറച്ചുകാലമായി കുറുമാത്തൂർ പൊക്കുണ്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു.

ഷാനിബ്, റാഷിദ്, ഫാത്തിമ എന്നിവരാണു മരിച്ച ഹന്നയുടെ സഹോദരങ്ങൾ. തളിപ്പറമ്പ് എഎസ്ഐ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് സ്‌ഥലത്തെത്തി ഡ്രൈവർ പിലാത്തറ സ്വദേശി സാബു(48)വിനെ അറസ്റ്റ് ചെയ്തു. പിക്കപ്പ് വാനും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.