സ്വാശ്രയ ഫീസ് കരാറിൽ മാറ്റമില്ല: മുഖ്യമന്ത്രി
സ്വാശ്രയ ഫീസ് കരാറിൽ മാറ്റമില്ല: മുഖ്യമന്ത്രി
Wednesday, September 28, 2016 2:18 PM IST
തിരുവനന്തപുരം: സ്വാശ്രയ മാനേജ്മെന്റുകൾക്കു കോഴ വാങ്ങാനുള്ള അവസരം നഷ്‌ടമാകുന്നതിന്റെ പേരിൽ രാഷ്ട്രീയ സംഘടനയായ കോൺഗ്രസും യുവജനസംഘടനയായ യൂത്ത് കോൺഗ്രസും എന്തിനാണ് അസ്വസ്‌ഥമാകുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ഇപ്പോൾ നിശ്ചയിച്ച ഫീസ് ഘടനയിൽ ഒരു മാറ്റവുമുണ്ടാകില്ലെന്നും എന്നാൽ, സ്വാശ്രയപ്രശ്നത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടാൽ എപ്പോൾ വേണമെങ്കിലും ചർച്ചയ്ക്കു സന്നദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

കഴിഞ്ഞ അഞ്ചു വർഷവും സ്വാശ്രയ കോളജ് മാനേജ്മെന്റുകൾക്ക് ഇഷ്‌ടംപോലെ കോഴയും തലവരിപ്പണവും വാങ്ങാൻ സൗകര്യമുണ്ടായിരുന്നെന്നും ഈ അവസ്‌ഥയ്ക്കാണു മാറ്റമുണ്ടായ തെന്നും പിണറായി പറഞ്ഞു. ഇതിൽ സ്വാഭാവികമായും അസ്വസ്‌ഥതയുള്ളവർ കേരളത്തിലുണ്ട്. സെപ്റ്റംബർ 30നകം മെഡിക്കൽ പ്രവേശന നടപടികൾ പൂർത്തിയാക്കാനുള്ള കോടതി നിർദേശവും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ മാർഗനിർദേശവും കണക്കിലെടുത്താണ് അലോട്ട്മെന്റ് നടപടികളുമായി സർക്കാർ മുന്നോട്ടു പോയത്. 20 മാനേജ്മെന്റുകൾ ഇപ്പോൾ കരാർ ഒപ്പിടാൻ തയാറായി. ഇത് യുഡിഎഫ് ഭരണകാലത്തു നടക്കാത്തതാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് 25,000 രൂപ ഫീസ് നിരക്കിൽ പഠിക്കാൻ ഇത്രയും കോളജുകളിൽ അവസരമൊരുക്കി.

ഇത്തവണത്തെ മറ്റൊരു പ്രത്യേകത സ്വാശ്രയ മാനേജ്മെന്റുകൾക്ക് മുഴുവൻ സീറ്റുകളിലേക്കും മെരിറ്റ് അടിസ്‌ഥാനത്തിൽ മാത്രമേ പ്രവേശനം നടത്താനാകൂ എന്നതാണെന്നു മുഖ്യമന്ത്രി പറഞ്ഞു. നല്ല റാങ്കിലുള്ള കുട്ടികളെ പിന്നിലാക്കി പണത്തിന്റെ സ്വാധീനത്തിൽ അവസാന റാങ്കിൽ നിൽക്കുന്ന കുട്ടികൾ വരെ പ്രവേശനം നേടുന്ന സാഹചര്യമാണ് കഴിഞ്ഞ അഞ്ചു വർഷവും നടന്നത്. ഇതു തിരുത്തിയതിലൂടെ കുട്ടികളുടെ താത്പര്യമാണ് സംരക്ഷിക്കപ്പെട്ടത്. മുമ്പ് എട്ടു ലക്ഷം രൂപ വരെ കൊടുക്കേണ്ടിയിരുന്ന സ്‌ഥാനത്ത് ഇപ്പോൾ രണ്ടര ലക്ഷം രൂപ ഫീസ് കൊടുത്താൽ മതിയെന്ന അവസ്‌ഥ സൃഷ്‌ടിച്ചു. കൂടുതൽ കോളജുകൾ കരാറിൽ ഒപ്പുവച്ചതോടെ മെരിറ്റ് സീറ്റുകളുടെ എണ്ണം കൂടി. മുമ്പു പത്തു കോളജുകളേ കരാർ ഒപ്പിട്ടിരുന്നുള്ളൂ.


പരാതികൾ എന്തുണ്ടെങ്കിലും ജയിംസ് കമ്മിറ്റി ഇടപെടും. ഇപ്പോൾ തന്നെ ചില പരാതികൾ കമ്മിറ്റി പരിശോധിക്കുകയാണ്. ഇതിൽ മാനേജ്മെന്റുകൾക്കു വിഷമമുണ്ടാകും. ഇക്കാര്യത്തിലെ ഉറച്ച നിലപാടു വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും പൊതുസമൂഹത്തിനും മനസിലായിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇപ്പോൾ അഴിച്ചുവിട്ട സമരത്തെ പൊതുസമൂഹം അംഗീകരിക്കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിൽ സംഘാടകർക്കു വിഷമമുണ്ടാകുന്നതു സ്വാഭാവികമാണ്. അതിനാലാണു നിയമസഭാ നടപടികൾ തടസപ്പെടുത്തുന്ന സമരത്തിലേക്കു തിരിഞ്ഞതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.