മദ്യനയം ഭേദഗതി ചെയ്യാൻ ആലോചന: മന്ത്രി ടി.പി. രാമകൃഷ്ണൻ
മദ്യനയം ഭേദഗതി ചെയ്യാൻ ആലോചന: മന്ത്രി ടി.പി. രാമകൃഷ്ണൻ
Wednesday, September 28, 2016 2:10 PM IST
തിരുവനന്തപുരം: മദ്യനയത്തിൽ ഭേദഗതി വരുത്തുന്ന കാര്യം സർക്കാർ ആലോചിക്കുന്നതായി എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിയമസഭയെ അറിയിച്ചു. മദ്യ നിരോധനമല്ല, മദ്യവർജനമാണ് എൽഡിഎഫിന്റെ നയം. മദ്യ ഉപഭോഗത്തിന്റെ ആളോഹരിയിൽ തമിഴ്നാട്, തെലുങ്കാന, കർണാടക തുടങ്ങിയ സംസ്‌ഥാനങ്ങളെക്കാൾ കേരളം പിന്നിലാണ്. കേരളത്തിൽ 3.34 കോടി ജനങ്ങൾക്ക് 306 ചില്ലറ വില്പനശാലകളുണ്ട്. തമിഴ്നാട്ടിൽ ഏഴു കോടിക്ക് ആറായിരവും കർണാടകയിൽ ആറു കോടിക്ക് 8734 ഉം ആന്ധ്രയിൽ എട്ടു കോടി ജനങ്ങൾക്ക് 6505 ഉം ചില്ലറ വില്പനശാലകളുണ്ട്.ഇതര സംസ്‌ഥാനങ്ങളിലെ അവസ്‌ഥകൾകൂടി പരിശോധിച്ചായിരിക്കും മദ്യനയം രൂപീകരിക്കുകയെന്നും മന്ത്രി അറിയിച്ചു. ഓൺലൈൻ മദ്യവില്പന സംബന്ധിച്ച പദ്ധതികളൊന്നും സർക്കാരിന്റെ പരിഗണനയിൽ ഇല്ല.ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, കോളജുകൾ എന്നിവിടങ്ങളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്‌തിപ്പെടുത്തും.


ലഹരി സാധനങ്ങൾ കടത്തുന്നതു തടയാൻ ഏതെങ്കിലും ഒരു ചെക്ക്പോസ്റ്റിൽ പരീക്ഷണാടിസ്‌ഥാനത്തിൽ സ്കാനർ സ്‌ഥാപിക്കും. എക്സൈസിനെ ശാസ്ത്രീയമായി പരിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.