കേരളം ഡാഫ്നിയുടെ സ്വന്തം നാട്
കേരളം ഡാഫ്നിയുടെ  സ്വന്തം നാട്
Wednesday, September 28, 2016 2:10 PM IST
കൊച്ചി: കാണുന്തോറും കേരളത്തോടുള്ള മമതയേറുകയാണ് ബ്രിട്ടീഷുകാരിയായ ഡാഫ്നി റിച്ചാർഡ്സന്. തോരാത്ത മോഹവുമായി അവർ വീണ്ടും വീണ്ടും മലയാളക്കരയിൽ വിരുന്നെത്തുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള ഓരോ യാത്രയിലും എന്തെങ്കിലും പുതിയതു കണ്ടെത്തുന്ന അവരുടെ ഇത്തവണത്തെ വരവ് കേരള ട്രാവൽ മാർട്ടിൽ പങ്കെടുക്കാൻ.

വിദേശിയെ വലിച്ചടുപ്പിക്കുന്ന കേരളത്തിന്റെ ആകർഷകത്വത്തിനുള്ള സാക്ഷ്യപാത്രമാണു താനെന്ന് ഈ എൺപത്തിനാലുകാരി പറയുന്നു. കഴിഞ്ഞ 15 വർഷത്തിനിടയിൽ 25 തവണയാണ് അവർ കേരളത്തിന്റെ ആതിഥേയത്വം ഏറ്റുവാങ്ങിയത്.

വെല്ലിംഗ്ടൺ ദ്വീപിൽ ആരംഭിച്ച ട്രാവൽ മാർട്ടിൽ ഡാഫ്നി റിച്ചാർഡ്സ് മനസുതുറന്നു. ’തനിക്കു കേരളം മറ്റൊരു ജന്മനാടാണ്. ഇന്ത്യയിൽ ഏറ്റവും ഇഷ്‌ടമുള്ള സംസ്‌ഥാനം. ആദ്യമായാണു കേരള ട്രാവൽ മാർട്ടിലെത്തുന്നത്. മലയാളക്കരയിൽ ആദ്യം കാലുകുത്തുന്നത് 2002ൽ. അന്ന് വയസ് 70. പിന്നെ അതൊരു പതിവായി. എല്ലാ വർഷവും നവംബറിനും ഫെബ്രുവരിക്കുമിടയ്ക്കു രണ്ടാഴ്ച ബ്രിട്ടന്റെ തണുപ്പിൽനിന്നു കേരളത്തിന്റെ ഊഷ്മളത ആസ്വദിക്കാനെത്തും. ചില വർഷങ്ങളിൽ കേരള സന്ദർശനം രണ്ടുവട്ടം.


കേരളം അങ്ങോളമിങ്ങോളം ചുറ്റിക്കറങ്ങിയാലും ഒരു നിർബന്ധമുണ്ട്, യാത്ര അവസാനിപ്പിക്കുന്നത് ആലപ്പുഴയിലെ മാരാരി ബീച്ചിലായിരിക്കണം.

കടലോരങ്ങളിൽ തെങ്ങിൻ തോപ്പിന്റെ തണുപ്പ് ആസ്വദിച്ചു വള്ളങ്ങൾ മീനുമായി കരയ്ക്കടുക്കുന്നതു കണ്ടുകൊണ്ട് കിടക്കുന്നതാണു ഡാഫ്നിക്ക് ഏറ്റവും ഇഷ്‌ടം. സ്‌ഥിരം സന്ദർശകയായതുകൊണ്ടു പലർക്കും ഇവർ സുപരിചിത.

കേരളത്തിലെത്തുമ്പോൾ തന്നെ പലരും ചായസൽക്കാരത്തിനു പുറമേ വിവാഹ ചടങ്ങുകൾക്കും ക്ഷണിക്കാറുണ്ടെന്നും ഡാഫ്നി പറയുന്നു.ബ്രിട്ടനിലെത്തിയാൽ കേരളത്തെക്കുറിച്ചു സുഹൃത്തുക്കളോടും ബന്ധുക്കളോടുമെല്ലാം വിവരിക്കും. ഡാഫ്നിയുടെ അനന്തിരവനും കഴിഞ്ഞ തവണ കേരളം കാണാനെത്തിയിരുന്നു.

യാത്ര ചെയ്യാൻ ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം ഇനിയും കേരളത്തിലെത്തുമെന്നു പറയുന്ന ഡാഫ്നിക്ക് പരമ്പരാഗത രീതിയിൽ കേരളത്തിലെ ഗ്രാമങ്ങളിൽ കഴിയാനാണു താത്പര്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.