വിദേശ നഴ്സിംഗ് ജോലിയുടെ പേരിൽ വൻ തട്ടിപ്പ്; 12 ലക്ഷം വരെ പോയവർ നിരവധി
വിദേശ നഴ്സിംഗ് ജോലിയുടെ പേരിൽ വൻ തട്ടിപ്പ്; 12 ലക്ഷം വരെ പോയവർ നിരവധി
Wednesday, September 28, 2016 1:56 PM IST
കോട്ടയം: വിദേശത്തു ജോലി നൽകാമെന്നു പറഞ്ഞു നഴ്സുമാരെ കബളിപ്പിച്ചു റിക്രൂട്ടിംഗ് ഏജൻസികൾ ലക്ഷങ്ങൾ തട്ടിയെന്നു പരാതി. നിരവധി പേർക്കു ലക്ഷക്കണക്കിനു രൂപ നഷ്‌ടപ്പെട്ടു. ഒരു ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവർ ഇന്നലെ നടന്ന ദേശീയ മനുഷ്യാവകാശ സാമൂഹ്യനീതി കമ്മീഷൻ അദാലത്തിൽ പങ്കെടുക്കാനെത്തി. കണ്ണീരോടെയാണ് പലരും കൊടുംവഞ്ചനയുടെ കഥകൾ പറഞ്ഞത്. നൂറുകണക്കിനു പേർക്ക് പണം നഷ്‌ടപ്പെട്ടതായി നഴ്സുമാർ വെളിപ്പെടുത്തി.

വിദേശ രാജ്യങ്ങളിൽ തൊഴിൽ ഉറപ്പായും ലഭിക്കുമെന്നു വിശ്വസിപ്പിച്ചാണ് റിക്രൂട്ടിംഗ് ഏജൻസികൾ പണം വാങ്ങിയത്. കുവൈറ്റ്, യൂറോപ്പ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നഴ്സിംഗ് ജോലി ലഭിക്കുമെന്ന ഉറപ്പിന്മേലാണു പലരും ലക്ഷക്കണക്കിനു രൂപ വിവിധ ഏജൻസികൾക്കു നൽകിയത്. എന്നാൽ, വർഷങ്ങൾ പലതു കഴിഞ്ഞിട്ടും വാഗ്ദാനമല്ലാതെ ആർക്കും ജോലി ലഭിച്ചില്ല, നൽകിയ പണം തിരികെ കിട്ടിയതുമില്ല. നിരവധി തവണ പോലീസിൽ പരാതി നൽകിയിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ല. ഇതിനിടെ, നൂറുകണക്കിനു നഴ്സുമാരെ കബളിപ്പിച്ച പല ഏജൻസികളും അടച്ചുപൂട്ടി മുങ്ങി.

മൂവാറ്റുപുഴ പെരുമ്പല്ലൂർ മേയ്ക്കൽ എം.ജെ. സേവ്യർ 12 ലക്ഷം രൂപയാണു മകൻ രാജീവ് സേവ്യറിനും ബന്ധു കൂരാച്ചുണ്ട് വടക്കേൽ ജസ്റ്റിൻ മാത്യുവിനും കുവൈറ്റിൽ ജോലി ലഭിക്കാൻ നൽകിയത്. ഇരിങ്ങാലക്കുട സ്വദേശികളായ ടിറ്റോ വി. കൊമ്പാരക്കാരൻ, ജിറ്റോ അൾത്താന, വർഗീസ് കൊമ്പാരക്കാരൻ എന്നിവർക്കു പണം നൽകിയതായാണ് ഇവരുടെ പരാതി. ഇവർക്കു പണം നൽകിയെന്ന പരാതിയുമായി നിരവധിപേർ ഇന്നലെ അദാലത്തിനെത്തിയിരുന്നു.


വിദേശ രാജ്യങ്ങളിൽ തൊഴിൽ വാഗ്ദാനംചെയ്തു പണം തട്ടിപ്പ് നടത്തുന്ന നഴ്സിംഗ് റിക്രൂട്ട്മെന്റ് സ്‌ഥാപനങ്ങൾക്കെതിരേ ഇടപെടുമെന്നു ദേശീയ മനുഷ്യാവകാശ സാമൂഹ്യനീതി കമ്മീഷൻ പിന്നീടു വ്യക്‌തമാക്കി. ഇന്നലെ ലഭിച്ച പരാതികൾ ക്രോഡീകരിച്ച് ആറു കേസുകൾ രജിസ്റ്റർ ചെയ്തു.കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾ, പ്രധാനമന്ത്രി, നോർക്ക, വിദേശകാര്യ മന്ത്രാലയം എന്നിവർക്കു പരാതി നൽകും. നഴ്സിംഗ് തട്ടിപ്പിനിരയായ വിദ്യാർഥികൾക്ക് ആവശ്യമായ നിയമസഹായം നൽകുമെന്നു കമ്മീഷൻ വ്യക്‌തമാക്കി. ഇതുസംബന്ധിച്ചു കേരള ഹൈക്കോടതിയിൽ കേസ് നൽകുമെന്നും കമ്മീഷൻ പറഞ്ഞു.

തട്ടിപ്പിനിരയായി നിരവധി നഴ്സിംഗ് വിദ്യാർഥികളും മാതാപിതാക്കളുമാണു ഇന്നലെ കോട്ടയം ടിബിയിൽ നടന്ന കമ്മീഷൻ അദാലത്തിൽ പങ്കെടുത്തത്. രാജ്യത്തു നഴ്സിംഗ് റിക്രൂട്ടിംഗ് സ്‌ഥാപനങ്ങൾക്കെതിരേ പരാതി പെരുകുകയാണെന്നു സംഘടന ചൂണ്ടിക്കാണിക്കുന്നു. പരാതിയുടെ ഭാഗമായി രാജ്യത്തു പ്രവർത്തിക്കുന്ന നഴ്സിംഗ് റിക്രൂട്ടിംഗ് സ്‌ഥാപനങ്ങളുടെ വിവര ശേഖരണം നടത്തും.

മനുഷ്യാവകാശ സാമൂഹ്യനീതി കമ്മീഷൻ ചെയർമാൻ വി.പി. റോണി, ജനറൽ സെക്രട്ടറി ഷീജാ സോളമൻ, ജോയിന്റ് സെക്രട്ടറി ജോബിഷ് തരണി, ഡെയ്സി ഡാനിയേൽ, സി. വിജയൻ, ജോംസി തോമസ് എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.