കാലം നോക്കി പാട്ടു കേൾക്കാം, കിരൺ രവീന്ദ്രന് രാജ്യാന്തര അവാർഡ്
കാലം നോക്കി പാട്ടു കേൾക്കാം, കിരൺ രവീന്ദ്രന് രാജ്യാന്തര അവാർഡ്
Wednesday, September 28, 2016 1:56 PM IST
തൃശൂർ: ഡിസൈൻരംഗത്ത് അന്തർദേശീയ അംഗീകാരമായ റെഡ് ഡോട്ട് അവാർഡ് തൃശൂർ സ്വദേശിയായ കിരൺ രവീന്ദ്രന്. ഓരോ കാലത്തിനനുസരിച്ചു ഗാനങ്ങൾ തെരഞ്ഞെടുത്ത് ആസ്വദിക്കാൻ സഹായിക്കുന്ന ഉപകരണം രൂപകല്പന ചെയ്തതിനാണ് അവാർഡ്.

കംപ്യൂട്ടർ യുഗത്തിൽ ഇന്റർനെറ്റിൽനിന്നു പല കാലഘട്ടങ്ങളിലെ ഇഷ്‌ടഗാനങ്ങൾ ആസ്വദിക്കുന്ന പുതുതലമുറക്കാരേപ്പോലെതന്നെ കംപ്യൂട്ടർ പരിജ്‌ഞാനമില്ലാത്തവർക്കും അനായാസം ഓരോ കാലഘട്ടത്തിലേയും ഗാനങ്ങൾ ആസ്വദിക്കാൻ സഹായിക്കുന്ന ഉപകരണമാണു ഡിസൈനറായ കിരൺ തയാറാക്കിയത്. ഇൻഫിൻഎം (കചഎകചങ) എന്നാണ് ഈ ഉപകരണത്തെ നാമകരണം ചെയ്തിരിക്കുന്നത്. റേഡിയോയുടെ സ്റ്റേഷൻ മാറ്റുന്നതുപോലെ ഉപകരണത്തിലെ നോബ് തിരിച്ചാൽ ഓരോ വർഷത്തിലെയും ഗാനങ്ങൾ ശ്രവിക്കാം.

ഈ വർഷം റെഡ് ഡോട്ട് പുരസ്കാരം നേടുന്ന ഏക ഇന്ത്യക്കാരനാണ് കിരൺ. കഴിഞ്ഞദിവസം സിംഗപ്പൂരിൽ റെഡ് ഡോട്ട് മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ റെഡ് ഡോട്ട് മേധാവി പ്രഫ. ഡോ. പീറ്റർ സെക് പുരസ്കാരം കിരണിനു സമ്മാനിച്ചു. കിരൺ വികസിപ്പിച്ചെടുത്ത ഉപകരണം സിംഗപ്പൂരിലെ റെഡ് ഡോട്ട് മ്യൂസിയത്തിൽ പ്രദർശനത്തിനു വച്ചിട്ടുണ്ട്.


തൃശൂർ ജില്ലയിലെ കൊട്ടേക്കാട് നാരായണത്ര സ്വദേശി റിട്ടയേഡ് സർവേ അസിസ്റ്റന്റ് ഡയറക്ടർ രവീന്ദ്രന്റെയും കുറ്റൂർ സിഎംജിഎച്ച്എസ്എസ് അധ്യാപിക സുമംഗലയുടേയും മകനാണ്. ഗോവയിൽ ഐഎഫ്ബി ഹോം അപ്ലയൻസസിൽ ഇൻഡസ്ട്രിയൽ ഡിസൈൻ എക്സിക്യൂട്ടീവായി ജോലി ചെയ്തു വരുന്ന കിരണിന് ഉപരിപഠനമാണു താത്പര്യം.

അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ബിരുദധാരിയായ കിരൺ 2015ൽ ബിർള ഗ്രൂപ്പ് ഓറിയന്റ് ഇലക്ട്രിക് ഡിസൈൻ അവാർഡ് നേടിയിരുന്നു. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതായിരുന്നു “മോസ്റ്റ് ഇന്നൊവേറ്റീവ് ഡിസൈൻ അവാർഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.