വന്യജീവി ആക്രമണം പ്രതിരോധിക്കാൻ ജാഗ്രതാ സമിതികൾ രൂപീകരിക്കും: മന്ത്രി രാജു
വന്യജീവി ആക്രമണം പ്രതിരോധിക്കാൻ ജാഗ്രതാ സമിതികൾ രൂപീകരിക്കും: മന്ത്രി രാജു
Wednesday, September 28, 2016 1:56 PM IST
തിരുവനന്തപുരം: വന്യജീവികൾ വനാതിർത്തികളിൽ താമസിക്കുന്നവർക്കുണ്ടാക്കുന്ന കാർഷിക നാശനഷ്‌ടങ്ങൾ തടയുന്നതിന് വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാൻ പഞ്ചായത്ത് തലത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കുമെന്നു മന്ത്രി കെ. രാജു നിയമസഭ യെ അറിയിച്ചു.

സൗരോർജ കമ്പിവേലി, ആനപ്രതിരോധ കിടങ്ങ്, പ്രതിരോധ മതിൽ, ഫെൻസിംഗ് എന്നിവ നിർമിച്ച് വന്യജീവി ആക്രമണം തടയുന്നുണ്ട്. കാട്ടുപന്നികളെ വെടിവയ്ക്കാൻ 2013 മാർച്ച് 19 ന് ഇറക്കിയ ഉത്തരവ് 2016 ന് കാലാവധി അവസാനിച്ചു. ഉത്തരവിലെ വ്യവസ്‌ഥകൾ ഇളവു ചെയ്യാനും പുതുക്കാനും സർക്കാർ ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു.

വന്യജീവികൾ വനത്തിനു പുറത്തേക്കു വരാതിരിക്കാൻ വനത്തിനുള്ളിൽ മഴക്കുഴികളും കുളങ്ങളും നിർമിക്കും. കൃഷിനാശം വരുത്തുന്ന കുരങ്ങുകളെ വന്ധ്യംകരിക്കുന്നത് സർക്കാർ ആലോചിച്ചിട്ടില്ല. കുരങ്ങുകളുടെ ടീം ലീഡറെ പിടിച്ച് ഉൾവനത്തിലെത്തിക്കാനാണ് തീരുമാനം. ലീഡറെ തിരിച്ചറിയാൻ ആദിവാസികൾക്കു കഴിയുമെന്നും മന്ത്രി പറഞ്ഞു.

പ്രശ്നബാധിത മേഖലകളിൽ കാട്ടിൽനിന്നു പുറത്തുവരുന്ന വന്യജീവികളെക്കുറിച്ചു വിവരം ലഭിച്ചയുടൻ എസ്എംഎസ് മുഖേന പ്രദേശവാസികളെ അറിയിക്കാനും ജാഗ്രത പാലിക്കാനുള്ള നിർദേശം നൽകാനുമായി ഏർലി വാർണിംഗ് എസ്എംഎസ് അലർട്ട് സംവിധാനം വയനാട്, മൂന്നാർ മേഖലകളിൽ നടപ്പിലാക്കിയിട്ടുണ്ട്. ഇത് വിജയകരമായി കണ്ടതിനാൽ മറ്റിടങ്ങളിലും നടപ്പിലാക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.

പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് പഠനസഹായങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പഠനമുറി സഹായ പദ്ധതി ആവിഷ്കരിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മന്ത്രി എ.കെ. ബാലൻ അറിയിച്ചു.

ലഹരിവിരുദ്ധ ബോധവത്ക്കരണം ജനകീയ ദൗത്യമായി വളർത്തുന്നതിന് ഒരു ബോധവത്കരണ മിഷനാണ് സർക്കാർ ലക്ഷ്യമിടുന്നത്.


കേരളത്തിലെ ലഹരിവിരുദ്ധ കാമ്പയിനുകളുടെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിക്കാൻ സന്നദ്ധനാണെന്ന് ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ അറിയിച്ചിട്ടുണ്ട്. മദ്യ ഉപഭോഗം ഉദാരവത്കരിക്കുന്ന സാമൂഹ്യ നിലപാടിൽ നിന്ന് ജനങ്ങളെ ബോധവത്കരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സ്കൂളുകളിലെ ലഹരി വിരുദ്ധ ക്ലബുകളിലെ പ്രവർത്തനങ്ങളിൽ സച്ചിനെ പങ്കാളിയാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്‌ഥാനത്ത് നിലവിലുള്ള മദ്യനയം നടപ്പിലാക്കിയ ശേഷം എക്സൈസ് വകുപ്പ് കണ്ടെടുക്കുന്ന എൻഡിപിഎസ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. 2013 ൽ 793 കേസും 2014 ൽ 970 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. ഈ വർഷം ഓഗസ്റ്റ് വരെ 1789 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് 947 കേസുകൾ രജിസ്റ്റർ ചെയ്തു.

പാൻമസാല വില്പനയുമായി ബന്ധപ്പെട്ട് കോട്പാ ആക്ട് പ്രകാരം 3448 ആളുകൾക്കെതിരെ എക്സൈസ് നിയമ നടപടി സ്വീകരിച്ചു. സ്കൂൾ പരിസര പ്രദേശങ്ങളിൽ നിന്ന് അടുത്ത ജനുവരി മുതൽ ഓഗസ്റ്റ് വരെ 231 കേസുകൾ രജിസ്റ്റർ ചെയ്തു. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 44 സർക്കാർ ആശുപത്രികളിൽ ഡയാലിസ് സെന്ററുകൾ ആരംഭിക്കുന്നതിനു നടപടി സ്വീകരിച്ചതായി മന്ത്രി കെ. കെ. ഷൈലജ അറിയിച്ചു. ഈ വർഷം സെപ്റ്റംബർ 15 വരെ ഹെൽമറ്റ് ധരിക്കാത്ത 13,96,431 ഇരുചക്രവാഹന യാത്രികർക്കെതിരെ പിഴ ഈടാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

മദ്യപിച്ച് വാഹനമോടിച്ചതിന് 1,47,000 പേർക്കും അമിത വേഗത്തിൽ വാഹനമോടിച്ചതിന് 2,26,248 പേർക്കുമെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. വാഹനാപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിനു തുനിയാതെ 726 ഡ്രൈവർമാർ ഓടി രക്ഷപ്പെട്ടതായും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.