മുഖ്യമന്ത്രിക്കു സമനല തെറ്റി: വി.എം.സുധീരൻ
മുഖ്യമന്ത്രിക്കു സമനല തെറ്റി: വി.എം.സുധീരൻ
Wednesday, September 28, 2016 1:38 PM IST
കോഴിക്കോട്: അധികാരം തലയ്ക്കു പിടിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, സമനില തെറ്റിയ വ്യക്‌തിയെപോലെ നിയമസഭയ്ക്കകത്തും പുറത്തും എന്തൊക്കയോ പുലമ്പുകയാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. നാട്ടിൽ എന്തു സംഭവിച്ചാലും സങ്കുചിത രാഷ്ട്രീയം മാത്രം നോക്കുന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ആർക്കും വിശ്വസിക്കാനാവാത്ത സ്‌ഥിതിയായി – തൂണേരിയിലെ മുഹമ്മദ് അസ്ലം വധക്കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും അസ്ലമിന്റെ കുടുംബത്തിനും ആക്രമണത്തിനിരയായവർക്കും നഷ്‌ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു യുഡിഎഫ് ജില്ലാക്കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാശ്രയ വിഷയത്തിൽ സമരം നടത്തിയ യൂത്ത് കോൺഗ്രസിന്റെ സത്യഗ്രഹ പന്തലിലേക്കു ഗ്രനേഡ് എറിഞ്ഞ ശേഷം പോലീസ് അതു ചെയ്തില്ലെന്നാണു മുഖ്യമന്ത്രി പറയുന്നത്. പൊതുജനവും മാധ്യമങ്ങളും ആ സംഭവത്തിനു സാക്ഷിയാണ്. എന്നാൽ, വസ്തുത കണ്ടില്ലെന്നു നടിച്ച് അവസരവാദികളായ പോലീസുകാർ എഴുതിക്കൊടുക്കുന്നത് അതേപോലെ പിണറായി വിജയൻ വായിക്കുകയാണ്. സമനില നഷ്‌ടമായ പോലെയാണു മുഖ്യമന്ത്രി സംസാരിക്കുന്നത്.


ഓരോ വിഷയത്തിലും മുഖ്യമന്ത്രി വിശ്വാസത്തകർച്ച കാണിക്കുകയാണ്. യൂത്ത് കോൺഗ്രസിനും കെഎസ്യുവിനും യുഡിഎഫിലെ മറ്റു സംഘടനകൾക്കും സമരം നടത്താൻ വാടകക്കാരെ വേണ്ടെന്നു പിണറായി മനസിലാക്കണം. അനീതിക്കെതിരേ സമരം നടത്താൻ കഴിവും കരുത്തുമുള്ള പ്രവർത്തകർ യുഡിഎഫിലെ എല്ലാ പാർട്ടികൾക്കുമുണ്ട്. ക്രിമിനലുകളെ സംരക്ഷിക്കാനാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി ശ്രമിക്കുന്നത്. അസ്ലം വധക്കേസിലെ യഥാർഥ പ്രതികൾ കൺമുമ്പിലുണ്ടായിരിക്കെ, അമ്പതു ദിവസം കഴിഞ്ഞിട്ടും പിടിക്കാത്തത് അതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.