കാലടിയിൽ 22 തെരുവുനായ്ക്കളെ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ കൊന്നൊടുക്കി
കാലടിയിൽ 22 തെരുവുനായ്ക്കളെ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ കൊന്നൊടുക്കി
Wednesday, September 28, 2016 1:31 PM IST
കാലടി: കാലടി ഗ്രാമപഞ്ചായത്ത് അംഗങ്ങളും തെരുവുനായ് ഉന്മൂലനസംഘവും സംയുക്‌തമായി അലഞ്ഞു നടന്ന 22 തെരുവുനായ്ക്കളെ പിടികൂടി കൊന്നു. ഇന്നലെ പുലർച്ചെ പഞ്ചായത്തിലെ വിവിധയിടങ്ങളിൽനിന്നാണു നായകളെ പിടികൂടിയത്. കൊന്ന നായകളെ പിന്നീട് പഞ്ചായത്തിന്റെ സ്‌ഥലത്തു ആഴത്തിൽ കുഴിയെടുത്തു അതിലിട്ടു മൂടി.

പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ തെരുവുനായ് ഉന്മൂലന സംഘാംഗങ്ങളാണു കുടുക്കിട്ടു നായ്ക്കളെ പിടിച്ചുകൊന്നത്. ആറു പേരാണു നായകളെ പിടികൂടാൻ ഇറങ്ങിയത്. പഞ്ചായത്തിലെ വിവിധഭാഗങ്ങളിൽ നായ്ക്കളുടെ ശല്യം രൂക്ഷമാകുകയും ജനങ്ങളുടെ ജീവനു ഭീഷണിയാവുകയും ചെയ്ത സാഹചര്യത്തിൽ ആക്രമണകാരികളായ തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യാൻ പഞ്ചായത്ത് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.


സംസ്കൃത യൂണിവേഴ്സിറ്റി ഉൾപ്പെടെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, വിവിധ സംഘടനകൾ, വ്യക്‌തികൾ എന്നിവരിൽനിന്നു പഞ്ചായത്തിനു നായ്ശല്യത്തെക്കുറിച്ചു പരാതികൾ ലഭിച്ചിരുന്നു. തെരുവുനായ് ഉന്മൂലന പ്രവർത്തനങ്ങൾക്ക് നാട്ടുകാരിൽനിന്നു നല്ല പിന്തുണയാണ് ലഭിച്ചതെന്ന് വൈസ് പ്രസിഡന്റ് ബിജു പരമേശ്വരൻ പറഞ്ഞു. ജനങ്ങളുടെ പിന്തുണയും സഹകരണവും ഉണ്ടായാൽ തെരുവുനായ് ഉന്മൂല പ്രവർത്തനങ്ങൾ തുടരുമെന്നും അദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.