കൈക്കൂലി കേസിൽ സുകേശന്റെ റിപ്പോർട്ട് കോടതി തിരിച്ചയച്ചു
Wednesday, September 28, 2016 1:31 PM IST
മൂവാറ്റുപുഴ: മുൻ മൂവാറ്റുപുഴ ആർടിഒ അബ്ദുൾ കരീമിനെതിരേയുള്ള കൈക്കൂലി കേസിൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ നിർദേശത്തെത്തുടർന്നു വിജിലൻസ് എസ്പി സുകേശൻ നടത്തിയ ത്വരിതാന്വേഷണ റിപ്പോർട്ട് കോടതി തിരിച്ചയച്ചു. റിപ്പോർട്ട് പൂർണമല്ലെന്നും തൃപ്തികരമല്ലെന്നും കണ്ടെത്തിയതോടെ അന്വേഷണം കോടതിയുടെ നിരീക്ഷണങ്ങളുടെ അടിസ്‌ഥാനത്തിൽ നടത്തി അടുത്തമാസം 28നകം റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് കോടതി ജഡ്ജി പി. മാധവൻ ഉത്തരവിട്ടു.

മൂവാറ്റുപുഴ ആർടിഒ ആയിരുന്ന അബ്ദുൾകരീം കേസിലെ ഹർജിക്കാരനായ മലയാറ്റൂർ വിളങ്ങാട്ടിൽ ശിവദാസന്റെ മകൻ സുജിത് കുമാറിന്റെ പിതാവിന്റെ പേരിലുള്ള “വിനായക’ ബസിന്റെ പക്കാ പെർമിറ്റ് ലഭിക്കാൻ 30,000 രൂപയും താത്ക്കാലിക പെർമിറ്റിനായി ആയിരം രൂപയും കൈക്കൂലി ആവശ്യപ്പെട്ടതായി കാണിച്ച് അന്നത്തെ എറണാകുളം സെൻട്രൽ റേഞ്ച് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സൂപ്രണ്ട് ആർ. നിശാന്തിനിക്കു പരാതി നൽകി. തുടർന്നു നോട്ടിൽ ഫിനോഫ്തലിൽ പൗഡറിട്ട് നൽകി ആർടിഒയെ പിടികൂടുന്നതിനു പകരം മിന്നൽ പരിശോധന നടത്തി വിജിലൻസ് സംഘം ആർടിഒ ഓഫീസിൽനിന്ന് 62,000 രൂപ പിടിച്ചെടുത്ത് എല്ലാ തെളിവുകളും ഇല്ലാതാക്കിയെന്നു ചൂണ്ടികാണിച്ചു സുജിത്കുമാർ വിജിലൻസ് കോടതിയെ സമീപിക്കുകയായിരുന്നു.

മൂവാറ്റുപുഴ റീജണൽ ട്രാൻസ്പോർട്ട് മുൻ ഓഫീസർ അബ്ദുൾ കരിം, ഓട്ടോ കൺസൾട്ടന്റ് ജോളി, എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈഎസ്പി ബിജുമോൻ, മുൻ എറണാകുളം സെൻട്രൽ റേഞ്ച് വിഎസിബി സൂപ്രണ്ട് ആർ. നിശാന്തിനി എന്നിവരെ യഥാക്രമം ഒന്നുമുതൽ നാലുവരെ പ്രതിചേർത്താണു ഹർജി സമർപ്പിച്ചിരുന്നത്. കേസിൽ വിശദമായ വാദം കേട്ടതിനെത്തുടർന്നാണു ത്വരിതാന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നത്.


അന്വേഷണം നടത്തിയ എസ്പി സുകേശൻ നാലാം എതിർകക്ഷി നിശാന്തിനിയുടെ മൊഴി രേഖപ്പെടുത്തിയതിനെയും കോടതി വിമർശിച്ചു. വാദിയുടെ മൊഴി എന്തുകൊണ്ട് വിജിലൻസ് ആദ്യം രേഖപ്പെടുത്തിയില്ലെന്നും കോടതി ചോദിച്ചു. കൈക്കൂലി കേസിൽ പരാതിക്കാർ ഇല്ലാത്തപ്പോഴാണു മിന്നൽ പരിശോധന നടത്തുന്നതെന്നും ഇവിടെ പരാതിക്കാരനുണ്ടായിട്ടും അത് ഒഴിവാക്കിയെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകളിൽ ട്രാപ്പ് തന്നെ (നോട്ടിൽ ഫിനോഫ്തലിൻ പൊടിയിട്ട് കൈക്കൂലിക്കാരെ പിടികൂടുന്ന രീതി) നടത്തണമെന്നിരിക്കെ മിന്നൽ പരിശോധനയായി മാറിയതിനെക്കുറിച്ചും അന്വേഷണ ഉദ്യോഗസ്‌ഥൻ ശരിയായ അന്വേഷണം നടത്തിയിട്ടില്ലെന്നും കോടതി കണ്ടെത്തി. ട്രാപ്പ് ഒഴിവാക്കി മിന്നൽ പരിശോധന നടത്താൻ തീരുമാനിച്ച വിവരം എന്തുകൊണ്ടു പരാതിക്കാരനെ അറിയിച്ചില്ലെന്നും കോടതി ആരാഞ്ഞു. ഒക്ടോബർ 28ന് കോടതി വീണ്ടും കേസ് പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.