മകളുടെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി സാബുവും മായയും ഡൽഹിയിൽ
Wednesday, September 28, 2016 1:31 PM IST
തിരുവനന്തപുരം: ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി നിർധന കുടുംബം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തി. ഇടുക്കി ജില്ലയിൽ തൊടുപുഴ നെയ്യശേരി വില്ലേജിൽ കോട്ടയിൽ വീട്ടിൽ സാബു–മായ ദമ്പതികളുടെ പുത്രിക്കാണ് ഹൃദയമാറ്റ ശസ്ത്രക്രിയ വിധിച്ചത്. ഒമ്പതു മാസം പ്രായമുള്ളപ്പോഴാണ് അതുല്യയ്ക്ക് ഇടയ്ക്കിടെ ഹൃദയം നിന്നുപോവുകയും കൈകാലുകൾ സ്തംഭിച്ചുപോവുകയും ചെയ്യുന്ന അവസ്‌ഥ പ്രകടമായത്. തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിൽ ചികിത്സ തേടിയ ഈ കുട്ടിക്ക് പിന്നീടങ്ങോട്ട് വിവിധ ആശുപത്രികളിൽ മാസങ്ങളോളം നീണ്ടുനിൽക്കുന്ന പ്രത്യേക പരിചരണം വേണ്ടിവന്നിരുന്നു. ആഴ്ചകളോളം വെന്റിലേറ്ററുകളുടെ സഹായത്തോടെയാണ് അതുല്യയുടെ ജീവിതം നിലനിർത്തിവന്നത്.


മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച കുടുംബം ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടുകയും മുഖ്യമന്ത്രി ആറുലക്ഷം രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അതുല്യയുടെ ചികിത്സയ്ക്ക് പ്രത്യേകം പരിഗണന നൽകണമെന്ന് അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിന്റെ ഡയറക്ടറോട് പിണറായി വിജയൻ നേരിട്ട് അഭ്യർഥിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.