കാർഷിക ഗ്രാമ വികസന ബാങ്ക് 2400 കോടി രൂപ വായ്പ നല്കും
Wednesday, September 28, 2016 1:30 PM IST
തിരുവനന്തപുരം: 2016–17 വർഷത്തിൽ 2400 കോടി രൂപയുടെ വായ്പാ വിതരണം ലക്ഷ്യമിടുന്നതായി സംസ്‌ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സോളമൻ അലക്സ്. വാർഷിക പൊതുയോഗതീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ഈ സാമ്പത്തിക വർഷം 650 കോടി രൂപയുടെ വായ്പാ വിതരണമാണ് കാർഷിക മേഖലയിൽ മാത്രം ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 2049.88 കോടി രൂപയാണ് വിവിധ വായ്പാ പദ്ധതികളിലായി ബാങ്ക് വിതരണം ചെയ്തത്. ഇതിൽ 569.30 കോടി രൂപ കാർഷികമേഖലയിൽ മാത്രം വിതരണം ചെയ്തു. ബാങ്കിന്റെ 2015–16ലെ ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ച് അറ്റാദായം 24.32 കോടി രൂപയാണ്. ഇതു കണക്കിലെടുത്ത് 12 ശതമാനം ലാഭ വിഹിതം അംഗ ബാങ്കുകൾക്ക് നൽകാനും വാർഷിക പൊതുയോഗം തീരുമാനിച്ചു.

സർക്കാരിൽ നിന്നു ലഭ്യമാകാനുള്ള അധിക ഗ്യാരന്റിയുടെ കുറവു കാരണം മുൻ വർഷങ്ങളിൽ വിതരണം ചെയ്ത 2522 കോടി രൂപക്കുള്ള പുനർവായ്പ ഇനിയും നബാർഡിൽ നിന്നു ലഭ്യമാകാനുണ്ടെന്ന് സോളമൻ അലക്സ് പറഞ്ഞു. സർക്കാർ ഉത്തരവ് പ്രകാരം നിഷ്കർഷിച്ച അധിക ഗാരന്റിക്ക് 0.25 ശതമാനം ഗാരന്റി കമ്മീഷൻ എന്ന നിരക്ക് ഗാരന്റി ആക്ട് പുനഃപരിശോധിച്ച് പ്രാവർത്തികമാക്കാൻ പലതവണ ചർച്ചകൾ നടന്നുവെങ്കിലും യാതൊരു ഫലവുമുണ്ടായിട്ടില്ല. ഇതു ബാങ്കിന്റെ പ്രവർത്തനത്തിന് തടസമാകുന്നു.


നിക്ഷേപ സമാഹരണ രംഗത്ത് ഒരു പരിധിവരെ സ്വയംപര്യാപ്തത കൈവരിക്കാൻ കഴിഞ്ഞു. എങ്കിലും വർധിച്ച സമാഹരണ ചെലവ് കണക്കാക്കുമ്പോൾ ചെലവുകുറഞ്ഞ നിക്ഷേപ പദ്ധതികൾ മെച്ചപ്പെടുത്തി ഹ്രസ്വകാല വായ്പകൾ വിതരണം ചെയ്യാൻ ബാങ്ക് ലക്ഷ്യമിടുന്നു. വജ്രജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ വിതരണം ചെയ്യാൻ കിസാൻ സമൃദ്ധി സ്കീം എന്ന പുതിയ പദ്ധതി നടപ്പാക്കും.

2015–16ൽ പ്രാഥമിക ബാങ്കുകൾ മുഖേന 808.5 കോടി രൂപ സ്‌ഥിരനിക്ഷേപമായി സ്വീകരിച്ചിട്ടുണ്ട്. ഈ വർഷം ഇത് 1000 കോടിയായി ഉയർത്തും. കിട്ടാക്കടം ഒരു ശതമാനത്തിൽ താഴെയാണ്. രാജ്യത്തെ മികച്ച കാർഷിക ബാങ്കുകൾക്കുള്ള അഞ്ച് അവാർഡുകളാണ് കേരളത്തിന് ലഭിച്ചത്. അംഗങ്ങൾക്കിടയിൽ സമ്പാദ്യശീലം വളർത്തുന്നതിനുള്ള പ്രതിമാസ സേവിംഗ്സ് പദ്ധതി, കൃത്യമായ വായ്പാ തിരിച്ചടവിനുള്ള പ്രോത്സാഹനമായി 10 ശതമാനം പലിശയിളവ് നൽകുന്ന വായ്പാ ക്രമീകരണ പദ്ധതി, കാർഡ് ബാങ്ക് പ്രതിമാസ സമ്പാദ്യ പദ്ധതി, കാർഡ് ബാങ്ക് ഗോൾഡ് ലോൺ പദ്ധതി, കാർഡ് ബാങ്ക് കിസാൻ സമൃദ്ധി പദ്ധതി എന്നിവ നടപ്പാക്കിവരുന്നതായും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.