സ്കൂൾ ഏറ്റെടുക്കൽ വിജ്‌ഞാപനം ഭേദഗതി ചെയ്തു
Wednesday, September 28, 2016 1:30 PM IST
തിരുവനന്തപുരം: കോഴിക്കോട് മലാപ്പറമ്പ് ഉൾപ്പെടെ നാലു സ്കൂളുകൾ ഏറ്റെടുക്കാനുള്ള വിജ്‌ഞാപനം ഭേദഗതി ചെയ്ത് സർക്കാർ ഉത്തരവിറക്കി. പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നതു സർക്കാരിന്റെ പ്രധാനപ്പെട്ട നയങ്ങളിലൊന്നാണെന്നു പ്രഖ്യാപിച്ച ഇടതു സർക്കാർ, കഴിഞ്ഞ ജൂലൈ 27 നായിരുന്ന ഔദ്യോഗികമായി വിജ്‌ഞാപനം ഇറക്കിയത്. മലാപ്പറമ്പിനെ കൂടാതെ മറ്റു മൂന്നു സ്കൂളുകൾ കൂടി ഏറ്റെടുക്കുമെന്നായിരുന്നു സർക്കാർ വിജ്‌ഞാപനം. ഈ പ്രദേശത്തെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്റെ ആവശ്യത്തിലേയ്ക്കായി പൊതു താൽപര്യം മുൻനിർത്തി സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കൊണ്ടുവരേണ്ടതാണെന്നു നേരിട്ട് ബോധ്യപ്പെട്ടിരിക്കുന്നതിനാലും 1958ലെ കേരള വിദ്യാഭ്യാസ നിയമം അനുസരിച്ച് സർക്കാരിന്റെ അധികാരങ്ങൾ ഉപയോഗിച്ച് ജൂലൈ 27 മുതൽ പൂർണമായും സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്നുവെന്നുമായിരുന്നു ഉത്തരവ്. വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷാണ് ഉത്തരവിറക്കിയത്.

എന്നാൽ, കഴിഞ്ഞദിവസം ഇതു ഭേദഗതി ചെയ്തു വീണ്ടും ഉത്തരവിറക്കി. ജൂലൈ 27ന് വിജ്‌ഞാപനം ഇറക്കി ഏറ്റെടുത്ത സ്കൂളുകൾ പൂർണമായി ഏറ്റെടുക്കുന്നതിനും നഷ്‌ടപരിഹാരം നിശ്ചയിക്കുന്നതിനും ആയതിന്റെ നടപടിക്രമം നിരീക്ഷിക്കുന്നതിനും ആവശ്യമായ സമയം വേണമെന്നുമുള്ള ഭേദഗതി വരുത്തിയാണ് പുതിയ വിജ്‌ഞാപനം ഇറക്കിയിരിക്കുന്നത്.

അടച്ചുപൂട്ടാനൊരുങ്ങിയ കോഴിക്കോട് സിറ്റി വിദ്യാഭ്യാസ ഉപജില്ലയിലെ മാലപ്പറമ്പ് എയുപി സ്കൂൾ, പാലാട്ട് എയുപി സ്കൂൾ, മലപ്പുറം കൊണ്ടോട്ടി വിദ്യാഭ്യാസ ഉപജില്ലയിൽ പെട്ട മങ്ങാട്ടുമുറി എഎംഎൽപി സ്കൂൾ, തൃശൂർ വടക്കാഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിൽ പെട്ട കിഴാലൂർ പിഎം എൽപി സ്കൂൾ എന്നിവയാണ് സർക്കാർ ഉടൻ ഏറ്റെടുക്കില്ലെന്ന് ഉത്തരവിറങ്ങിയത്. സർക്കാർ അധികാരമേറ്റ ഉടൻ വൻ വിവാദങ്ങൾക്ക് ഇടവരുത്തിയ സ്കൂളുകളായിരുന്നു ഇത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മലാപ്പറമ്പ് എയുപി സ്കൂൾ പൊളിച്ചുനീക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്‌തമായ പ്രതിഷേധം ഉയർന്നിരുന്നു.


ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ സ്കൂൾ പൊളിച്ചു നീക്കാനെത്തിയ സംഘത്തിന് നേരെ സ്കൂൾ സംരക്ഷണസമിതി പ്രതിഷേധവുമായെത്തിയത് സംഘർഷങ്ങളുണ്ടാക്കിയിരുന്നു. സ്കൂൾ അടച്ചുപൂട്ടാനുളള ഉത്തരവ് നടപ്പാക്കാത്തതിന് സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.

സ്കൂൾ ഏറ്റെടുക്കുന്നതു സംബന്ധിച്ചു ഹൈക്കോടതിയിൽ സർക്കാർ അറിയിക്കുകയും മന്ത്രിസഭ തീരുമാനിക്കുകയും ചെയ്തു. മാത്രമല്ല കഴിഞ്ഞ ജൂലൈ 18 ന് നിയമസഭയിൽ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് സ്കൂളുകൾ ഏറ്റെടുത്തുകൊണ്ട് സർക്കാർ വിജ്‌ഞാപനം ഇറക്കിയത്.

പൊതുവിദ്യാഭ്യാസ മേഖലയെ എന്തു വിലകൊടുത്തും സർക്കാർ സംരക്ഷിക്കുമെന്നും സുപ്രീം കോടതി വരെ കേസുമായി പോകുമെന്നും അന്നു മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

മാത്രമല്ല പിണറായി സർക്കാരിന്റെ നൂറുദിനങ്ങളിൽ നടപ്പിലാക്കിയെന്ന് അവകാശപ്പെട്ട് പുറത്തിറക്കിയ പരസ്യങ്ങളിലും പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ നടപടി എന്ന നിലയിൽ ലാഭകരമല്ലെന്ന പേരിൽ അടച്ചുപൂട്ടാൻ തീരുമാനിച്ച സ്കൂളുകൾ സർക്കാർ ഏറ്റെടുത്തുവെന്ന പ്രഖ്യപനവും നടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.