യൂത്ത് കോൺഗ്രസുകാർക്കെതിരേ കണ്ണീർവാതകം; പോലീസിനു നേരേ കല്ലേറും ചീമുട്ടയും
യൂത്ത് കോൺഗ്രസുകാർക്കെതിരേ കണ്ണീർവാതകം; പോലീസിനു നേരേ കല്ലേറും ചീമുട്ടയും
Tuesday, September 27, 2016 1:53 PM IST
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജ് ഫീസ് വർധനയ്ക്കെതിരേ യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. എട്ടു ദിവസമായി സെക്രട്ടേറിയറ്റ് നടയിൽ നിരാഹാര സമരം നടത്തുന്ന നേതാക്കൾക്കു അഭിവാദ്യമർപ്പിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരപ്പന്തലിനു മുന്നിൽവച്ചു പോലീസിനുനേരേ കല്ലെറിഞ്ഞതോടെയാണു സംഘർഷം തുടങ്ങിയത്.

സമരപ്പന്തലിലെ കസേരയും കൊടികെട്ടിയ കമ്പുകളും പ്രവർത്തകർ പോലീസിനു നേരേ വലിച്ചെറിഞ്ഞു. കല്ലേറിൽ ഒരു പോലീസുകാരനു പരിക്കേറ്റതോടെ സമരപ്പന്തലിനു മുന്നിലേക്കു പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതോടെ സംഘർഷം രൂക്ഷമായി. സമരപ്പന്തലിൽ നിരാഹാരമനുഷ്ഠിച്ചിരുന്ന യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിനും വൈസ് പ്രസിഡന്റ് സി.ആർ. മഹേഷിനും കണ്ണീർവാതക പ്രയോഗത്തിൽ ബോധക്ഷയം ഉണ്ടായതിനെത്തുടർന്ന് ഇരുവരെയും പോലീസ് ആശുപത്രിയിലേക്കു മാറ്റി. സമരപ്പന്തലിനു മുന്നിൽ സംഘർഷം തുടർന്നെങ്കിലും സെക്രട്ടേറിയറ്റിന്റെ സമര ഗേറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഈ സമയം സർക്കാരിനെതിരേ മുദ്രാവാക്യം മുഴക്കി കുത്തിയിരുന്നു.

ഇന്നലെ രാവിലെ 11 മുതൽ ഒന്നര മണി വരെ സെക്രട്ടേറിയറ്റും പരിസരവും സംഘർഷഭരിതമായിരുന്നു. കഴിഞ്ഞ ദിവസം സ്വാശ്രയ ഫീസ് വിഷയത്തിൽ സർക്കാരും യൂത്ത് കോൺഗ്രസ് പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ ഇന്നലെ നടത്തുമെന്നു പറഞ്ഞ സെക്രട്ടേറിയേറ്റ് മാർച്ചിൽ സംഘർഷമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.


സമരത്തെ നേരിടാൻ രാവിലെ തന്നെ ഡിസിപിയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം നിലയുറപ്പിച്ചു. 12 മണിയോടെ യൂത്ത് കോൺഗ്രസ് ജാഥ സമരപ്പന്തലിലേക്കെത്തി. കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, മുൻ മന്ത്രി വി.എസ്. ശിവകുമാർ എംഎൽഎ എന്നീ നേതാക്കൾ സമരപ്പന്തലിൽ ഉണ്ടായിരുന്നു. സമരപ്പന്തലിന് എതിർവശത്തായി നിന്ന പോലീസുകാർക്കു നേരേ പ്രവർത്തകർ കല്ലേറിഞ്ഞു. കല്ലേറ് രൂക്ഷമായതോടെ പോലീസ് ലാത്തി വീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ഇതോടെ പല സ്‌ഥലങ്ങളിലായി കൂട്ടംകൂട്ടമായി നിന്ന പ്രവർത്തകർ പോലീസിനു നേരേ തടിക്കഷണങ്ങളും മറ്റും വലിച്ചെറിഞ്ഞു. അക്രമാസക്‌തരായ പ്രവർത്തകരെ പിന്തിരിപ്പിക്കാൻ നേതാക്കൾ ശ്രമിച്ചെങ്കിലും ഇടയ്ക്കിടെ പ്രവർത്തകരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടൽ തുടർന്നു. ഇതിനിടെ, വി.എം. സുധീരൻ സമരപ്പന്തലിൽ നിന്നിറങ്ങി പ്രവർത്തകർക്കൊപ്പം റോഡിൽ കുത്തിയിരുന്നു. ഇതോടെ സമരക്കാർക്കു കൂടുതൽ ആവേശമായി. സുധീരന്റെ നേതൃത്വത്തിൽ പ്രവർത്തകർ റോഡിൽ കുത്തിയിരുപ്പു സമരം നടത്തുമ്പോഴും സമരപ്പന്തലിനു മുന്നിലെ സംഘർഷത്തിന് അയവുണ്ടായില്ല.

ഇതിനിടെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസ് എംഎൽഎമാരും സംഘർഷസ്‌ഥലത്തെത്തി. ഇവരും സുധീരനൊപ്പം ചേർന്നു. രണ്ടര മണിക്കൂർ ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. രണ്ടു മണിയോടെ സമരം അവസാനിപ്പിച്ചു പ്രവർത്തകർ സമരപ്പന്തലിലേക്കു മടങ്ങിയതോടെയാണു സംഘർഷം അവസാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.