പ്രധാനമന്ത്രിക്കു ബോംബ് ഭീഷണി: അന്വേഷണം ഊർജിതം
Tuesday, September 27, 2016 1:52 PM IST
കോഴിക്കോട്: കോഴിക്കോട്ട് നടന്ന ബിജെപി ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടായ ബോംബ് ഭീഷണിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ശനിയാഴ്ച പുലർച്ചെ 2.30ഓടെയാണ് നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് അജ്‌ഞാതന്റെ ഫോൺ സന്ദേശം വന്നത്.

പാക്കിസ്‌ഥാനിൽനിന്നാണു വിളിക്കുന്നതെന്നു ഹിന്ദിയിൽ പറഞ്ഞു തുടങ്ങിയ സന്ദേശത്തിൽ പ്രധാനമന്ത്രിയുടെ വേദിയിൽ ബോംബ് പൊട്ടുമെന്ന് അറിയിച്ചു ഫോൺ കട്ട് ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ചു നടക്കാവ് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഹുണ്ടി കോൾ(ഇന്റർനെറ്റ് വഴി വിളിക്കാവുന്ന സംവിധാനം) ആണ് വന്നതെന്നു തെളിഞ്ഞിട്ടുണ്ട്. ഗൾഫിൽനിന്നാണ് ഫോൺ വന്നതെന്നു പോലീസ് പറയുന്നു. പോലീസിന്റെയും സൈബർസെൽ വിദഗ്ധരുടെയും നേതൃത്വത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.


എന്നാൽ, ഇന്റർനെറ്റ് ഫോൺ ആയതിനാൽ കുറ്റക്കാരെ കണ്ടെത്തുക എളുപ്പമല്ലെന്നും പോലീസ് സമ്മതിക്കുന്നു. ബോംബ് ഭീഷണിയെത്തുടർന്നു പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ വേദികളിലെല്ലാം കർശന പരിശോധനയാണു പോലീസ് നടത്തിയിരുന്നത്. വേദികളെല്ലാം പോലീസും ഡൽഹിൽനിന്നെത്തിയ ബോംബ് സ്ക്വാഡും പരിശോധിച്ചിരുന്നു. രണ്ടു ദിവസം പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളുടെ വേദികളെല്ലാം കർശന നിരീക്ഷണത്തിലായിരുന്നു. പ്രധാനമന്ത്രിയുടെ എല്ലാ പരിപാടികളും എസ്പിജി അടക്കമുള്ളവരുടെ കർശന സുരക്ഷാ വലയത്തിലായിരുന്നു.

ഇതിന്റെ ഭാഗമായി സ്വപ്നനഗരയിലെ വേദിയുടെ ആകൃതി പോലും എസ്പിജി ഉദ്യോഗസ്‌ഥർ അവസാന നിമിഷം മാറ്റിച്ചിരുന്നു. കെട്ടുവള്ളത്തിന്റെ മാതൃകയിൽ തീർത്ത വേദി സുരക്ഷാ കാരണങ്ങളാൽ പൊളിച്ചു നീക്കിയതു സംഘാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.