മുഖ്യമന്ത്രിയുടെ ചടങ്ങുകളിലേക്കു കൊച്ചിയിൽ കരിങ്കൊടി പ്രകടനം
മുഖ്യമന്ത്രിയുടെ ചടങ്ങുകളിലേക്കു കൊച്ചിയിൽ കരിങ്കൊടി പ്രകടനം
Tuesday, September 27, 2016 1:40 PM IST
കൊച്ചി: സ്വാശ്രയപ്രശ്നത്തിൽ സർക്കാർ നിലപാടിനെതിരേ കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചടങ്ങുകളിലേക്കു കെഎസ്യു– യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി.

എറണാകുളം ഫൈൻ ആർട്സ് ഹാളിൽ സിയാൽ വാർഷിക പൊതുയോഗത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ പ്രകടനമായെത്തിയ കെഎസ്യു പ്രവർത്തകർ ഹാളിനു പുറത്തു കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ്ചെയ്തു നീക്കി. ഇവരെ പിന്നീടു ജാമ്യത്തിൽ വിട്ടു.

യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, കെഎസ്യു ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, സംസ്‌ഥാന ജനറൽ സെക്രട്ടറി പി.വൈ. ഷാജഹാൻ, ജില്ലാ സെക്രട്ടറി കെ. സേതുരാജ്, സനൽ അവറാച്ചൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

മുഖ്യമന്ത്രി വിശ്രമിച്ചിരുന്ന എറണാകുളം ഗസ്റ്റ് ഹൗസിലേക്കു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. സെന്റ് തെരേസാസ് കോളജിനു സമീപം പ്രകടനം പോലീസ് തടഞ്ഞു. തുടർന്നു പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് പിന്നീടു പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.


യൂത്ത് കോൺഗ്രസ് എറണാകുളം പാർലമെന്റ് മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.എം. മധുവിന്റെ നേതൃത്വത്തിലാണു പ്രകടനം നടത്തിയത്.

യൂത്ത് കോൺഗ്രസ് നേതാക്കളായ അഫ്സൽ നമ്പ്യാരത്ത്, മനു ജേക്കബ്, അജയകുമാർ എളംകുളം, സക്കീർ തമ്മനം, ബിനോയ് പള്ളത്തുപറമ്പിൽ, അൻവർ വെണ്ണല, ബിജു ഇടക്കൊച്ചി, മൺസൂർ പാടിവട്ടം, മൊയ്തീൻ പീടിയേക്കൽ, അർജിത്ത് ആനന്ദ്, ജോസ് ഫെലിക്സ് എന്നിവർ പ്രകടനത്തിൽ പങ്കെടുത്തു.

മരടിൽ ലേ മെറിഡിയൻ ഹോട്ടലിൽ കേരള ട്രാവൽ മാർട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ് മരട് മണ്ഡലം കമ്മിറ്റിയുടെയും ഫിഷറീസ് സർവകലാശാലയിലെ കെഎസ്യു പ്രവർത്തകരുടെയും നേതൃത്വത്തിൽ കരിങ്കൊടി കാട്ടി. ഇവരെയും പോലീസ് അറസ്റ്റ്ചെയ്തു നീക്കി ജാമ്യത്തിൽ വിട്ടു. പ്രതിഷേധം കണക്കിലെടുത്തു മുഖ്യമന്ത്രിയുടെ പരിപാടി സ്‌ഥലങ്ങളിൽ വൻ പോലീസ് സന്നാഹമൊരുക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.