സ്വാശ്രയ കരാർ വ്യവസ്‌ഥയുമായി സർക്കാർ മുന്നോട്ടുപോകും: മുഖ്യമന്ത്രി
സ്വാശ്രയ കരാർ വ്യവസ്‌ഥയുമായി സർക്കാർ മുന്നോട്ടുപോകും: മുഖ്യമന്ത്രി
Tuesday, September 27, 2016 1:40 PM IST
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകളുമായി ഒപ്പുവച്ച കരാർ വ്യവസ്‌ഥകളുമായി സർക്കാരിനു മുന്നോട്ടു പോകുക മാത്രമേ മാർഗമുള്ളുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പിൻമാറാൻ കഴിയില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

എവിടെയെങ്കിലും സ്വാശ്രയ മാനേജ്മെന്റുകൾ തലവരിപ്പണം വാങ്ങുന്നുവെന്ന ആക്ഷേപം ഉയർന്നാൽ പരിശോധിക്കും. കർശന നടപടി സ്വീകരിക്കും. ജെയിംസ് കമ്മിറ്റിക്കു ശക്‌തമായ പിന്തുണ നൽകും. നേരിട്ട് ഇടപെടേണ്ട അവസരം ഉണ്ടായാൽ സർക്കാർ നേരിട്ട് ഇടപെടും.

സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ടു സമരം നടത്തുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പിന്തുണ പ്രഖ്യാപിച്ചു നടത്തു ന്ന സമരങ്ങൾ അക്രമാസക്‌തമാകുകയാണ്. വാഹന യാത്രക്കാരെയും കാൽനടക്കാരെയും തടഞ്ഞ് സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തി. മന്ത്രിമാരെ വഴിയിൽ തടയുന്നു. യൂത്ത് കോൺഗ്രസ് മോശമല്ലാത്ത സംഘടനയാണ്. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിൽ നിന്നു മടങ്ങുന്നതിനിടയിൽ കന്റോൺമെന്റ് ഗേറ്റിനു പുറത്തെത്തിയപ്പോൾ ചില കാമറക്കാർ ഓടുന്നതു ശ്രദ്ധയിൽ പെട്ടു. മറുവശത്തേക്കു നോക്കുമ്പോൾ രണ്ടു പേർ തനിക്കു നേരേ കരിങ്കൊടി കാണിക്കുന്നു. ഇതു യൂത്ത് കോൺഗ്രസുകാരാകില്ല. ഒന്നോ രണ്ടോ പേരാണോ യൂത്ത് കോൺഗ്രസിനായി കരിങ്കൊടി കാട്ടുന്നത്? ഏതോ ചാനലുകാർ വാടകയ്ക്ക് എടുത്തവരാണു കരിങ്കൊടി കാട്ടുന്നത്. സ്വാശ്രയ വിഷയത്തിൽ സമരം നടത്തുന്നവരുമായി ആരോഗ്യമന്ത്രി ചർച്ച നടത്തി. എന്നാൽ, കാര്യങ്ങൾ ഒരു തരത്തിലും സഹിഷ്ണുതയോടെ കേൾക്കാൻ സമരക്കാർ തയാറല്ല. സുപ്രീംകോടതി അടുത്ത ദിവസം കേസ് പരിഗണിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയുടെ അടിസ്‌ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും.


ജനാധിപത്യത്തിനു നേരേ കല്ലുകൾ വലിച്ചെറിയുന്ന ചിലർ സ്വയം അപഹാസ്യരാകുന്നുണ്ട്. കൂടുതൽ അപഹാസ്യരാകാനാണു ചിലർ രക്‌തമാണെന്നു ധരിക്കാൻ മഷിക്കുപ്പിയിലെ മഷിയെടുത്തു ഷർട്ടിൽ പുരട്ടിയത്. പോലീസിന്റേത് അടക്കം നിരവധി ആക്രമണങ്ങൾക്കു വിധേയരായി ചുടുനിണം ഒഴുക്കിയ ധാരാളം പ്രവർത്തകർ ഇന്നു ഭരണപക്ഷ ബഞ്ചിൽ ഇരിപ്പുണ്ട്. അവരുടെയാരുടെയും ഷർട്ടിലും ശരീരത്തിലും ഒഴുകിയതു മഷിയായിരുന്നില്ല, മറിച്ചു ചുടു നിണമായിരുന്നു.

രാവിലെ ചോദ്യോത്തര വേളയിൽ ബാനറുമായാണു പ്രതിപക്ഷമെത്തിയത്. മാധ്യമങ്ങൾക്കു വേണ്ടിയാണ് ഇത് ഉയർത്തിക്കാട്ടിയത്. അവർ പോയതോടെ ബാനറും വേണ്ടാതായി. പിന്നീട് ഇത് എടുത്തുയർത്താനുള്ള കരുത്ത് ഇവർക്കില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.