മദ്യനയത്തിൽ തീരുമാനം എടുത്തിട്ടില്ല: മുഖ്യമന്ത്രി
മദ്യനയത്തിൽ തീരുമാനം എടുത്തിട്ടില്ല: മുഖ്യമന്ത്രി
Tuesday, September 27, 2016 1:40 PM IST
കൊച്ചി: സർക്കാരിന്റെ മദ്യനയത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ട്രാവൽ മാർട്ട് സൊസൈറ്റി സംഘടിപ്പിക്കുന്ന ടൂറിസം മേളയായ കേരള ട്രാവൽ മാർട്ടിന്റെ (കെടിഎം) ഒമ്പതാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മദ്യനയം സംബന്ധിച്ചു ചർച്ചകൾ നടക്കുകയാണ്. തീരുമാനമെടുത്ത ശേഷം വിശദാംശങ്ങൾ അറിയിക്കുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. ഹർത്താലുകൾ അത്ര പെട്ടെന്നു ഒഴിവാക്കാൻ സാധിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ രീതി അത്ര പെട്ടെന്നു അവസാനിക്കുന്ന ഒന്നല്ല. ഹർത്താലും ബന്തുമൊക്കെ സാധാരണയാണ്. ഭരണത്തിൽ കയറുമ്പോൾ മാത്രം ഹർത്താൽ ഒഴിവാക്കണമെന്നു പറയാനാകില്ല. പക്ഷേ, ടൂറിസ്റ്റുകളെ ഹർത്താൽ ബാധിക്കരുതെന്ന കാര്യത്തിൽ പാർട്ടികൾ തമ്മിൽ സമവായമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം രംഗത്തെ വികസനത്തിനായി ഹരിത കേരളം പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ തനതായ ഉത്പന്നങ്ങൾ ടൂറിസം മേഖലകളിൽ ലഭ്യമാക്കാൻ കഴിയണം. അതിലൂടെ തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ കഴിയും.

കേരളത്തിലെത്തുന്ന സഞ്ചാരികൾ ആത്മ സംതൃപ്തിയോടെ മടങ്ങിപ്പോകണം. അതിനുള്ള നടപടിക്രമങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. പൊതുഇടങ്ങളിലെ വിസർജനം നവംബർ ഒന്നു മുതൽ സമ്പൂർണമായി ഒഴിവാക്കാനുള്ള തീവ്രയജ്‌ഞത്തിലാണ് സർക്കാർ. തൃശൂരിൽ ഇതു പൂർത്തീകരിച്ചു കഴിഞ്ഞു. മറ്റു ജില്ലകളും തൊട്ടു പിന്നാലെയുണ്ട്.

കേരളത്തിലെ കുളങ്ങളും ജലാശയങ്ങലും നദികളും സംരക്ഷിക്കപ്പെടണം. അവ മാലിന്യ മുക്‌തമാകണം. അതിനു നാം ഓരോരുത്തരും മുൻകൈയെടുക്കണം. കേരളത്തിലെത്തുന്ന സഞ്ചാരികൾക്ക് ആരോഗ്യത്തിനു ഹാനികരമാകാത്ത രീതിയിൽ മെച്ചപ്പെട്ട ഭക്ഷണവും ലഭ്യമാക്കണം.

ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവപച്ചക്കറി കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ടെന്നും ഇതു ടൂറിസത്തിനു ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്‌തമാക്കി.


മലബാറിന്റെ ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുമെന്ന് ടൂറിസം മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. മലബാറിന്റെ ടൂറിസം രംഗത്ത് വൻ വികസനങ്ങൾ നടപ്പാക്കും. ഗതാഗത സൗകര്യങ്ങൾ വർധിപ്പിച്ചു ഹൗസ് ബോട്ട് ടൂറിസം മലബാറിലേക്കും വ്യാപിപ്പിക്കും. കേരളം മഹത്തായ ആയുർവേദ പാരമ്പര്യമുള്ള സ്‌ഥലമാണെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ കൊച്ചിയിലെ മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ മേയർ സൗമിനി ജെയിൻ, കേന്ദ്ര ടൂറിസം ജോയിന്റ് സെക്രട്ടറി സുമൻ ബില്ല, സംസ്‌ഥാന ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണു, ടൂറിസം ഡയറക്ടർ യു.വി. ജോസ്, ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ എം. വിജയകുമാർ, കെ.വി. തോമസ് എംപി, കെടിഎം പ്രസിഡന്റ് ഏബ്രഹാം ജോർജ് തുടങ്ങിയവർ സംബന്ധിച്ചു. പരിപാടിയോടനുബന്ധിച്ചു കലാ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

57 വിദേശ രാജ്യങ്ങളിൽനിന്ന് കെടിഎമ്മിൽ പങ്കാളിത്തമുണ്ടാകും. ജപ്പാൻ, ചൈന, ചിലി, ഗ്രീസ്, ഇറാൻ, ദക്ഷിണകൊറിയ, സൗദി അറേബ്യ, മെക്സിക്കോ, ബോട്സ്വാന, ജോർജിയ എന്നീ രാജ്യങ്ങൾ ആദ്യമായാണ് കേരള ട്രാവൽമാർട്ടിൽ പങ്കാളികളാകുന്നത്. ഇതുകൂടാതെ ഇന്ത്യയിലെ 20 സംസ്‌ഥാനങ്ങളിൽ നിന്നും പങ്കാളിത്തമുണ്ടാകും.

വിദേശരാജ്യങ്ങളിൽ നിന്നായി 560 പ്രതിനിധികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യക്കകത്തുനിന്നും 1,304 പ്രതിനിധികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാളെ മുതൽ 30 വരെ വെല്ലിംഗ്ടൺ ഐലൻഡിലെ സമുദ്രിക, സാഗര കൺവൻഷൻ സെന്ററുകളിലാണ് കെടിഎമിന്റെ ഔദ്യോഗിക പരിപാടികൾ. അവസാന ദിനമായ 30ന് മാത്രമേ പൊതു ജനങ്ങൾക്ക് ട്രാവൽമാർട്ട് കാണാൻ അവസരം ഉണ്ടാകുകയുള്ളു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.