സാക്ഷിയെ കൊന്നു പുഴയിലെറിഞ്ഞ കേസ്: ഒൻപതു പേർക്കു ജീവപര്യന്തം
Tuesday, September 27, 2016 1:40 PM IST
തൃശൂർ: കൊലക്കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒമ്പതു പ്രതികൾക്കു ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണു ശിക്ഷിച്ചത്. തമിഴ്നാട് തിരുച്ചംകോട്ട് ചെങ്കോട്ടപാളയം സ്വദേശി ശംഭു എന്നു വിളിക്കുന്ന ഷൺമുഖനെ(35) കൊലപ്പെടുത്തി ചാലക്കുടി പുഴയിൽ തള്ളിയ കേസിലാണു വിധി.

ചെങ്കോട്ടപ്പാളയം സ്വദേശി ശരവണൻ(35), ഭാര്യ ശിവകാമി(25), തിരുച്ചംകോട് സ്വദേശി ശെന്തിൽ(23), നാമക്കൽ ചെട്ട്യാർതെരുവ് സ്വദേശി ലക്ഷ്മണൻ(23), ഈറോഡ് പാളയം സ്വദേശി രമേഷ്(25), സേലം സന്യാസിഗുണ്ട് സ്വദേശി ജഗദീഷ്(25), രാമനാഥപുരം സ്വദേശി രംഗസ്വാമി (24), നാമക്കൽ മംഗളപുരം സ്വദേശി മുത്തു(30) മോട്ടൂർതിരി സ്വദേശി അങ്കമുത്തു (29) എന്നിവരെയാണു ശിക്ഷിച്ചത്. പിഴത്തുക ഓരോരുത്തർക്കും വിവിധ വകുപ്പുകളിലായി നാല്പതിനായിരം രൂപയോളം വരും. പിഴത്തുകയിൽ രണ്ടര ലക്ഷം രൂപ കൊല്ലപ്പെട്ട ഷൺമുഖന്റെ മകൾക്കു നൽകാനും കോടതി വിധിച്ചു.

2004 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. തമിഴ്നാട്ടിലെ തിരുച്ചംകോട്ട് കോളിളക്കം സൃഷ്‌ടിച്ച കൊലപാതകക്കേസിലെ ഏക ദൃക്സാക്ഷിയായിരുന്നു ഷൺമുഖൻ. തമിഴ്നാട്ടിലെ നാമക്കലിൽ തിരുച്ചംകോട്ട് മുനിസിപ്പൽ കൗൺസിലർ അളകരശൻ കൊല്ലപ്പെട്ട കേസിലെ ദൃക്സാക്ഷി. പ്രതികൾക്കെതിരേ ഷൺമുഖൻ സാക്ഷിമൊഴി നൽകിയതിനു തൊട്ടുപിന്നാലെ പ്രതികളുടെ സംഘം ഇയാളെ തട്ടിക്കൊണ്ടുപോയി.


ചോറ്റാനിക്കരയിലെ ലോഡ്ജിൽ വച്ചു പ്രതികളുടെ പിടിയിൽനിന്നു രക്ഷപ്പെടാൻ ഷൺമുഖൻ ശ്രമിച്ചെങ്കിലും ഇയാളുടെ കൈകാലുകൾ വരിഞ്ഞുകെട്ടി ചാലക്കുടിയിൽ എത്തിച്ച ശേഷം കഴുത്തറുത്തു ഷൺമുഖനെ കൊലപ്പെടുത്തുകയും ചാലക്കുടി പുഴയിൽ തള്ളുകയുമായിരുന്നു. അളകരശൻ കൊലക്കേസിൽനിന്നു രക്ഷപ്പെടുന്നതിനാണു പ്രതികൾ കൊലപാതകം നടത്തിയത്.

ഷൺമുഖന്റെ മൃതദേഹം പരിശോധിച്ച ചാലക്കുടി ഡിവൈഎസ്പിമാരായ ജോളി ചെറിയാൻ, കെ.എസ്.സുദർശൻ, കെ.പി.ജോസ് എന്നിവർക്കു ഷൺമുഖന്റെ പാന്റ്സിന്റെ പോക്കറ്റിൽനിന്നു ശരവണന്റെ പേരെഴുതിയ കടലാസ് കിട്ടുകയും തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയുമായിരുന്നു. തമിഴ്നാട് ഡിവൈഎസ്പി സുബ്രഹ്മണ്യനും കേസന്വേഷണത്തിൽ സഹായിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.