മൈക്രോഫിനാൻസ് തട്ടിപ്പ്: വെള്ളാപ്പള്ളി നടേശനെതിരേ തെളിവുണ്ടെന്നു സർക്കാർ
മൈക്രോഫിനാൻസ് തട്ടിപ്പ്: വെള്ളാപ്പള്ളി നടേശനെതിരേ തെളിവുണ്ടെന്നു സർക്കാർ
Monday, September 26, 2016 12:39 PM IST
കൊച്ചി: മൈക്രോഫിനാൻസ് പദ്ധതിയുടെ പേരിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ എന്നിവരുൾപ്പെടെയുള്ളവർ ഫണ്ട് ദുരുപയോഗം ചെയ്തതിനു തെളിവുണ്ടെന്നു വ്യക്‌തമാക്കി വിജിലൻസ് അന്വേഷണസംഘം ഹൈക്കോടതിയിൽ സ്റ്റേറ്റ്മെന്റ് നൽകി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു വെള്ളാപ്പള്ളി നടേശൻ നൽകിയ ഹർജി തള്ളണമെന്നു വിജിലൻസ് പറയുന്നു.

വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷനേതാവായിരിക്കെ നൽകിയ പരാതിയിൽ ത്വരിതാന്വേഷണം നടത്തിയശേഷമാണു വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർക്കെതിരേ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. 2003 മുതൽ 2014 വരെയുള്ള കാലയളവിൽ 15.85 കോടി രൂപയാണ് ഈ പദ്ധതി പ്രകാരം സംസ്‌ഥാന പിന്നോക്ക വികസന കോർപറേഷനിൽനിന്ന് എസ്എൻഡിപി യോഗം കൈപ്പറ്റിയത്. മൈക്രോ ഫിനാൻസ് പദ്ധതിക്കു വേണ്ടി സർക്കാരിതര സംഘടനയെ തെരഞ്ഞെടുക്കുമ്പോൾ മൈക്രോ ക്രെഡിറ്റ് മേഖലയിൽ കുറഞ്ഞതു മൂന്നു വർഷത്തെ പ്രവൃത്തിപരിചയം വേണമെന്നും ശക്‌തമായ സ്വയംസഹായ സംഘങ്ങൾ സംഘടനയ്ക്കു കീഴിലുണ്ടാകണമെന്നും നിബന്ധനയുണ്ട്. എന്നാൽ, ഇത്തരത്തിൽ മുൻപരിചയമില്ലാത്ത എസ്എൻഡിപി യോഗത്തിനു ചട്ടവിരുദ്ധമായി പദ്ധതി അനുവദിച്ചെന്നു വിജിലൻസ് ഇൻസ്പെക്ടർ സി.എസ്. ഹരി നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു.


സ്വയംസഹായ സംഘങ്ങൾക്കു വിതരണം ചെയ്യാൻ അനുവദിച്ച പണം ദുരുപയോഗം ചെയ്തശേഷം സംഘങ്ങൾ ഈ പണം വിനിയോഗിച്ചുവെന്ന സർട്ടിഫിക്കറ്റ് പിന്നോക്ക വികസന കോർപറേഷനിൽ ഹാജരാക്കി. ഇതു വിശദമായി പരിശോധിച്ചിട്ടുപോലുമില്ല. കുറഞ്ഞ പലിശ നിരക്കിൽ തിരിച്ചടവിനു കൂടുതൽ സമയം നൽകുന്ന തരത്തിൽ വായ്പ നൽകണമെന്നു മൈക്രോ ഫിനാൻസ് പദ്ധതിയിൽ നിഷ്കർഷിക്കുന്നുണ്ടെങ്കിലും പലയിടത്തും ഇതു പാലിച്ചില്ലെന്നും വിജിലൻസ് പറയുന്നു.

അതിനിടെ ഹർജിയിൽ കക്ഷി ചേരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ ഹൈക്കോടതിയിൽ അപേക്ഷ നൽകി. തന്റെ പരാതിയെ തുടർന്നാണു വിജിലൻസ് അന്വേഷണം നടത്തുന്നതെന്നും പൊതുതാല്പര്യത്തിനു വിരുദ്ധമായി കേസിലെ എതിർകക്ഷികൾ സാമ്പത്തിക നേട്ടത്തിനു വേണ്ടി ഫണ്ട് ദുരുപയോഗിച്ചെന്നും തന്നേക്കൂടി കേൾക്കാതെ ഹർജിയിൽ തീർപ്പു കല്പിക്കരുതെന്നും വി.എസ് ഹർജിയിൽ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.