മായിക കുരുക്കുകളൊരുക്കി കൊച്ചി
മായിക കുരുക്കുകളൊരുക്കി കൊച്ചി
Monday, September 26, 2016 12:39 PM IST
ലഹരിയിൽ മയങ്ങി നഗരങ്ങൾ / അരുൺ സെബാസ്റ്റ്യൻ –1

അറബിക്കടലിന്റെ റാണിയാണു കൊച്ചി. ആരെയും മോഹിപ്പിക്കുന്ന സൗകുമാര്യം. അതിദ്രുതം വളരുന്ന മെട്രോനഗരം. കേരളത്തിന്റെ വ്യവസായ തല സ്‌ഥാനം. ഇതൊക്കെയാണെങ്കിലും പുറമേ കാണുന്ന സൗന്ദര്യം കൊച്ചിയുടെ ഉള്ളിലില്ല. മലിനീകരണത്തിന്റെയും കൊതുകുകളുടെയും കാര്യത്തിൽ മുന്നിൽനിൽക്കുന്ന കൊച്ചി നഗരം മനുഷ്യനെ ഭ്രാന്തിന്റെ ലോകത്തെത്തിക്കുന്ന മയക്കുമരുന്നിന്റെ തലസ്‌ഥാനമാകാൻ മത്സരിക്കുന്നു.

മയക്കുമരുന്നിന്റെ മായികലോകത്തേക്കു പ്രലോഭനങ്ങളുടെ ജാലകങ്ങൾ തുറന്നുവച്ചു കാത്തിരിക്കുകയാണു കൊച്ചി. ചതിക്കെണിയാണെന്നറിയാതെ യുവാക്കളും കുട്ടികളും വീട്ടമ്മമാർവരെയും കുരുങ്ങി വീഴുന്നു. കര–കടൽ–ആകാശം വഴി നഗരത്തിൽ വൻതോതിൽ മയക്കുമരുന്ന് വന്നിറങ്ങുന്നു. പുതുസംരംഭങ്ങളും വ്യവസായ സ്‌ഥാപനങ്ങളും വിദ്യാകേന്ദ്രങ്ങളും നിയന്ത്രണമില്ലാതെ ഉയർന്നുവരികയും ഇതരസംസ്‌ഥാനക്കാരും വിദേശികളുമൊക്കെ വൻതോതിൽ വന്നു പാർക്കുകയും ചെയ്യുന്ന ഈ നഗരം മയക്കുമരുന്നു മാഫിയയ്ക്കു വളക്കൂറുള്ള മണ്ണാകുന്നു.

കഞ്ചാവും കറുപ്പും പഴഞ്ചൻ

കൊച്ചിയുടെ പേര് മയക്കുമരുന്നിന്റെ നാൾവഴി പെരുമകളിൽ വളരെമുമ്പേ എഴുതി ചേർക്കപ്പെട്ടതാണ്. പ്രതിദിനം ആയിരങ്ങൾ വന്നിറങ്ങുകയും കടന്നുപോകുകയും ചെയ്യുന്ന കൊച്ചി സംസ്‌ഥാനത്തെ മയക്കുമരുന്നിന്റെ പ്രധാന കവാടവും കൈമാറ്റകേന്ദ്രവുമാകുന്നു. കഞ്ചാവും കറുപ്പും പോലുള്ള ലഹരിപദാർഥങ്ങളായിരുന്നു മുൻപ് കൊച്ചിയിലെത്തിയിരുന്നതെങ്കിൽ ഇപ്പോൾ കടുപ്പമേറിയതും വിലയേറിയതുമായ പുതുകാല മയക്കുമരുന്നുകൾക്കാണു ഡിമാൻഡ്. കോടികളുടെ ബിസിനസ് നടക്കുന്ന ഈ രംഗത്തു മാഫിയകൾ തന്ത്രങ്ങളും മാറ്റിയിരിക്കുന്നു.

മുന്തിയതരം മയക്കുമരുന്നുകളായ ലൈസർജിക് ആസിഡ് ഡൈഈതൈൽ അമൈഡ് (എൽഎസ്ഡി), നൈട്രോസോൺ ഗുളികകൾ, ഫെനെഗ്രാൻ ആംപ്യൂളുകൾ, മരിഹ്വാന, ഹെറോയിൻ, കൊക്കെയിൻ തുടങ്ങി നീളുന്നു മയക്കുമരുന്നുകളുടെ പട്ടിക. വഴിയോരക്കച്ചവടക്കാർ മുതൽ സെലിബ്രിറ്റികൾ വരെ വിതരണത്തിലെ കണ്ണികളാകുന്നു.

കഞ്ചാവ് പോലുള്ള പരമ്പരാഗത മയക്കുമരുന്നുകൾ അതിർത്തി കടന്നു കരമാർഗം എത്തുമ്പോൾ ഏറ്റവും പുതിയതും മുന്തിയതുമായ മയക്കുമരുന്നുകൾ വിമാനത്താവളം വഴിയും കടൽ കടന്നും എത്തുന്നു. വഴികളും രീതികളും നിത്യവും മാറ്റി രാജ്യാന്തര ബന്ധമുള്ള ശൃംഖലകൾ അന്വേഷകരെ കുഴയ്ക്കുന്നു. സംഘങ്ങൾ തമ്മിലുള്ള ചേരിപ്പോരു കാരണം ഒറ്റിക്കൊടുക്കപ്പെട്ടും മറ്റു ചിലപ്പോൾ സ്വയം പിടികൊടുത്തും മയക്കുമരുന്നു കടത്തുകാർ അന്വേഷണ ഉദ്യോഗസ്‌ഥരുടെ കൈയ്യിൽപ്പെടാറുണ്ടെങ്കിലും മരണമരുന്നിന്റെ ഉറവിടങ്ങൾ കണ്ടെ ത്താനോ വഴികൾ അടയ്ക്കാനോ സാധിക്കുന്നില്ലെന്നതാണു വാസ്തവം. പിടിക്കപ്പെടുന്നതൊക്കെ ചെറുമീനുകൾ മാത്രമാണെന്നതു മറ്റൊരു യാഥാർഥ്യമാകുന്നു.


നിശാപാർട്ടികളിലെ താരം

മയക്കുമരുന്നിന്റെ വരവും ഉപയോഗവും അന്ധാളിപ്പിക്കും വിധമാണു വർധിച്ചുവരുന്നത്. മദ്യം കൈയടക്കി വച്ചിരിക്കുന്ന സ്‌ഥാനത്തേക്കു മയക്കുമരുന്ന് തള്ളിക്കയറ്റം നടത്തുന്നു. തീരനഗരമായ കൊച്ചിയിലെ നിശാപാർട്ടികളിലും ഡിജെ പാർട്ടികളിലും മയക്കുമരുന്നാണ് ഇപ്പോൾ താരം. കായലിലും കടലിലും ആഡംബരനൗകകളിൽ നടത്തുന്ന പാർട്ടികളിലും മറ്റും ലഹരിയുടെ ഉന്മാദവേളകൾ സൃഷ്ടിക്കുന്നു.

ഫ്ളാറ്റുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗവും കൊച്ചിയിൽ സജീവമാണ്. നഗരത്തിലെ ഒരു ഫ്ളാറ്റിൽനിന്നു പ്രമുഖ സിനിമാനടനെയടക്കം ലഹരി ഉപയോഗിച്ചതിന് അടുത്തനാളിൽ പിടികൂടി. ഡിജെ പാർട്ടിക്കിടെ ഡാൻസർ അടക്കമുള്ളവരെ ലഹരിമരുന്നു സഹിതം പിടികൂടിയ സംഭവവുമുണ്ടായി. കഴിഞ്ഞ മാസം ബോൾഗാട്ടിയിൽ നടന്ന നിശാപാർട്ടിയിലും ലഹരിമരുന്നു പിടികൂടി. ആഡംബര ജീവിതത്തിന്റെയും ആഘോഷങ്ങളുടെയും മറവിൽ ലഹരിമരുന്നിന്റെ ഉപയോഗം കൊച്ചി നഗരത്തിൽ യഥേഷ്‌ടം നടക്കുന്നു.

ഏഴു മാസം; 678 കേസുകൾ

മയക്കുമരുന്നുമായി ബന്ധപ്പെട്ടു കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഉണ്ടായതിനേക്കാൾ കൂടുതൽ കേസുകൾ കൊച്ചിയിൽ ഈവർഷം ജനുവരി ഒന്നു മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ രേഖപ്പെടുത്തി. 2014ൽ 508 കേസുകളും 2015ൽ 655 കേസുകളും ഉണ്ടായിരുന്ന സ്‌ഥാനത്ത് ഈവർഷം ഏഴു മാസത്തിനുള്ളിൽ 678 കേസുകൾ രജിസ്റ്റർചെയ്തു.

കഞ്ചാവ്, ഹാഷിഷ്, എൽഎസ്ഡി, വിവിധ കുത്തിവയ്പ് മരുന്നുകൾ, ലഹരിഗുളികകൾ, നിരോധിത പുകയില ഉത്പന്നങ്ങൾ തുടങ്ങിയവ ഉപയോഗിച്ചതിനും വിറ്റതിനുമുള്ള കേസുകളാണിവ.

പിടിക്കപ്പെടുന്ന കേസുകളിൽ ബഹുഭൂരിപക്ഷത്തിലും യുവാക്കളാണു പ്രതികൾ. പ്രായപൂർത്തിയാകാത്തവർ പിടിയിലാകുന്ന കേസുകളും കുറവല്ല. കുട്ടികളെന്ന പരിഗണനയിൽ ഇവർ രക്ഷപ്പെട്ടുപോകുന്നു. ചെറിയ അളവിലുള്ള ലഹരിമരുന്നാണു പിടിക്കപ്പെടുമ്പോൾ പലരുടെയും പക്കൽനിന്നു ലഭിക്കുക. കടുത്ത ശിക്ഷയിൽനിന്നു പ്രതികളെ ഇതു രക്ഷിക്കുന്നു.

ഒരുകിലോഗ്രാമിനു മുകളിൽ കഞ്ചാവ് കൈവശം വച്ചാൽ മാത്രമേ കാര്യമായ ശിക്ഷാനടപടികൾക്കു വകുപ്പുള്ളൂ. മിക്കവാറും കേസുകൾ ചെറിയതുക പിഴ അടയ്ക്കുന്നതോടെ അവസാനിക്കും. പിടിയിലാകുന്നവരെ ശിക്ഷയിൽ നിന്നൊഴിവാക്കാൻ അജ്‌ഞാതകേന്ദ്രങ്ങളിൽനിന്നു പണം ഒഴുകാറുമുണ്ട്.

പലതവണ പിടിക്കപ്പെട്ടാലും വീണ്ടും മയക്കുമരുന്ന് ഉപയോഗിക്കാനും വിൽപന നടത്താനും പുതിയ ആളുകൾക്ക് ഈ രംഗത്തേക്കു കടന്നുവരാനും ഈ സാഹചര്യങ്ങൾ പ്രചോദന മാ കുന്നു.

(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.