മദ്യശാലകൾ പൂട്ടില്ലെന്ന സർക്കാർ നയത്തിനെതിരേ ഒക്ടോബർ രണ്ടിനു നില്പുസമരം
Monday, September 26, 2016 12:21 PM IST
കൊച്ചി: സംസ്‌ഥാനത്തെ ഒരു മദ്യശാലയും ഇനി പൂട്ടില്ലെന്ന സർക്കാർ നയത്തിനെതിരേ കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്‌ഥാന കമ്മിറ്റിയുടെയും വരാപ്പുഴ അതിരൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും നേതൃത്വത്തിൽ ഒക്ടോബർ രണ്ടിനു കളമശേരി പ്രീമിയർ ജംഗ്ഷനിൽ നില്പുസമരം നടത്തും. കേരളത്തിലെ വിവിധ മദ്യവിരുദ്ധ പ്രസ്‌ഥാനങ്ങൾ സമരത്തിൽ പങ്കെടുക്കുമെന്ന് ഏകോപനസമിതി സംസ്‌ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ, വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ എന്നിവർ അറിയിച്ചു.

നിലവിലുള്ള മദ്യനയത്തിന്റെ അടിസ്‌ഥാനത്തിൽ എല്ലാവർഷവും ഗാന്ധിജയന്തി ദിനത്തിൽ ബീവറേജ് ഔട്ട്ലെറ്റുകളും കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകളും പത്തു ശതമാനം അടച്ചുപൂട്ടിയിരുന്നു. ഈ നയമാണ് ഇടതുസർക്കാർ അട്ടിമറിക്കുന്നത്.

ഈവർഷം മുതൽ മദ്യശാലകൾ അടച്ചുപൂട്ടില്ലെന്ന എക്സൈസ് മന്ത്രിയുടെ പ്രഖ്യാപനം സംസ്‌ഥാനത്ത് അനിയന്ത്രിതമായി മദ്യം ഒഴുക്കാനാണ് ഉപകരിക്കുക. മദ്യലഭ്യത കുറച്ചുകൊണ്ടുവരുമെന്നു പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന ഇടതുസർക്കാർ ഘട്ടംഘട്ടമായി മദ്യലഭ്യത വർധിപ്പിക്കാനുള്ള നീക്കങ്ങളാണു നടത്തുന്നത്. ഈ നയം ജനദ്രോഹപരമാണ്.

മദ്യത്തിന്റെ ശാപവും ദുരന്തവും പേറുന്ന കേരളത്തെ രക്ഷിക്കാനുള്ള നയങ്ങൾക്കു പകരം മദ്യലോബികൾക്കും മദ്യപർക്കും വേണ്ടി നയങ്ങൾ ആവിഷ്കരിച്ചാൽ ജനം അതു ചെറുത്തുതോല്പിക്കും. സുപ്രീം കോടതി പോലും അംഗീകരിച്ച മദ്യനയമാണു നിലവിലുള്ളത്.


ഈ നയം അട്ടിമറിച്ചു കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള നീക്കങ്ങൾക്കെതിരേ ശക്‌തമായ ചെറുത്തുനിൽപുണ്ടാകും.

ഒക്ടോബർ രണ്ടിനു വൈകുന്നേരം നാലു മുതൽ 5.30 വരെ കളമശേരി പ്രീമിയർ ജംഗ്ഷനിൽ നടത്തുന്ന നില്പുസമരത്തിൽ കെസിബിസി മദ്യവിരുദ്ധ സമിതി സംസ്‌ഥാന ചെയർമാർ ബിഷപ് മാർ റെമജിയോസ് ഇഞ്ചനാനിയൽ, വൈസ് ചെയർമാൻ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, ജനറൽ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ബിഷപ് മാർ തോമസ് ചക്യത്ത്, മദ്യവിരുദ്ധ ഏകോപന സമിതി സംസ്‌ഥാന ചെയർമാർ ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ, സമിതി ഭാരവാഹികളായ അഡ്വ. ചാർളി പോൾ, റവ ഡോ. ജേക്കബ് മണ്ണാറപ്രായിൽ കോറെപ്പിസ്കോപ്പ, ഫാ. സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ, ഫാ. തോമസ് തൈത്തോട്ടം, പ്രസാദ് കുരുവിള, ഫാ. ജോർജ് നേരേവീട്ടിൽ, ഫാ. പോൾ കാരാച്ചിറ, ഫാ. ആന്റണി അറയ്ക്കൽ, ടി.എം. വർഗീസ്, ഫാ. പോൾ ചുള്ളി, ഹിൽട്ടൺ ചാൾസ്, കുരുവിള മാത്യൂസ്, ആന്റണി ജേക്കബ് ചാവറ, തങ്കച്ചൻ വെളിയിൽ, പി.എച്ച്. ഷാജഹാൻ, കെ.എ. പൗലോസ് കാച്ചപ്പിള്ളി, എം.ഡി. റാഫേൽ, ജെസി ഷാജി, പ്രഫ. കെ.കെ. കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.