എണ്ണം കുറഞ്ഞെങ്കിലും ശൗര്യം കൂട്ടി പ്രതിപക്ഷം; വേറിട്ട പ്രതിഷേധവുമായി കേരള കോൺഗ്രസ്
എണ്ണം കുറഞ്ഞെങ്കിലും ശൗര്യം കൂട്ടി പ്രതിപക്ഷം; വേറിട്ട പ്രതിഷേധവുമായി കേരള കോൺഗ്രസ്
Monday, September 26, 2016 12:16 PM IST
സാബു ജോൺ

തിരുവനന്തപുരം: എണ്ണം കുറഞ്ഞ പ്രതിപക്ഷത്തിന്റെ ശൗര്യം കുറഞ്ഞില്ലെന്നു തെളിയിക്കുന്നതാണ് ഇന്നലെ നിയമസഭാസമ്മേളനത്തിന്റെ ആദ്യദിനത്തിൽ കണ്ടത്. സ്വാശ്രയ പ്രശ്നത്തിൽ സഭ സ്തംഭിപ്പിച്ച യുഡിഎഫ് എംഎൽഎമാർ നടുത്തളത്തിലിറങ്ങി കുത്തിയിരുന്നു സമരം ചെയ്തപ്പോൾ പ്രത്യേക ബ്ലോക്ക് ആയി മാറിയ കേരള കോൺഗ്രസ് – എം വാക്കൗട്ട് പ്രഖ്യാപിച്ച് സ്വതന്ത്ര വ്യക്‌തിത്വം തെളിയിച്ചു. ഒപ്പം ഈ വിഷയത്തിൽ സർക്കാരിനെതിരാണെന്നു കൂടി അവർ കാട്ടി.

മുൻ ആരോഗ്യമന്ത്രി കൂടിയായ വി.എസ്. ശിവകുമാറാണു സ്വാശ്രയ പ്രശ്നം ഉന്നയിച്ച് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. കഴിഞ്ഞ അഞ്ചു വർഷത്തെ ഫീസ് നിരക്കു സംബന്ധിച്ച കണക്കുകൾ ഉദ്ധരിച്ച് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു ശിവകുമാർ ശ്രമിച്ചത്. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് സ്വാശ്രയ മെഡിക്കൽ കോളജുകളിലെ സർക്കാർ സീറ്റിലെ ഫീസ് 1.32 ലക്ഷം രൂപയിൽ നിന്ന് 1.85 ലക്ഷം രൂപയായി വർധിപ്പിച്ചപ്പോൾ ഇടതുസർക്കാർ ആദ്യ വർഷം തന്നെ ഫീസിൽ ഒറ്റയടിക്ക് 65,000 രൂപയുടെ വർധന വരുത്തിയെന്നു ശിവകുമാർ ചൂണ്ടിക്കാട്ടി. പരിയാരം മെഡിക്കൽ കോളജിലെ ഫീസ് 1.25 ലക്ഷമായിരുന്നത് രണ്ടര ലക്ഷമാക്കി ഉയർത്തി. ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കാതിരുന്നത് സ്വാശ്രയ മാനേജ്മെന്റുകളുമായുള്ള ഒത്തുകളിയുടെ ഭാഗമായാണെന്നും ശിവകുമാർ ആരോപിച്ചു.

തിരിച്ച് ആരോപണം ഉന്നയിച്ചു കൊണ്ടാണ് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ പ്രതിപക്ഷത്തെ നേരിട്ടത്. സ്വാശ്രയ ഫീസ് വർധിപ്പിച്ചുകൊടുത്ത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏതൊക്കെ നേതാക്കളുടെ മക്കൾക്ക് കുറഞ്ഞ നിരക്കിൽ സീറ്റ് തരപ്പെടുത്തി എന്നതിന്റെ ലിസ്റ്റ് കൈവശമുണ്ടെന്ന് മന്ത്രി ആരോപിച്ചു. എന്നാൽ പേരു പറയില്ലെന്നും മന്ത്രി പറഞ്ഞതോടെ പ്രതിപക്ഷം ചാടിയെണീറ്റു. പ്രതിപക്ഷത്തെ അടച്ചാക്ഷേപിക്കാതെ പേരു പറയാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. വി.ടി. ബൽറാം ഉൾപ്പെടെയുള്ളവർ കൂടി രംഗത്തിറങ്ങിയതോടെ ബഹളമായി.

കോളജുകളുടെ പുറംവരവ് നിലച്ചതോടെ ഫീസ് വർധിപ്പിച്ചു കൊടുക്കേണ്ടിവന്നു എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം. പുറംവരവ് എന്നു പറഞ്ഞാൽ എന്താണെന്ന് എല്ലാവർക്കും മനസിലാകുമെന്നും പിണറായിക്ക് ഉറപ്പുണ്ട്. ഏതായാലും അത്തരം വരുമാനം നീറ്റ് ലിസ്റ്റോടെ ഇല്ലാതായി. അതുകൊണ്ട് കുറച്ചു ഫീസ് വർധിപ്പിച്ചു കൊടുക്കേണ്ടി വന്നു എന്നു പിണറായി വിശദീകരിച്ചു.

പ്രതിപക്ഷത്തിനല്ലാതെ വിദ്യാർഥികൾക്കോ രക്ഷിതാക്കൾക്കോ പരാതിയില്ലെന്നും മന്ത്രി ഷൈലജ പറഞ്ഞിരുന്നു. എസ്എഫ്ഐയുടെ പത്രപ്രസ്താവന കൊണ്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രിയെ നേരിട്ടത്. എസ്എഫ്ഐക്കാരുടെ പരാതിയെങ്കിലും മന്ത്രി പരിഹരിച്ചുകൊടുക്കാനും രമേശ് പറഞ്ഞു. തീവെട്ടിക്കൊള്ള എന്ന പദം ഉപയോഗിച്ചാണ് ഫീസ് വർധനയെ പ്രതിപക്ഷനേതാവ് വിമർശിച്ചത്. സർക്കാരും മാനേജ്മെന്റുകളും ഒത്തുകളിക്കുകയാണ്. സുപ്രീംകോടതിയെ സമീപിച്ച മധ്യപ്രദേശ് സർക്കാരിന് അനുകൂല വിധി ലഭിച്ചു. എന്നാൽ, കേരളം അപ്പീൽ നൽകാൻ തയാറായില്ല.

സഭയിലിരുന്നു പ്രതിഷേധിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ചതോടെ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിയുമായി നടുത്തളത്തിലേക്കിറങ്ങി. അപ്പോഴാണ് കെ.എം. മാണി നാടകീയമായി വാക്കൗട്ട് പ്രഖ്യാപിച്ചത്.

ബഹളം മൂർച്ഛിച്ചതോടെ സഭ നിർത്തിവയ്ക്കുന്നതായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പ്രഖ്യാപിച്ചു. കക്ഷിനേതാക്കളുമായി ചർച്ച നടത്തി ധാരണയിലെത്തി 40 മിനിറ്റിനു ശേഷം സഭ വീണ്ടും സമ്മേളിച്ചു. സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്ന യൂത്ത് കോൺഗ്രസുകാരുമായി ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതോടെ പ്രതിപക്ഷം സഭാപടികളുമായി സഹകരിക്കാൻ തീരുമാനിച്ചു.

രണ്ടു ബില്ലുകളാണ് ഇന്നലെ സഭയുടെ പരിഗണനയിൽ വന്നത്. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ഭേദഗതി ബില്ലും കേരള അടിസ്‌ഥാന സൗകര്യ നിക്ഷേപനിധി ഭേദഗതി ബില്ലും. രണ്ടും സബ്ജക്ട് കമ്മിറ്റിക്ക് അയച്ചു.


ദേവസ്വം നിയമനങ്ങൾ പിഎസ്്സിക്കു വിടുമെന്നു പ്രഖ്യാപിച്ച ദേവസ്വം മന്ത്രി ഇപ്പോൾ റിക്രൂട്ട്മെന്റ് ബോർഡ് ഭേദഗതിയുമായി വന്നതിന്റെ പൊരുത്തക്കേട് ആയിരുന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. എന്നാൽ, ദേവസ്വം ബോർഡിലെ ഭരണവിഭാഗം തസ്തികകൾ പിഎസ്്സിക്കു വിടുമെന്നും അതിന്റെ കാലതാമസം മൂലമാണ് റിക്രൂട്ട്മെന്റ് ബോർഡ് ഭേദഗതി ചെയ്യുന്നതെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും വിശദീകരിച്ചു. നിലവിൽ ആറംഗങ്ങളുള്ള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പൊതുപണം ധൂർത്തടിക്കാനുള്ള ഒരു വേദി മാത്രമാണെന്നായിരുന്നു മന്ത്രിയുടെ നിലപാട്. മൂന്നംഗങ്ങളുള്ള ബോർഡിന്റെ ആവശ്യമേ ഉള്ളൂ എന്നും മന്ത്രി വിശദീകരിച്ചു.

മദ്യവ്യാപാരികളെ ബോർഡിൽ അംഗമാക്കരുതെന്ന യുഡിഎഫ് കാലത്തെ നിബന്ധന പുതിയ ഭേദഗതിയിൽ ഒഴിവാക്കിയതിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ശേലുകേടു കണ്ടു. അവരെ സമൂഹത്തിൽ നിന്നു മാറ്റിനിർത്തേണ്ട കാര്യമുണ്ടോ എന്നായി മന്ത്രി ഇ.പി. ജയരാജൻ.

ക്ഷേത്രങ്ങളിലെ നിയമനങ്ങളിൽ സർക്കാരും പിഎസ്്സിയും എന്തിന് ഇടപെടുന്നു എന്നായിരുന്നു പി.സി. ജോർജിന്റെ ചോദ്യം. അരുവിത്തറ പള്ളിയിൽ കപ്യാരെ നിയമിക്കണമെങ്കിൽ വികാരിയോ പള്ളി കമ്മിറ്റിയോ തീരുമാനിക്കും. ഈരാറ്റുപേട്ട നൈനാർ മുസ്്ലിം പള്ളിയിൽ മുക്രിയെ നിയമിക്കുന്നതും പള്ളി കമ്മിറ്റിക്കാരാണ്. ക്ഷേത്രങ്ങളിലെ ആൾക്കാരെ വിശ്വാസികൾ തീരുമാനിക്കട്ടെ എന്നായിരുന്നു ജോർജിന്റെ നിലപാട്. എന്നാൽ, ഭരണപക്ഷത്തെ സി.കെ. നാണുവിന് ഇതുകേട്ടു വല്ലാതെ ദേഷ്യം വന്നു. ഇപ്പോൾ തന്നെ പല അമ്പലങ്ങളിലും മറ്റു പലരും നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. അത്തരം നില അനുവദിക്കുന്നത് അപകടമാണെന്നായിരുന്നു നാണുവിന്റെ മുന്നറിയിപ്പ്.

ശബരിമലയിൽ സ്ത്രീകളെ വിലക്കുന്നതിലായിരുന്നു ഐഷ പോറ്റിക്കു രോഷം. എവിടെയായാലും സ്ത്രീകളോടുള്ള വിവേചനം തുടരുന്നതിലുള്ള പ്രതിഷേധം അവർ പ്രകടിപ്പിച്ചു. താൻ മന്ത്രിയായിരുന്നപ്പോൾ ദേവസ്വം ബോർഡിൽ സ്ത്രീപ്രാതിനിധ്യം വ്യവസ്‌ഥ ചെയ്തിരുന്നു എന്ന് മന്ത്രി ജി. സുധാകരൻ ഐഷ പോറ്റിയെ ഓർമിപ്പിച്ചു. അവർ അതു ശരിവയ്ക്കുകയും ചെയ്തു.

അടിസ്‌ഥാന സൗകര്യ ബിൽ പരിഗണനയ്ക്കെടുത്തപ്പോൾ കെ.എം. മാണിയും വി.ഡി. സതീശനും തടസവാദങ്ങൾ ഉന്നയിച്ചു. ബിൽ ഭരണഘടനാപരമായി നിലനിൽക്കില്ലെന്നായിരുന്നു മാണിയുടെ വാദം. കിഫ്ബി വരുന്നതോടെ മറ്റു പലർക്കും പണി പോകുമെന്നായിരുന്നു അടിസ്‌ഥാന സൗകര്യ നിധി ബില്ലിന്റെ ചർച്ചയിൽ ഡോ. എം. കെ. മുനീർ ചൂണ്ടിക്കാട്ടിയത്. പൊതുമരാമത്ത് വകുപ്പിന് പണിയില്ലാതാകും. റോഡ് ഫണ്ട് ബോർഡ് ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ കിഫ്ബിയെ എൽപ്പിക്കുന്നതോടെ റോഡ് ഫണ്ട് ബോർഡ് ഫലത്തിൽ ഇല്ലാതാകും. അതു പിരിച്ചുവിട്ടതിനു ശേഷമേ ഈ ബില്ലു പാസാക്കാവൂ എന്നും മുനീർ പറഞ്ഞു.

കിഫ്ബിയെ ശക്‌തമായി എതിർത്ത വി.ഡി. സതീശൻ, പുതിയ പദ്ധതികൾ വരുന്നതോടെ ടോൾ ഏർപ്പെടുത്തുമെന്നു വാദിച്ചു. ബില്ലിലെ വ്യവസ്‌ഥകൾ ഉയർത്തിക്കാട്ടിയായിരുന്നു സതീശന്റെ വാദം. നവലിബറൽ നയങ്ങൾ എന്നു പറഞ്ഞ് ടോൾ സമ്പ്രദായത്തെ എതിർത്തു പോന്നിരുന്നു എൽഡിഎഫിന്റെയും സിപിഎമ്മിന്റെയും നിലപാടു മാറ്റത്തെ പക്ഷേ സതീശൻ സ്വാഗതം ചെയ്തു.

എന്നാൽ, മന്ത്രി തോമസ് ഐസക്കിന് ആശങ്കകളൊന്നുമില്ല. അഞ്ചു വർഷം കഴിയുമ്പോൾ സ്വപ്ന സുന്ദരമായ കേരളം രൂപപ്പെട്ടിരിക്കുമെന്ന കാര്യത്തിൽ മന്ത്രിക്കു സംശയമേയില്ല. എല്ലാം കിഫ്ബിക്കു കടപ്പെട്ടിരിക്കുന്ന കാര്യം.

പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാൻ തീരുമാനിച്ച കേരള കോൺഗ്രസുകാർ കെ.എം. മാണിയുടെ നേതൃത്വത്തിൽ ഒരുമിച്ചാണ് സഭയിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.