കെ. ബാബുവിനെ പിന്തുണച്ച് സുധീരൻ
കെ. ബാബുവിനെ പിന്തുണച്ച് സുധീരൻ
Sunday, September 25, 2016 1:18 PM IST
സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിജിലൻസ് കേസിൽ അന്വേഷണം നേരിടുന്ന മുൻ മന്ത്രി കെ.ബാബുവിനെ പിന്തുണച്ചു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ രംഗത്ത്. കെ. ബാബുവിനെതിരേ നടക്കുന്ന വിജിലൻസ് അന്വേഷണം രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നു സുധീരൻ പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി തീരുമാനങ്ങൾ വിശദീകരിക്കവേയാണു കെപിസിസി പ്രസിഡന്റ് ബാബുവിനെ പിന്തുണച്ചുകൊണ്ടു രംഗത്തെത്തിയത്.

ബാബുവിനെതിരേ അന്വേഷണ കോലാഹലം നടത്തിയെങ്കിലും ജനങ്ങൾക്കു ബോധ്യപ്പെടുന്ന ഒരു തെളിവുപോലും ഇതുവരെ ഹാജരാക്കാൻ വിജിലൻസിനു സാധിച്ചിട്ടില്ല. കോൺഗ്രസ്, യുഡിഎഫുമായി ചേർന്ന് ഇടതുപക്ഷത്തിന്റെ പകപോക്കൽ രാഷ്ട്രീയത്തെ, രാഷ്ട്രീയമായി തന്നെ നേരിടും. രാഷ്ട്രീയകാര്യ സമിതി ഏകകണ്ഠമായാണ് ഇത്തരമൊരു അഭിപ്രായത്തിൽ എത്തിയത്. കൃത്യത ഉറപ്പാക്കുന്നതിനാണ് ഇതുവരെ അഭിപ്രായം പറയാതിരുന്നത്. ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്‌ഥാനത്തിലാണോ ഇത്തരമൊരു നിലപാടു സ്വീകരിച്ചതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, തെളിവില്ലാത്ത കേസിൽ ഭൂരിപക്ഷ–ന്യൂനപക്ഷ അഭിപ്രായത്തിനു പ്രസക്‌തിയില്ലെന്നായിരുന്നു സുധീരന്റെ മറുപടി.


കേരള കോൺഗ്രസ് നേതാവ് കെ.എം. മാണിക്കെതിരേയുള്ള കേസിൽ ആദ്യം അഭിപ്രായം പറയുകയും, കെ. ബാബുവിന്റെ കേസിൽ അഭിപ്രായം രേഖപ്പെടുത്താതിരിക്കുകയും ചെയ്ത സുധീരന്റെ നിലപാടിനെതിരേ രാഷ്ട്രീയ കാര്യസമിതിയിൽ വിമർശനം ഉണ്ടായതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഒരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ടു രണ്ടും മൂന്നും തരത്തിൽ വിശദീകരിക്കുന്ന അന്വേഷണ ഉദ്യോഗസ്‌ഥൻ നൽകുന്ന റിപ്പോർട്ട് വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്നായിരുന്നു മാണിക്കെതിരേയുള്ള ബാർ കോഴ കേസ് അന്വേഷിച്ച എസ്പി സുകേശന്റെ പേരെടുത്തു പറയാതെയുള്ള സുധീരന്റെ പ്രതികരണം.

കെ. ബാബുവിനെതിരേയുള്ള വിജിലൻസ് നടപടിക്രമം പരിശോധിച്ചപ്പോൾ കൂടുതൽ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നു വ്യക്‌തമായ വിവരം രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ച ചെയ്തതിന്റെ അടിസ്‌ഥാനത്തിലാണ് ഏകാഭിപ്രായം രൂപീകരിച്ചതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഡിസിസി പ്രസിഡന്റുമാരുടെ തലത്തിലുള്ള പുനഃസംഘടനാ നടപടി തുടങ്ങിയതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.