ബാബുവിനായി സമ്മർദത്തിനു വഴങ്ങി സുധീരൻ; വിട്ടുവീഴ്ചയോടെ ഗ്രൂപ്പുകൾ
ബാബുവിനായി സമ്മർദത്തിനു വഴങ്ങി സുധീരൻ; വിട്ടുവീഴ്ചയോടെ ഗ്രൂപ്പുകൾ
Sunday, September 25, 2016 1:18 PM IST
സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിജിലൻസ് അന്വേഷണം നേരിടുന്ന മുൻ മന്ത്രി കെ. ബാബുവിനു പിന്തുണ നൽകണമെന്ന കോൺഗ്രസ് നേതാക്കളുടെ കടുത്ത സമ്മർദത്തിനു കെപിസിസി പ്രസിഡന്റ് വി.എം. സുധീരനു വഴങ്ങേണ്ടിവന്നു. ശനിയാഴ്ച ചേർന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നേതാക്കളുടെ കടുത്ത വിമർശനങ്ങൾക്കും സമ്മർദങ്ങൾക്കും ഒടുവിലാണു കെ. ബാബു വിഷയത്തിൽ നിലപാടിൽ മാറ്റം വരുത്താൻ വി.എം. സുധീരൻ തയാറായത്. അതോടെ, പാർട്ടിയുടെ താഴേത്തട്ടു മുതൽ കെപിസിസി പ്രസിഡന്റ് സ്‌ഥാനം വരെ സംഘടനാ തെരഞ്ഞെടുപ്പു നടത്തണമെന്ന കടുത്ത നിലപാടിൽ വിട്ടുവീഴ്ച ചെയ്യാൻ എ, ഐ ഗ്രൂപ്പുകളുടെ നേതാക്കളും തയാറായി.

ബാബു വിഷയത്തിൽ സുധീരൻ വഴങ്ങിയതോടെയാണു പുനഃസംഘടന ഉടനടി നടത്തണമെന്ന ഹൈക്കമാൻഡ് പ്രതിനിധികളുടെയും സുധീരന്റെയും ആവശ്യം യോഗം ചർച്ച ചെയ്തത്. ആദ്യം പുനഃസംഘടനയും പിന്നീടു സംഘടനാ തെരഞ്ഞെടുപ്പും നടത്താമെന്ന് ഇരു ഗ്രൂപ്പുകളും സമ്മതിച്ചതോടെയാണു പുനഃസംഘടനാ നിർദേശങ്ങൾ അംഗീകരിക്കാൻ രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ തീരുമാനമായത്.

കെ. ബാബുവിനെ എതിർക്കാനുള്ള കാരണങ്ങൾ നിരത്തി വി.എം. സുധീരൻ രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങിയെങ്കിലും ഇരുഗ്രൂപ്പ് നേതാക്കളും അതിനെതിരേ കടുത്ത വിമർശനം അഴിച്ചുവിട്ടു. മുല്ലപ്പള്ളി രാമചന്ദ്രൻ എംപിയാണു സുധീരനെതിരേ ആദ്യ വിമർശനം തൊടുത്തുവിട്ടത്. കേരള കോൺഗ്രസ് നേതാവ് കെ.എം. മാണിക്കെതിരേയുള്ള വിജിലൻസ് അന്വേഷണത്തിനെതിരേ തുടക്കത്തിൽ തന്നെ രംഗത്തെത്തിയ വി.എം. സുധീരൻ, കോൺഗ്രസ് നേതാവായ കെ. ബാബുവിനെതിരേയുള്ള വിജിലൻസ് അന്വേഷണത്തിൽ പ്രതികരിക്കാതിരുന്നതു ശരിയായില്ലെന്നു മുല്ലപ്പള്ളി പറഞ്ഞു. ഏറെക്കാലം ഡൽഹിയിൽ തന്നെ കഴിഞ്ഞ മുല്ലപ്പള്ളിക്കു കേരളത്തിലെ വിഷയങ്ങളെക്കുറിച്ച് അറിയാത്തതിനാലാണ് ഇത്തരം വിമർശനം ഉന്നയിക്കേണ്ടി വന്നതെന്നു സുധീരൻ തിരിച്ചടിച്ചു. ഇതേത്തുടർന്നു കെ. സുധാകരൻ വിഷയത്തിൽ ഇടപെട്ടു. സുധാകരനും സുധീരനും തമ്മിൽ വാക്കുതർക്കവുമുണ്ടായി.

എ ഗ്രൂപ്പിലെ എം.എം. ഹസനും കെപിസിസി പ്രസിഡന്റിന്റെ നിലപാടിനെ വിമർശിച്ചു രംഗത്തെത്തി. തുടർന്നു ബാബുവിനു രാഷ്ട്രീയ പിന്തുണ നൽകണമെന്ന് ഉമ്മൻ ചാണ്ടിയും പി.സി. ചാക്കോയും അടക്കമുള്ള കൂടുതൽ നേതാക്കൾ ആവശ്യപ്പെട്ടു. ഹൈക്കമാൻഡ് പ്രതിനിധികളായി രാഷ്ട്രീയകാര്യ സമിതിയിലുള്ള നേതാക്കളുടെ സമ്മർദം കൂടിയായതോടെ സുധീരനു വഴങ്ങുകയല്ലാതെ മറ്റു മാർഗമില്ലാതെയായി.


ശനിയാഴ്ച രാത്രി പത്തോടെയാണു രാഷ്ട്രീയകാര്യ സമിതി യോഗം സമാപിച്ചത്. തീരുമാനങ്ങൾ ഇന്നലെ രാവിലെ ഔദ്യോഗികമായി അറിയിക്കാമെന്നു രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ കൂടിയായ സുധീരൻ അറിയിച്ചിരുന്നു. കെ. ബാബുവിനു രാഷ്ട്രീയമായ പിന്തുണ നൽകുമെന്ന തീരുമാനം വി.എം. സുധീരൻ മാധ്യമങ്ങളെ അറിയിക്കണമെന്നു നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായില്ല. തിരുവനന്തപുരത്ത് ഇല്ലാതിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്നലെ രാവിലെ രണ്ടു തവണ ഫോണിൽ ബന്ധപ്പെട്ട് ബാബുവിന്റെ കാര്യം സുധീരൻ മാധ്യമങ്ങളെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ദിരാഭവനിലെത്തി സുധീരനോട് ആവശ്യം ഉന്നയിച്ചു.

തുടർന്നാണു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും രമേശ് ചെന്നിത്തലയും സുധീരനൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുക്കണമെന്ന നിർദേശമുയർന്നത്. ഇവരെക്കൂടി ഇരുത്തിയാണു കെ. ബാബുവിനു രാഷ്ട്രീയ പിന്തുണ നൽകുമെന്ന വിവരം സുധീരൻ മാധ്യമങ്ങളെ അറിയിച്ചത്.

മുഴുവൻ ഡിസിസി പ്രസിഡന്റുമാരെയും ആദ്യഘട്ട പുനഃസംഘടനയിൽ മാറ്റാനാണു ധാരണ. എത്രയും വേഗം പുതിയ ഡിസിസി അധ്യക്ഷന്മാരെ കണ്ടെത്തും. ഡിസിസികളിൽ നിലവിലുള്ള ജംബോ കമ്മിറ്റിയിൽ വരുത്തുന്ന മാറ്റം ഇതിനു ശേഷമാകും തീരുമാനിക്കുക. പിന്നീടു ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടനയിലേക്കു പോകും. അവസാനം കെപിസിസി പുനഃസംഘടന എന്ന നിർദേശമാണുള്ളത്. രാഷ്ട്രീയകാര്യ സമിതിയുടെ നിർദേശങ്ങൾ ഹൈക്കമാൻഡ് അംഗീകരിച്ചാൽ മാത്രമേ നടപ്പാക്കാൻ കഴിയുകയുള്ളൂ.

ശനിയാഴ്ച ചേർന്ന യോഗത്തിൽ ചർച്ച ചെയ്യാൻ കഴിയാതെപോയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി അടുത്ത മാസം മൂന്നിനു വീണ്ടും രാഷ്ട്രീയകാര്യ സമിതി യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.